ഇലഞ്ഞിപ്പൂവിന്റെ നൊമ്പരം

കൊഴിഞ്ഞു വീണ ഇലകളെയും, ഇലഞ്ഞിപ്പൂക്കളെയും നോവിക്കാതെ, നിഴല്‍ വീണ വഴിയിലൂടെ മെല്ലെ നടന്നു. കായല്‍പ്പരപ്പിനു മുകളിലൂടെ ഒഴുകിയെത്തിയ കാറ്റിന്‌ ഡിസംബറിന്റെ, സുഖമുള്ള കുളിര്‌. സാരിത്തലപ്പെടുത്തു പുതച്ച്, കൈകള്‍ കവിളില്‍ ചേര്‍ത്തുനടക്കുമ്പോള്‍, ആ കുളിര് മേലാകെ ഒരു ലഹരിയായ് പടരുന്നതറിഞ്ഞു. വഴിയരികിലെ ചാരുബഞ്ചുകളിലൊന്നും ആരേയും കണ്ടില്ല.

പുല്ലിനു മീതെ വീണുകിടന്ന ഇലഞ്ഞിപ്പൂക്കള്‍ കൈവെള്ളയിലെടുത്ത്‌ മണത്തുനോക്കി. ഈ നേരിയ കുളിരില്‍ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിന്‌ വല്ലാത്തൊരു വശ്യതയുണ്ട്‌. വശ്യമായ ഈ സുഗന്ധം പൂവിന്റെയുള്ളില്‍ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? സൈക്കിളില്‍ എതിരേ വന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആ പൂക്കള്‍ എറിഞ്ഞുകൊടുത്തു. അവള്‍ ഒന്നു ചിരിച്ച്‌, കൈവീശിക്കാണിച്ച്‌ കടന്നു പോയി.


വഴിയോരത്തെ ഇലഞ്ഞിമരങ്ങള്‍ പിന്നിട്ട്‌, ഒഴിഞ്ഞ ചാരുബഞ്ചുകള്‍ പിന്നിട്ട്‌, പിന്നെയും നടന്നു. പണ്ടും ഈ വഴിലൂടെ പലപ്പോഴും നടന്നിട്ടുണ്ട്‌. ഈ നിഴലുറങ്ങുന്ന വഴിക്ക്‌ എന്തോ പ്രത്യേകതയുണ്ട്‌. ഇവിടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരശബ്ദം മാത്രമേയുള്ളൂ. വെളിച്ചം കാണിക്കാതെ, മയില്‍പ്പീലികണക്കെ മനസ്സിനുള്ളില്‍ സൂക്ഷിച്ച പ്രണയത്തിന്റെ സ്വപ്നങ്ങളെയും, നൊമ്പരങ്ങളേയും താലോലിച്ച്‌ ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാന്‍ കഴിയാതെ മനസ്സിലുണ്ട്. ഇതിലേ നടന്നാല്‍ ചെന്നെത്തുന്നത്‌ കോളേജിന്റെ മുന്നിലാണ്. ചുറ്റിത്തിരിഞ്ഞ്‌ ഇതുവഴി കോളേജിലേക്ക്‌ കടക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. എന്നിട്ടും, തനിക്കു മാത്രം എന്നും ഈ വഴി ഏറെ പ്രിയപ്പെട്ടതായിരുന്നു.


ഒരിക്കല്‍ മാത്രം ശ്രീനിയോടൊപ്പം ഈ വഴിയിലൂടെ നടന്നിട്ടുണ്ട്‌. ശ്രീനിയെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു, ഇത്രയും നാളും. എന്നിട്ട്‌, വീണ്ടും കഴിഞ്ഞതെല്ലാം ഓര്‍ക്കാന്‍ വേണ്ടിയാണോ, ഇവിടെ വന്നത്‌? വരേണ്ടിയിരുന്നില്ല. നാളെ ആരോ ഒരാള്‍ തന്നെ കാണാന്‍ വരുന്നുവെന്ന് അമ്മ എഴുതിയിരുന്നു. എതിരൊന്നും പറഞ്ഞില്ല. ഇനിയും ആര്‍ക്കു വേണ്ടിയും കാത്തിരിക്കാനില്ലല്ലോ. ജോലി ചെയ്യുന്ന പത്രമാഫീസില്‍ രണ്ട്‌ ദിവസം ലീവ്‌ കൊടുത്ത്‌, ആരോടും ഒന്നും പറയാതെ പോന്നു. വരുന്ന ചെറുപ്പക്കാരന്‌ തന്നെ ഇഷ്ടമായാല്‍ പിന്നെ ഈ ഇലഞ്ഞിപ്പൂക്കളും, നിഴലുറങ്ങുന്ന വഴികളുമൊക്കെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രമായ്‌ മാറും. മുംബൈയിലെ ഏതോ ഒരു ഫ്ലാറ്റിലേയ്ക്ക്‌ ജീവിതം പറിച്ചുനടുമ്പോള്‍ ഈ ഓര്‍മ്മകളെ കൂടെക്കൊണ്ടുപോകാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ. ഓര്‍മ്മകളിലും, ഇലഞ്ഞിപ്പൂവിന് ഇതേ സുഗന്ധം കാണുമോ?


ശ്രീനിയെ എന്നു മുതല്‍ക്കാണ്‌ ശ്രദ്ധിച്ചുതുടങ്ങിയതെന്നറിയില്ല. കോളേജിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ശ്രീനിയുടെ സാന്നിദ്ധ്യം കണ്ടിരുന്നു. പ്രസന്നമായ മുഖവും, വിടര്‍ന്ന ചിരിയും എപ്പോഴോ അറിയാതെ മനസ്സില്‍ പതിഞ്ഞു. ആരാധന മെല്ലെ മെല്ലെ, മനസ്സിനുള്ളില്‍ പ്രണയമായ്‌ മാറുന്നത്‌ തനിക്കുപോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നാര്‍ക്കും കയറിവരാന്‍ കഴിയാത്ത തരത്തില്‍ അതിരുകള്‍ സ്വയം കെട്ടിപ്പൊക്കിയ മനസ്സില്‍ പ്രണയം തളിരിടുന്നത്‌ ആദ്യം കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചു. പക്ഷെ, കഴിഞ്ഞില്ല.


പിന്നീടൊരിക്കല്‍ ആരോ പറഞ്ഞു, ശ്രീനി വിവാഹിതനാവുകയാണെന്ന്. മനസ്സു തകര്‍ന്നു പോയി. നേര്‍ക്കു നേരെ കാണാതിരിക്കാന്‍ ഒരുപാടു ശ്രമിച്ചു. ലൈബ്രറിയുടെ ഇടനാഴിയില്‍ വച്ച്‌ തന്റെ നിറഞ്ഞ കണ്ണുകളില്‍ നോക്കി, ശ്രീനി പറഞ്ഞു, " വിഷമിക്കരുത്‌, ഞാനൊന്നും അറിഞ്ഞിരുന്നില്ല..ദയവു ചെയ്ത്‌ വിഷമിക്കരുത്‌.."


ഒന്നു മാത്രം ചോദിച്ചു, " ഞാനൊരിക്കല്‍ വന്നോട്ടെ, ശ്രീനിയുടെ പെണ്‍കുട്ടിയെക്കാണാന്‍?"

"വന്നോളൂ. പക്ഷെ, നീ കരയില്ലെന്നു എനിക്കു വാക്കു തരണം."

പിന്നെ ദിവസങ്ങളോളം ശ്രീനിയെ കണ്ടില്ല. വിവാഹം കഴിഞ്ഞുവെന്നറിഞ്ഞു. ശ്രീനി പിന്നെ കോളേജിലേയ്ക്ക്‌ വന്നതേയില്ല. ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി. ഒന്നു കണ്ടാല്‍ മാത്രം മതിയായിരുന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഹോസ്റ്റലില്‍ തനിച്ചിരുന്നു, പകല്‍ മുഴുവനും. ആരുടെയും ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല.


എന്തിന്‌ ശ്രീനിയെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു, എന്നറിയില്ല. ശ്രീനിയുടെ വീട്‌ കണ്ടുപിടിക്കാന്‍ ഏറെ പണിപ്പെട്ടു. അതിലൊന്നും തോന്നിയില്ല. മനസ്സ്‌ ശരീരത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതു പോലെ തോന്നി. മുടി പാറിപ്പറന്നതും വിയര്‍‌ത്തൊലിച്ചതുമൊന്നും അറിഞ്ഞില്ല. വാതില്‍ തുറന്നത്‌ ശ്രീനിയാണ്‌. തന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു നിമിഷം പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.


"ഇരിക്കൂ.. ഞാന്‍ ശ്യാമയെ വിളിക്കാം."

പെട്ടെന്നു പറഞ്ഞു, "വേണ്ട, ഞാന്‍ അകത്തു ചെന്നു കാണാം."
അകത്തേയ്ക്കു കടക്കേണ്ടി വന്നില്ല. ശ്യാമ വാതിലിന്നരികില്‍ത്തന്നെയുണ്ടായിരുന്നു. ശ്യാമയുടെ കയ്യില്‍ ഒന്നു തൊട്ടു. ചിരിക്കാന്‍ ശ്രമിച്ചു.
"ഞാന്‍.. ഞാന്‍.." വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.
എന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ച്, ഒരു മന്ത്രം പോലെ അവള്‍ പറഞ്ഞു,"എല്ലാം എനിക്കറിയാം. വിഷമിക്കരുത്‌.. എത്ര സ്നേഹിച്ചിരുന്നുവെന്ന് എനിക്കു മനസ്സിലാവുന്നുണ്ട്‌. പക്ഷെ.. പക്ഷെ.. എനിക്കു വേറെയാരുമില്ല, ശ്രീയേട്ടനല്ലാതെ.."
ശ്യാമയുടെ കണ്ണുനീര്‍ തന്റെ തോളില്‍ നനഞ്ഞിറങ്ങുന്നത്‌ ഞെട്ടലോടെ അറിഞ്ഞു. അവള്‍ കരയുകയായിരുന്നു, കരച്ചിലിന്റെ ഒരു നേരിയ ശബ്ദം പോലും കേള്‍പ്പിക്കാതെ. ഒരു നിമിഷം സ്തബ്ധയായിപ്പോയി.
"എന്നോട്‌ പൊറുക്കണം. ഞാന്‍ ഒന്നും ഓര്‍ത്തില്ല. ആരെക്കുറിച്ചും ഓര്‍ത്തില്ല..ഞാന്‍ വരാന്‍ പാടില്ലായിരുന്നു." കണ്ണീരടക്കാന്‍ ശ്രമിച്ചില്ല. അതു കഴിയില്ലെന്നറിയാമായിരുന്നു.

ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റിനും ഇരുട്ട്‌ പരന്നിരുന്നു. ചാരുബഞ്ചില്‍ എപ്പോഴാണ്‌ ഇരുന്നത്‌? വല്ലാത്ത ഭയം തോന്നി. ഇരുട്ടില്‍ ഇലഞ്ഞിമരങ്ങള്‍ ആകാശംമുട്ടെയുള്ള ഭൂതങ്ങള്‍ പോലെ തോന്നി. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തിനു കുളിര്‍മ്മ തോന്നിയില്ല. ആവുന്നത്ര വേഗത്തില്‍ നടന്നു. ആരോ പിന്നാലെ നടന്നടുക്കുന്നതു പോലെ. വഴിയില്‍ തങ്ങിനിന്ന നിശ്ശബ്ദത വല്ലാതെ ഭയപ്പെടുത്തി. അല്‍പം മുന്‍പു വരെ താന്‍ സ്നേഹിച്ചിരുന്ന നിഴലുറങ്ങുന്ന, ഇലഞ്ഞിപ്പൂക്കള്‍ വീണുകിടന്ന, വഴിതന്നെയല്ലേ, ഇത്‌?


വീട്ടിലെത്തിയ പാടെ നേരെ കുളിമുറിയില്‍ കയറി, വസ്ത്രം പോലും മാറ്റാന്‍ നില്‍ക്കാതെ ഷവര്‍ തുറന്നു. തണുത്ത വെള്ളം നിറുകയിലൂടെ ഒഴുകിയിറങ്ങി. വസ്ത്രങ്ങള്‍ നനഞ്ഞൊട്ടി.ഷവറിനടിയില്‍ എത്രനേരം നിന്നു, എന്നോര്‍മ്മയില്ല. ശരീരം തണുത്തുവിറച്ചു. അപ്പോഴും മനസ്സു പൊള്ളുകയായിരുന്നു.


അതിരാവിലെ തന്നെ ഉണര്‍ന്നു. എത്രയും പെട്ടെന്നു തിരിച്ചുപോകണമെന്നു മനസ്സു പറഞ്ഞു. ഒന്നും ആലോചിച്ചില്ല. വേഗം ഒരുങ്ങി. ബാഗില്‍ എല്ലാം എടുത്തുവച്ചു."നീയെവിടെയ്ക്കാ, ഇത്ര രാവിലെ? അവരു വരുമ്പൊ നീയിവിടെ ഉണ്ടാവണം, അറിയാല്ലോ?" അമ്മയുടെ മുഖത്ത്‌ വ്യസനവും വേവലാതിയും ഒരുപോലെ.

മുഖത്തു നോക്കാതെ പറഞ്ഞു, " അവരോട്‌ എന്തെങ്കിലും കാരണം പറഞ്ഞോളൂ.. എനിക്കു വയ്യ.. "
"വയ്യേ?! എന്താ നീയീ പറേണെ? ഇതു എത്രാമത്തെ ആലോചനയാണെന്നറിയ്യോ, നിനക്ക്‌? വേണ്ടെങ്കില്‍ വേണ്ട. അവരൊന്നു വന്നു പൊയ്ക്കോട്ടെ. ഒക്കെ എന്റെ തലേലെഴുത്ത്‌". അമ്മ കണ്ണീരൊപ്പി." എനിക്കു കഴിയണില്ല, അമ്മേ. വെറുതെ ഒരാളുടെ ജീവിതം ഞാനായിട്ട്‌...."

ഗെയിറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടു. ആരൊക്കെയോ ഉമ്മറത്തേയ്ക്ക്‌ കയറിവന്നു. അമ്മ ഓടിച്ചെന്ന് അവരെ ക്ഷണിച്ചിരുത്തി. എന്തൊക്കെയൊ സംസാരിക്കുന്നതുകേട്ടു. അമ്മാവന്‍ അരികില്‍ വന്നു പറഞ്ഞു,

" നീയങ്ങോട്ടു ചെല്ല്.. ഒക്കെ അവരു പറയും.. പിന്നെ ഒരു കാര്യം. നിനക്കു വയസ്സു മുപ്പതു കഴിഞ്ഞൂന്ന കാര്യം മറക്കണ്ട.."

എല്ലാം അതോടെ അവസാനിപ്പിക്കണമെന്നു തോന്നി. ഉമ്മറത്തേയ്ക്കു ചെന്നു. ഒരു മദ്ധ്യവയസ്കനെ ചൂണ്ടിക്കാട്ടി അമ്മാവന്‍ പറഞ്ഞു, "ഇതാണ്‌ ചെറുക്കന്‍. ബോംബേലാണ് ജോലി. കൂടുതല്‍ എന്താണെന്നുവച്ചാ, നീ തന്നെ ചോദിച്ചോളൂ.”


മദ്ധ്യവയസ്ക്കന്‍‍ വിരസമായൊരു നോട്ടം അവളുടെ നേര്‍‌ക്കെറിഞ്ഞു.

" എന്തെങ്കിലും ചോദിക്കണമെങ്കില്‍ ആവാം. പോകാന്‍ തിരക്കുണ്ട്‌. ഹോസ്പിറ്റലില്‍ പോകണം, ഇവനെ ഒന്നു ഡോക്ടറെ കാണിക്കാന്‍. ങാ, പറഞ്ഞില്ലല്ലോ. മകനാണ്‌. തള്ളയില്ലാതെ വളര്‍ന്നതാ.. തല്ലിയാലും നേരേയാവില്ല. കാലു മുഴുവന്‍ പഴുത്തുപൊട്ടി. മരുന്നു വച്ചു കെട്ടണം. അവിടെ ചെന്നാല്‌ മരുന്നു വാങ്ങാനൊന്നും നേരം കിട്ടീന്നു വരില്ല." അയാള്‍ പറഞ്ഞു.

അരികിലിരുന്ന ആണ്‍കുട്ടി ഭയത്തോടെ അയാളെ നോക്കി. പിന്നെ കൈകൊണ്ട്‌, വീങ്ങിയ കാല്‍ മറയ്ക്കാന്‍ ശ്രമിച്ചു. കാലില്‍ അടികൊണ്ടതിന്റെ വ്രണങ്ങള്‍.

"കൈകൊണ്ട് തൊടല്ലേ, അസത്തേ.." അയാള്‍ അവന്റെ ചെവിയില്‍ പറഞ്ഞു.

ഒക്കെ കേട്ടു നിന്നു. പിന്നെ, അകത്തു ചെന്നു അമ്മയോട്‌ പറഞ്ഞു,

“എനിക്കു സമ്മതമാണെന്നു പറഞ്ഞേയ്‌ക്കൂ. അവന്‌ വേറെയാരുമില്ല.."

Comments

വളരെ നല്ല കഥ. ശരിക്കും ഒഴുക്കോടെ വായിച്ചു.
ശ്രീ said…
നന്നായിരിയ്ക്കുന്നു, ചേച്ചീ.
വ്യത്യസ്തതയുള്ള മറ്റൊരു കഥ. ഇലഞ്ഞിപ്പൂക്കളുടെ നൊമ്പരം വായനക്കാരുടേതു കൂടിയാകുന്നു.
:)
നല്ല രചന... വ്യത്യസ്തതയുള്ള ശൈലി.

ആശംസകള്‍...
Murali K Menon said…
ചിലപ്പോള്‍ പലരും ജീവിതത്തില്‍ പ്രതികരിക്കുന്നത് ആത്മപീഡനത്തിലൂടെയാണ്.
കഥ വായിച്ചുകൊണ്ടിരുന്നപ്പോള്‍ കഥാകാരി രാജലക്ഷ്മിയെ ഓര്‍ത്തുപോയി. എവിടെയൊക്കെയോ സമാനതകള്‍.
വാല്‍മീകി : സന്തോഷമുണ്ട്. നന്ദി.

ശ്രീ : എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കറുണ്ട്. വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാട് നന്ദി.

ഹരിശ്രീ : നന്ദി.

മുരളിമേനോന്‍ : രാജലക്ഷ്മിയുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. തീര്‍ച്ചയായും വായിക്കാം. വന്നതിനും എഴുതിയതിനും നന്ദി.
ഇലഞ്ഞിപ്പ്പൂക്കളുടെ നൊമ്പരം മനസ്സിലേക്കൊഴുകുന്നപോലെ...
വളരെ ഇഷ്ടപ്പെട്ടു ഈ കഥ..
ഇതുവരെ എഴുതിയ രചനകളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കുന്നു.
കഥയുടെ അന്ത്യം ഈ രചനയുടെ ഡെപ്ത് കൂട്ടിയിരിക്കുന്നു എന്ന് വേണം പറയുവാന്‍
എല്ലാ രചകളെയും പോലെ തന്നെ, ആസ്വദിക്കുവാന്‍ പല തവണ വായിച്ചു.,
നന്നായിരിക്കുന്നു..
വളരെയധികം ഇഷ്ടപ്പെട്ടു, എഴുത്തിന്റെ ശൈലിയും പിന്നെ അവസാന വരികളും...
ഇലഞ്ഞിപ്പൂവെന്ന് കണ്ട് കയറി വന്നതാ ശെരിക്കും എന്തോ ഒരു ഫീ‍ല്‍ ആയിപ്പോയി ..എല്ലാവരും പറയാറുണ്ട് എന്റെ ബ്ലോഗുകളിലൊക്കെ ഒരു ഇലഞ്ഞിപൂമണമാണെന്ന് പക്ഷെ ആ ദിവ്യ സുഗന്ധം ഞാന്‍ ആസ്വധിച്ചത് ഈ വരികളിലൂടെയാ
ഇലഞ്ഞിപ്പൂമണമൊഴുകിവരും ഇന്ദ്രിയങ്ങളിലതുപടരും..
ശെരിയാ വിചനതയില്‍ കാറ്റിന്റെ മര്‍മ്മരം വല്ലാതെ എന്നെ തഴുകുന്നൂ.
എഴുത്തിന്റെ ശൈലിയും അതിന്റെ കാവ്യത്മകതയും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു കെട്ടൊ..
കാരണം ഒരു ഗൃഹാതുരതയെന്നൊ ഓര്‍മതന്‍ താരാട്ട് എന്നോ പറയാം ചിലപ്പോള്‍ ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍ കൊണ്ട് മുറിവേറ്റ മനസ്സിന്റെ വിങ്ങലായിരിയ്ക്കാം..
എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
മനസ്സില്‍ എന്നും പുതുമഴയായ്
ഓര്‍മ്മകളിലേ വാടാമലരുകളായ്
തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
കാണാകനിയത്രെ.
മെയ്മാസത്തില്‍ ഒഴുകും മഞ്ഞുപോലെ
അക്ഷരങ്ങളില്‍ തീര്‍ത്തൊരീ.....സ്പന്ദനങ്ങള്‍
ഒരു പ്രണയ താരാട്ടിന്‍ ഓര്‍മ്മകളിലേക്ക്
എന്നെ കൈ പിടിച്ച് നടത്തുകയാണ്‌

ആശംസകള്‍ കൂടെ ഒരു വാലന്റേന്‍സ് ഡേയും നേരുന്നൂ.
Anonymous said…
അവസാന ഇഷ്ടമായി.... പിന്നെ ഈ വിവരണവും...

"ചുറ്റിനും ഇരുട്ട്‌ പരന്നിരുന്നു. ചാരുബഞ്ചില്‍ എപ്പോഴാണ്‌ ഇരുന്നത്‌? വല്ലാത്ത ഭയം തോന്നി. ഇരുട്ടില്‍ ഇലഞ്ഞിമരങ്ങള്‍ ആകാശംമുട്ടെയുള്ള ഭൂതങ്ങള്‍ പോലെ തോന്നി. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തിനു കുളിര്‍മ്മ തോന്നിയില്ല. ആവുന്നത്ര വേഗത്തില്‍ നടന്നു. ആരോ പിന്നാലെ നടന്നടുക്കുന്നതു പോലെ. വഴിയില്‍ തങ്ങിനിന്ന നിശ്ശബ്ദത വല്ലാതെ ഭയപ്പെടുത്തി. അല്‍പം മുന്‍പു വരെ താന്‍ സ്നേഹിച്ചിരുന്ന നിഴലുറങ്ങുന്ന, ഇലഞ്ഞിപ്പൂക്കള്‍ വീണുകിടന്ന, വഴിതന്നെയല്ലേ, ഇത്‌?"

നന്നായി മാഡം...നന്നായി.... തുടരുക......

യാഥാസ്ഥിതികന്‍
G.MANU said…
ഓര്‍മ്മകള്‍ക്കപ്പുറത്തുണ്ടോരിലഞ്ഞിയും
ഓമനച്ചുണ്ടിലെ പുഞ്ചിരിയും...
പാതിരാക്കാറ്റിന്‍‌റെ പാദസരങ്ങളും
പാര്‍വ്വണസന്ധ്യതന്‍ പൂങ്കവിളും..

കഥ വായിച്ചപ്പോള്‍ ചുമ്മാ എശുതിയതാ ചേച്ചീ...

ഇലഞ്ഞിപ്പൂവിന്‍‌റെ മണമുള്ള കഥ...
വായിച്ചു :)
പ്രിയക്കുട്ടീ, വന്നതിനും വായിച്ചതിനും നന്ദി. :)

ഗോപന് നന്ദി പറയുന്നു. ഇത്ര താല്പര്യത്തോടെ വായിക്കുന്നു എന്നത് കൂടുതല്‍ നന്നായി എഴുതാന്‍ പ്രേരിപ്പിക്കുന്നു.

പൊറാടത്ത്: സ്നേഹതീരത്തിലേയ്ക്കു സ്വാഗതം :) അഭിപ്രായങ്ങള്‍ എഴുതിയതിനു നന്ദി. കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

സജി : സജിയോട് എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. ഒരുപാട് നന്ദി, സജീ.

ബലിതവിചാരം: ഒരുപാട് നന്ദി.

ഇത്തിരിവെട്ടം : വന്നതിന്, അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരുപാടു നന്ദി.

മനു : കവിത അസ്സലായീ, ട്ടോ :) നന്ദി.

തറവാടി : വന്നതിനും ഒരു പുഞ്ചിരി തന്നതിനും ഒരുപാട് നന്ദി. :)
ഈ സ്നേഹതീരത്ത്,
ഇലഞ്ഞിപ്പൂമരച്ചോട്ടില്‍ വരാന്‍ താമസിച്ചു..
മോശമായില്ല..

ആശംസകള്‍ !
വഴിപോക്കന്‍ : വന്നതിന്, വായിച്ച് അഭിപ്രായം പറഞ്ഞതിന്‌ നന്ദി :)
നന്നായിട്ടുണ്ട് ചേച്ചീ, ആശംസകള്‍
:)
വളരെ നന്നായിരിക്കുന്നു ചേച്ചി..മനസ്സില്‍ പിടിച്ച കഥ..കൊച്ചിയില്‍ സുഖം തന്നെയല്ലേ ...ഒരു സംശയം .. ഇത്ര നന്നായി എങ്ങനെ എഴുതാന്‍ സാധിക്കുന്നു.എന്നെ കൂടെ പഠിപ്പിക്കൂ ആ മാന്ത്രിക വിദ്യ
മഞ്ജു കല്യാണി : സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം :) അഭിനന്ദനത്തിനു നന്ദി.

കാപ്പിലാന്‍: സ്നേഹതീരത്തിലേയ്ക്കു സ്വാഗതം. ഇവിടെ കൊച്ചിയില്‍ സുഖം തന്നെ :) ഞാന്‍ എഴുതുന്നത് ഇഷ്ടമാവുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. മാന്ത്രികവിദ്യ പറഞ്ഞുതരാം,ട്ടോ.
പക്ഷെ, ഇക്കാര്യം വേറെയാരോടും പറഞ്ഞേക്കല്ലേ. :)
Unknown said…
വളരെ മനോഹരമായിട്ടുണ്ട്‌ ഇയാളുടെ ഭാവനകള്‍ ഒരു നദിപോലെയുണ്ട്‌
KRISHNANUNNI said…
ഹൃദയത്തെ സ്പർശിക്കാൻ കഴിഞ്ഞു..അഭിനന്ദനങ്ങൾ ചേച്ചീ..
nombarapeduthy..elanjipoovu

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം