Posts

Showing posts from 2008

ഒരു പ്രവാസിയ്ക്ക്, എന്റെ സാന്ത്വനക്കുറിപ്പ്..

ഒരു പകലിന്‍ നിലയ്ക്കാത്ത യാത്രയ്ക്കൊടുവിലീ, കരുത്തന്‍, സൂര്യനിന്നു വാടിത്തളര്‍ന്നുവോ? തണുവണിപ്പുലരിയില്‍ ഒരു കല്‍‌വിളക്കായ് തെളിഞ്ഞതും, തന്‍ ശോണിമപ്രഭയേകി പൂര്‍വ്വാംബരം തുടുപ്പിച്ചതും, ഇരുള്‍ കടന്നെത്തിയ ഭൂമി തന്‍, നിശ്വാസക്കാറ്റേറ്റു വാങ്ങി ചെറുമരങ്ങള്‍ പെയ്യവെ, കറുത്തയാമങ്ങളിലാരോ ചവിട്ടിമെതിച്ച, തളര്‍ന്ന പുല്‍ക്കൊടികളെ തഴുകിത്തലോടി അവരുടെ നിറുകയില്‍ വൈഡൂര്യമണിയിച്ചതും, ആ നനഞ്ഞ കപോലങ്ങളില്‍ മഴവില്ലു വിരിയിച്ചതും, പിന്നെ, ഒരു നീണ്ട യാത്രയ്ക്കൊരുങ്ങി, വിട പറയും മുന്‍പെ, തന്‍ കതിരൊളിയാലെ, സ്തന്യം തന്ന പുഴയെ പൊ‌ന്‍‌കസവണിയിച്ചതും നീ തന്നെയല്ലേ.. ഇരുട്ടിനെതിരെ, വെളിച്ചത്തില്‍ സ്രോതസ്സായി ഒരുപാട് ദൂരം താണ്ടി ഒടുവില്‍, മദ്ധ്യാഹ്നത്തിലേകനായ്, സ്വയം കത്തിയെരിഞ്ഞു നീറിപ്പിടഞ്ഞതും നീ തന്നെയല്ലേ.. പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍ അനിവാര്യം, ഇനിയുമൊരു വേര്‍പാടെന്നറിഞ്ഞിട്ടും, നൊമ്പരമടക്കി, എല്ലാം മറന്നവളുടെ കവിളില്‍ കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും അവളെ മോഹിനിയാക്കിയതും, നീ തന്നെയല്ലേ.. ഇന്നീ കടലിന്നടിത്തട്ടില്‍ തളര്‍ന്നു നീ വീഴുമ്പോള്‍ ഒന്നോര്‍ക്കുക- ഇ

നിലാവിന്റെ പൊയ്കയില്‍

നിലാവിന്റെ പൊയ്കയില്‍ നീരാടുവാന്‍ വന്നു ആരോരുമറിയാതെ പനിമതിപ്പെണ്‍കൊടി പൊയ്കയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മാറിലെ വെണ്‍‌മേഘച്ചേല ഞൊറിയഴിഞ്ഞു അവളുടെ കവിളിലെ ലജ്ജയിന്നെന്‍ സഖീ, നിന്‍ മിഴിയിണയില്‍ ഞാന്‍ കണ്ടുവല്ലോ അരികില്‍ ഞാനെത്തുമ്പോള്‍ ഓടിയകലും നിന്‍ കൊലുസ്സിന്റെ കൊഞ്ചല്‍ ഞാന്‍ കേട്ടതല്ലേ ഇന്നൊരു പനിനീര്‍പ്പൂ നീട്ടിയ നിന്‍ കൈയില്‍ എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം പനിനീര്‍ദലം തോല്‍ക്കും നിന്‍ പാദം പുണരുന്ന കൊലുസ്സെന്തേ കൊഞ്ചാന്‍ മറന്നുപോയോ? മിഴിയൊന്നുയര്‍ത്തി നീ നോക്കുകിലെന്നോര്‍ത്ത് പിടയും മനസ്സോടെ കാത്തുനില്‍ക്കെ നിൻ‌മിഴിയിണയിലെ പ്രണയമന്നഴകോലും കണ്‍പീലിയാല്‍ നീ മറച്ചതല്ലേ ഇന്നെന്റെ രാധയായ് മെയ് ചേര്‍ന്നുനില്‍ക്കുമ്പോള്‍ നിന്‍ കണ്ണില്‍ മോഹം തുളുമ്പിയല്ലോ.

ഓർക്കാൻ മറന്നുപോയ സ്വപ്നം

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ മനസ്സ് തുറന്നില്ല ഞാൻ പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന് ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ പ്രണയം മനസ്സിൽ തളിർക്കുന്നെന്ന് പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന് മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന് ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ മനസ്സ് തുറന്നില്ല ഞാൻ. ഓ:ടോ: ഈ വരികളൊന്ന് ഈണത്തിൽ പാടിക്കേൾക്കാൻ മോഹം..

ആരോടും പറയരുതെന്നു കരുതിയത്..

എന്റെയീ ജനാലയ്ക്കപ്പുറം മഴ പെയ്യുന്നുണ്ട് ഈ മഴയെന്നെ, വല്ലാതെ മോഹിപ്പിക്കുന്നല്ലോ എന്തേയിങ്ങനെ? എന്തേയിന്നു ഞാനിങ്ങനെ? ഇലകളില്‍ നൃത്തം വച്ച് പൂക്കളില്‍ ഇക്കിളിയുണര്‍ത്തി വരണ്ട മണ്ണിന്റെ മാറില്‍ കുളിരായ് പെയ്തിറങ്ങുന്ന ഈ മഴ, ഇന്ന് ഇതെന്നെ വല്ലാതെ മോഹിപ്പിക്കുന്നല്ലോ നിറുകയില്‍ ചുംബിച്ച് കണ്‍പീലികളെ നനച്ച് കവിളിലൂടൊഴുകി മേലാകെ കുളിരു തന്ന് നെഞ്ചിനുള്ളില്‍ സുഖമുള്ള ചൂടു തന്ന് ഈ മഴയെന്നെ നനച്ചെങ്കില്‍.. നോക്കിനോക്കിയിരിക്കെ മഴ പെയ്തു തോര്‍ന്നുപോയി ജനാലയ്ക്കപ്പുറം ഇരുള്‍ വന്നു മൂടിപ്പോയി മഴയില്‍ ഞാന്‍ നനഞ്ഞില്ല മഴയെന്നില്‍, കുളിരുള്ള ചൂടായ് പടര്‍ന്നില്ല വെറുതെ.. വെറുതെ, ഞാനാ ഇരുട്ടിലേയ്ക്കെന്റെ കൈയൊന്നു നീട്ടി എങ്ങുനിന്നോ, ഒരു മഴത്തുള്ളിയെന്റെ കൈയില്‍ വന്നു വീണു ഒരു നിധി പോലെ ഞാനതെന്‍ കവിളോടു ചേര്‍ത്തു അതെന്റെ കവിളില്‍ കുളിരായ് പടര്‍ന്നു, മേലാകെ മഴയായ് പെയ്തിറങ്ങി ആ മഴയില്‍, ഞാന്‍ എന്നെ മറന്നു ഇനിയൊരു സ്വകാര്യം പറയട്ടെ? ആരും കാണാതെ, ആകാശം കാണാതെ ആ മഴത്തുള്ളിയെ ഞാനെന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്, എന്നും, എന്നില്‍ മഴയായ് പെയ്തിറങ്ങാന്‍.

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം

(പാബ്ലോ നെരൂദയുടെ ‘Everyday you play' എന്ന വളരെ പ്രശസ്തമായ കവിതയുടെ ഒരു സ്വതന്ത്രപരിഭാഷയാണിത്. വാച്യാര്‍ത്ഥത്തേക്കാള്‍ ഞാന്‍ തേടിയത് കവിതയുടെ ആത്മാവിനെയാണ്. ഈ കവിത എന്റെ മനസ്സില്‍ ഒരു വസന്തമായ് വന്നിറങ്ങുകയായിരുന്നു. ആ പൂക്കാലം... അല്ല, അതില്‍ നിന്നൊരു പൂവെങ്കിലും നിങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെയീ പോസ്റ്റ് സഫലം.) ഓരോ ദിനവും ഈ പ്രപഞ്ചത്തിന്റെ പ്രകാശവുമായ് നീ കേളിയാടുകയാണ് നിഷ്കളങ്കയായ വിരുന്നുകാരീ, ഓരോ പൂവിലുംഓരോ മഞ്ഞുതുള്ളിയിലും നിന്നെ ഞാന്‍ കാണുന്നു എന്നും എന്റെ കൈകള്‍ക്കുള്ളില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്ന തുടുത്ത പഴങ്ങള്‍ പോലെ സുന്ദരമായ ഈ മുഖത്തേക്കാള്‍ നീ മ‌റ്റെന്തൊക്കെയോ ആണ്. നിന്നെ ഞാന്‍ പ്രണയിക്കുന്നു നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല ഈ മഞ്ഞപ്പൂക്കളുടെ മെത്തയില്‍ നിന്നെ ഞാന്‍ കിടത്തിക്കോട്ടെ? തെക്കന്‍‌നക്ഷത്രങ്ങള്‍ക്കിടയില്‍ ധൂമം കൊണ്ട് നിന്റെ പേരെഴുതിയതാരാണ്? നീ ജനിക്കും മുന്‍പേ തന്നെ നിന്നെ ഞാനറിഞ്ഞിരുന്നുവോ? എന്റെ ജനാലക്കല്‍ കാറ്റ് വീശിയടിക്കുന്നുണ്ട് ആകാശം നിഴലുകള്‍ കുരുങ്ങിയ വല പോലെയായിര

നെഞ്ചിനുള്ളിലെ കനല്‍

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌ ഉറങ്ങുമ്പോഴും ഉണരുമ്പോഴും ആ കനല്‍ എരിഞ്ഞു തന്നേയിരിക്കുന്നുണ്ട്‌ ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌ നനവാര്‍ന്ന മിഴിയിലും, വിറയാര്‍ന്ന ചുണ്ടിലും ഒരുചിരി ഞാനെന്നും അണിയാറുണ്ട്‌ ചൊരിയുന്ന ചിരിയിലും സ്നേഹമഴിയുന്ന മൊഴിയിലും കരള്‍ നീറിപ്പിടയുന്നതറിയാറുണ്ട്‌ നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌ ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌ കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌ നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌ പൊരിയുന്ന വെയിലിലും പൊള്ളുന്ന മണലിലും ഒരു തണല്‍ തേടി ഞാനലയാറുണ്ട്‌ ആരോ വിടര്‍ത്തിയ വെണ്‍കുടക്കീഴില്‍ ഞാന്‍ ‍ആരും ക്ഷണിക്കാതെ നില്‍ക്കാറുണ്ട്‌ പരിഹാസ്യമാവുന്ന നിമിഷങ്ങളൊക്കെയും ഹാസ്യമായ്‌ കണ്ടു രസിക്കാറുണ്ട്‌ നെഞ്ചിന്റെയുള്ളിലെ എരിയുന്ന കനലിനെ നെടുവീര്‍പ്പിനുള്ളില്‍ ഒളിക്കാറുണ്ട്‌ നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌ ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌ കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌ നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌ ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല എന്നിലെരിയുന്ന കനലിലെ തീ കെടുത്താന്‍ ‍ഇനിയുമൊരു പൂക്കാലമ

ഒരു ചിത്രകാരന്റെ പുനര്‍ജന്മം

ചിതറിക്കിടന്ന നിറങ്ങളുടെ നടുവില്‍, പാതിവരച്ച ചിത്രങ്ങളുടെയിടയില്‍, അയാള്‍ ചുരുണ്ടുകൂടിക്കിടന്നു, മറ്റൊരു അപൂര്‍ണ്ണചിത്രം പോലെ. വിശപ്പ്‌ അയാളിലെ ചിത്രകാരനെ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു. മയങ്ങിക്കിടക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്‌ അയാള്‍ വിശപ്പിന്റെ നിറത്തെക്കുറിച്ച്‌ ഓര്‍ത്തുനോക്കി. വിശപ്പിന്റെ നിറം കറുപ്പാണോ? അതല്ലെങ്കില്‍ വെളുപ്പ്‌. മറ്റൊന്നുമാവാന്‍ വഴിയില്ല. ദൂരെ വീണുകിടന്ന ഒരു ബ്രഷ്‌ കയ്യെത്തിച്ചെടുത്തു. കിടന്നുകൊണ്ടുതന്നെ ഏതൊക്കെയോ ചായങ്ങളില്‍ മുക്കി. പിന്നെ, അത്‌ ഭിത്തിയിലേയ്ക്ക്‌ വലിച്ചെറിഞ്ഞു. അത്‌ ഭിത്തിയില്‍ തട്ടിത്തെറിച്ച്‌ ചുറ്റും വൃത്തികെട്ട നിറങ്ങള്‍ തെറിപ്പിച്ച്‌, അയാളുടെ അരികില്‍ തന്നെ വന്നു വീണു. അയാള്‍ക്ക്‌ ആ ബ്രഷിനോട്‌ അറപ്പു തോന്നി. ഇത്രയും നല്ല വര്‍ണ്ണങ്ങളില്‍ മുങ്ങിയിട്ടും, ഒരു വൃത്തികെട്ട നിറമല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത അശ്രീകരം..ഫൂ. അയാള്‍ മുഖം തിരിച്ച്‌ കണ്ണടച്ചു കിടന്നു. മുറിയിലുള്ള സകല ബ്രഷുകളെയും അയാള്‍ വെറുത്തു. വൃത്തികെട്ട ജന്മങ്ങള്‍. എല്ലാം കൂട്ടിയിട്ട്‌, തീയിട്ടു കളയണമെന്നു തോന്നി. ഒരു ചിത്രമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴ

ഇലഞ്ഞിപ്പൂവിന്റെ നൊമ്പരം

കൊഴിഞ്ഞു വീണ ഇലകളെയും, ഇലഞ്ഞിപ്പൂക്കളെയും നോവിക്കാതെ, നിഴല്‍ വീണ വഴിയിലൂടെ മെല്ലെ നടന്നു. കായല്‍പ്പരപ്പിനു മുകളിലൂടെ ഒഴുകിയെത്തിയ കാറ്റിന്‌ ഡിസംബറിന്റെ, സുഖമുള്ള കുളിര്‌. സാരിത്തലപ്പെടുത്തു പുതച്ച്, കൈകള്‍ കവിളില്‍ ചേര്‍ത്തുനടക്കുമ്പോള്‍, ആ കുളിര് മേലാകെ ഒരു ലഹരിയായ് പടരുന്നതറിഞ്ഞു. വഴിയരികിലെ ചാരുബഞ്ചുകളിലൊന്നും ആരേയും കണ്ടില്ല. പുല്ലിനു മീതെ വീണുകിടന്ന ഇലഞ്ഞിപ്പൂക്കള്‍ കൈവെള്ളയിലെടുത്ത്‌ മണത്തുനോക്കി. ഈ നേരിയ കുളിരില്‍ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിന്‌ വല്ലാത്തൊരു വശ്യതയുണ്ട്‌. വശ്യമായ ഈ സുഗന്ധം പൂവിന്റെയുള്ളില്‍ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? സൈക്കിളില്‍ എതിരേ വന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആ പൂക്കള്‍ എറിഞ്ഞുകൊടുത്തു. അവള്‍ ഒന്നു ചിരിച്ച്‌, കൈവീശിക്കാണിച്ച്‌ കടന്നു പോയി. വഴിയോരത്തെ ഇലഞ്ഞിമരങ്ങള്‍ പിന്നിട്ട്‌, ഒഴിഞ്ഞ ചാരുബഞ്ചുകള്‍ പിന്നിട്ട്‌, പിന്നെയും നടന്നു. പണ്ടും ഈ വഴിലൂടെ പലപ്പോഴും നടന്നിട്ടുണ്ട്‌. ഈ നിഴലുറങ്ങുന്ന വഴിക്ക്‌ എന്തോ പ്രത്യേകതയുണ്ട്‌. ഇവിടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരശബ്ദം മാത്രമേയുള്ളൂ. വെളിച്ചം കാണിക്കാതെ, മയില്‍പ്പീലികണക