Saturday, October 26, 2013

ഒരു താളമില്ലാപ്പാട്ട്

(മഹാരാജാസ് കോളേജിലെ എന്റെ കൂട്ടുകാര്‍ക്ക് ...)

പെയ്തിട്ടും പെയ്തിട്ടും തോരാതെ പിന്നെയും
വിങ്ങുന്നതെന്തേ മുകിലിന്‍ ഹൃദന്തമേ
പെയ്തൊഴിയാതെയോരായിരം ഓര്‍മ്മകള്‍ 
സ്പന്ദിക്കയാണിന്നീ കൊട്ടാരക്കെട്ടിലും

ഈറന്‍ പുലരിതന്‍  നനവാര്‍ന്ന, നേരിയ 
നിഴല്‍ വീണുറങ്ങും ഇടനാഴികള്‍
പരിഭവം പറഞ്ഞും കനവുകള്‍ നെയ്തും 
കൊക്കുരുമ്മി കുറുകീ, ഇണപ്രാവുകള്‍ 
എന്നിട്ടുമെന്നിട്ടും, നൊമ്പരക്കിളികളായ് 
തമ്മില്‍ പിരിഞ്ഞു  പറന്നകന്നു 

ഒരിക്കലും പിരിയില്ലെന്നോതി, പ്രേമാര്‍ദ്രമായ് 
കൊരുത്ത വിരലുകള്‍ എന്തേയകന്നുപോയ് 
മറക്കുവാനായീടുമോ ആദ്യാനുരാഗവും 
ആദ്യമായ് തളിര്‍ത്തൊരാ മോഹങ്ങളും 
മായികലോകത്തിന്‍ ജാലങ്ങളില്‍ നാം 
ആ സ്നേഹമന്ത്രങ്ങള്‍ മറന്നുപോയോ 

എത്രയോ  വര്‍ണ്ണങ്ങള്‍ പാറിപ്പറന്നതും  
എത്രയെത്ര ചിന്തകള്‍ മാറ്റുരച്ചതും  
ക്ഷുഭിത മനസ്സുകളില്‍ കവിത ജ്വലിച്ചതും  
പ്രൌഢമീ രാജാന്കണം സാക്ഷിയല്ലേ 
അന്നു നാമൊന്നായ് ചേര്‍ന്ന് തീര്‍ത്ത വസന്തകാലം  
ഇന്നുമെന്‍ മനസ്സിലെ തിരുമധുരം 

Tuesday, July 6, 2010

ഭയം

ഇരുട്ടിന്റെ കട്ടി കൂടാന്‍ കാത്തിരുന്നു. നാലും കൂടിയ കവലയില്‍ നിന്നും ആളുകള്‍ പിരിഞ്ഞു തുടങ്ങി. ആരുടേയും നോട്ടം പെടാതെ മുറുക്കാന്‍ കടയിലും, വായനശാലയുടെ തിണ്ണയിലുമൊക്കെയായി തങ്ങി നിന്നു. ചായക്കട പൂട്ടി വാതിക്കല്‍ തൂക്കിയിട്ട പെട്രോമാക്‍സ് അണയ്ക്കാന്‍ തുടങ്ങുമ്പോള്‍ വറുതു മാപ്ല ചോദിച്ചു, “ നിയ്യെന്താ നിന്ന് പര്ങ്ങണത്? വീട്ടീപ്പോണില്ലേ?...”
“ഉം. പോകേണ്..” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
“എന്നാ വാ..” വറുതുമാപ്ല ടൊര്‍‌ച്ചു തെളിച്ച് മുമ്പേ നടന്നു.
വരുന്നില്ലയെന്നു പറയാനുള്ള ധൈര്യം വന്നില്ല. പതിയെ പിന്നാലെ നടന്നു. വറുതുമാപ്ല എന്തൊക്കെയോ ചോദിച്ചു. മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. വരമ്പത്തേക്ക് കയറിയപ്പോള്‍ നടത്തം മെല്ലെയാക്കി. വറുതുമാപ്ലയുടെ ശബ്ദം അകന്നകന്നു പോയി. ടോര്‍‌ച്ചിന്റെ വെട്ടവും ഒരു പൊട്ടുപോലെയായി, മെല്ലെ കണ്ണില്‍ നിന്നും മറഞ്ഞു.


പിന്നെ തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. ഇടവഴി കടന്ന്, കൊയ്ത്തു കഴിഞ്ഞ പാടം കടന്ന്, കൈതക്കാടിനിടയിലൂടെയുള്ള കുറുക്കു വഴി കടന്ന് സേവ്യറുമാഷിന്റെ വീട്ടിനു പിന്നിലെത്തുമ്പോള്‍ ആകാശത്ത് ഒരൊറ്റ നക്ഷത്രം പോലുമില്ല.കറുത്ത ആകാശം. ഇതു തന്നെയാണ് വേണ്ടത്. മനസ്സില്‍ പറഞ്ഞു.


വേലിക്കെട്ടില്‍ കൈ വച്ചു. ഇല്ലിമുള്ളിന്റെ രുചിയറിഞ്ഞു. വേദനയല്ല, ഒരുതരം പുകയുന്ന നീറ്റല്‍. എന്നിട്ടും വേലിയോടു ചേര്‍ന്നു നിന്നു. പിന്നെയും എവിടെയൊക്കെയോ മുള്ളുകള്‍ തറഞ്ഞു. വേലിപ്പത്തലിനിടയ്ക്ക് പാമ്പെങ്ങാനും കാണുമോ? ഏയ്, അതൊന്നും കാണില്ല. സ്വയം ധൈര്യപ്പെടുത്തി.


അടുക്കളഭാഗത്ത് സേവ്യറുമാഷിന്റെ ഘനമുള്ള ശബ്ദം കേട്ടു. ആരെയോ ശാസിച്ചതാണ്. ശ്വാസമടക്കി നിന്നു. പിന്നെയും കുറെ സമയം കടന്നു പോയി. അടുക്കളവാതില്‍ തുറന്നു ഒരു മെല്ലിച്ച പെണ്‍‌കുട്ടി ഇറങ്ങിവന്നു. കയ്യില്‍ കുറെ പാത്രങ്ങള്‍. വേലിക്കപ്പുറത്തെ കാത്തിരിപ്പ് സഫലം. അവന്‍ ശബ്ദം താഴ്ത്തി ചൂളമടിച്ചു. അവള്‍ ഞെട്ടിത്തെറിച്ചു. കയ്യിലിരുന്ന പാത്രങ്ങള്‍ കിടുങ്ങി താഴെ വീണു. അമ്പരപ്പോടെ ചുറ്റും പാളിനോക്കി, അവള്‍ ഇരുട്ടിലേയ്ക്ക് വേഗം നടന്നുചെന്നു. ഹൃദയങ്ങള്‍ മിടിക്കുന്നത് ഇരുവര്‍ക്കും കേള്‍ക്കാമായിരുന്നു. അവള്‍ ഭയം കൊണ്ട് പൂക്കുല പോലെ വിറച്ചു.
“ ഈ ചെക്കന്‌ന്താ കാട്ടീത് ! അപ്പനെങ്ങാനും കണ്ടാ എന്നക്കൊല്ലും..”
“നെന്നെക്കാണാഞ്ഞിട്ട് ഒരു സമാധാനോം കിട്ടീല്ല.. അതാ ഞാന്‍...”
അകത്ത് സേവ്യറുമാഷ് ഉറക്കെയൊന്നു തുമ്മി. അവള്‍ ഞെട്ടിത്തെറിച്ച് അവനോടു ചേര്‍‌ന്നുനിന്നു. ആദ്യമായി അവന്‍ അവളുടെ കൈ പിടിച്ചു. ഇല്ലിമുള്ളിന്റെ പുകയുന്ന നീറ്റല്‍ ഇല്ലാതായി. പകരം സുഖമുള്ള ഒരു നൊമ്പരം സിരകളിലൂടൊഴുകി. കൈവിടുവിച്ച് ഓടിപ്പോവാന്‍ അവളൊരു വിഫലശ്രമം നടത്തി.
“ഞാനിപ്പക്കരയും, വിട് ചെക്കാ..”
“വിടില്ല..” കൈ മുറുകി.
അടുക്കളവാതില്‍ കടന്നു ആരോ മുറ്റത്തേക്കിറങ്ങി.മങ്ങിയ വെളിച്ചത്തില്‍ സേവ്യറുമാഷ്.
“പട്ടിയ്ക്ക് ചോറു കൊടുത്തോടീ അന്നമ്മേ.. ആ പെണ്ണെന്തിയേ.. നേരത്തെ കെടന്നൊറങ്ങിയോ..”
ഇടിമുഴക്കം പോലുള്ള ശബ്ദം. രണ്ടു ഹൃദയങ്ങളിലൂടെ ഇടിവാള്‍ കടന്നുപോയി.അവളുടെ കൈ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അവന്‍ ശ്വാസമടക്കി നിന്നു. സേവ്യറുമാഷ് വേലിക്കപ്പുറത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ അവന്‍ നിന്നില്ല. അവളുടെ കൈ പിടിച്ച് വേഗത്തിലോടി. കൈതക്കാടുകള്‍ കടന്ന്, കൂട്ടിയിട്ട കറ്റകള്‍ക്കിടയിലൂടെ, വരമ്പുകള്‍ കടന്ന്, ഇടവഴികള്‍ പിന്നിട്ട് അവന്‍ ഓടി. ഒപ്പം അവളും.


പുഴക്കരെയെത്തിയപ്പോള്‍ നിന്നു. ചുറ്റും പകച്ചു നോക്കി. ആരെങ്കിലും പിന്നാലെ വരുന്നുണ്ടോ? പിന്നെ പരസ്പരം നോക്കി സ്തംഭിച്ചു നിന്നു. ഇനി? അവളുടെ കൈവിരലുകള്‍ പച്ചവെള്ളം മാതിരി തണുത്തിരുന്നു. ഇനി? അവള്‍ കരയാന്‍ പോലുമാവാതെ മരവിച്ചു നിന്നു. പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
“ എങ്ങനാ ഞാനിനി വീട്ടിലോട്ടു ചെല്ലുന്നെ.. അപ്പനെന്ന കൊല്ലും..”
“പോകാണ്ടെങ്ങനാ.. “ അവന്‍ വിക്കിവിക്കി പറഞ്ഞു.
“അപ്പനെന്ന തല്ലിക്കൊല്ലും.. എന്റീശോയേ..” അവള്‍ നിന്നു വിങ്ങിപ്പൊട്ടി.
“ചെക്കനെന്താ കാട്ടീതെന്നറിയ്യോ..?”
അവള്‍ കണ്ണീരു തുടയ്ക്കാതെ കരഞ്ഞു തളര്‍ന്നു.അവന് എന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടിയില്ല.
“ നീ ഒന്നു ചെന്നുനോക്ക്..”അവന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“ഞാനിപ്പ പൊഴേച്ചാടും..” അവള്‍ ഹൃദയം പൊട്ടിക്കരഞ്ഞു.
“ നീ ചാവണ്ട. നമുക്കെവിടേങ്കിലും പോകാം”
“എവിടപ്പോകാനെന്ന്?..” അവള്‍ ഞെട്ടി.
“എവിടേങ്കിലും..”


പാക്കരണ്ണന്റെ കൊച്ചുവഞ്ചിയുടെ കയറഴിച്ച് വഞ്ചിക്കകത്തിട്ടു. രണ്ടുപേരും കയറി. അവന്‍ പങ്കായം വെള്ളത്തിലിട്ടു വലിച്ചു. വഞ്ചി അനങ്ങിയില്ല. അവനു കരച്ചില്‍ വന്നു. അപ്പുറവും ഇപ്പുറവുമൊക്കെ തുഴഞ്ഞു നോക്കി. ഒടുവില്‍ വഞ്ചി മെല്ലെ നീങ്ങി. അവന്‍ ദീര്‍‌ഘനിശ്വാസം വിട്ടു.


അക്കരെയെത്തിയപ്പോള്‍ പാതിരാക്കോഴി കൂവി. അവള്‍ പേടിച്ചു വിറച്ചു. കടത്തിനരികില്‍ ആരെയും കണ്ടില്ല. വഞ്ചി കെട്ടിയിട്ട്, അവളെയും കൈപിടിച്ച് വേഗത്തിലോടി. പിറകേ ആരെങ്കിലും..?


ദേശീയപാതയിലെത്തി, ആദ്യം വന്ന ബസ്സിനു കൈ കാണിച്ച് അതില്‍ കയറിയിരുന്നു. അവന്റെ പോക്കറ്റിലെ മുഷിഞ്ഞ നോട്ടുകള്‍ക്കുള്ള ദൂരം അളന്ന് ടിക്കറ്റു വാങ്ങി. വണ്ടിയോടിക്കൊണ്ടിരുന്നു. ഇരുട്ട് അലിഞ്ഞു തുടങ്ങി. അവന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി. വെളുത്ത കടലാസു പോലെ വിളറിയ മുഖം. ജീവനില്ലാത്ത മരവിച്ച കണ്ണുകള്‍. എന്താണുണ്ടായത്? അവന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ഭയം പെരുവിരലിലൂടെ അരിച്ചു കയറി. അവള്‍ ബസ്സിന്റെ കമ്പിയഴികളില്‍ തല ചായ്ച്ച് കണ്ണടച്ചു. കണ്‍പീലികളിലും കവിളിലും കണ്ണീരിന്റെ നനവ്. അവന് കണ്ണിമ കൂട്ടാന്‍ പോലും കഴിഞ്ഞില്ല.


ബസ്സ് എവിടെയോ നിര്‍ത്തി. മുന്‍‌വശത്തെ ഡോറിലൂടെ ഒരു പോലീസുകാരന്‍ കയറി. ഡ്രൈവറോട് എന്തോ പറഞ്ഞു. പിന്നെ ഒന്നു തിരിഞ്ഞു നോക്കിയിട്ട്, മുമ്പിലെ സീറ്റിലിരുന്നു. അവന്‍ ഭയം കൊണ്ട് വിറച്ചു. വിയര്‍ത്തൊലിച്ചു. അവളെ നോക്കി. ഉറക്കമാണ്. വിളിച്ചുണര്‍ത്തിയാല്‍ അവള്‍ ഉറക്കെ കരയുമോ?


അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ അവന്‍ പെട്ടെന്നു ചാടിയിറങ്ങി. അവളൊന്നും അറിഞ്ഞില്ല. ഹൃദയം പൊട്ടിപ്പോകുമെന്നു അവനു തോന്നി. ബസ്സ് അവളെയും കൊണ്ട് മറഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ സര്‍വ്വശക്തിയുമെടുത്ത് ബസ്സിനു പിന്നാലെ ഓടി, ഉറക്കെ കരഞ്ഞുകൊണ്ട്.

Wednesday, March 3, 2010

ഗ്രഹണം

മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിലാണതു സംഭവിച്ചത്‌. എന്റെ മനസ്സ്‌ എന്നോടു പിണങ്ങിയിറങ്ങിപ്പോയി. അരുതെന്നു പറയുവാന്‍ കഴിഞ്ഞില്ല. ജീവിതത്തിലന്നോളം തെറ്റും ശരിയും പറഞ്ഞുതന്നിട്ട്, തളര്‍‌ന്നു വീണപ്പോഴെല്ലാം താങ്ങായ് നിന്നിട്ട്, ഒരു രാത്രിയില്‍ ഒന്നും പറയാതെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയാല്‍ എന്തു ചെയ്യാന്‍ കഴിയും? നെഞ്ചിനുള്ളില്‍, ഉരുകിത്തിളയ്ക്കുന്ന ലാവ പോലെ നൊമ്പരങ്ങള്‍ ഒഴുകിപ്പടര്‍ന്നപ്പോഴൊക്കെ ‘തളരല്ലേ.. നിനക്കെന്നില്‍ വിശ്വാസമില്ലേ? നോക്ക്‌, ഈ വേനലിനപ്പുറം ഒരു വിളിപ്പാടകലെ വസന്തമെത്തിനില്‍ക്കുന്നുണ്ട് ‘ എന്ന് കാതില്‍ ചൊല്ലിത്തന്നിട്ട്, പിന്നെ എന്നെ വിട്ടു പോയതെന്തിനാണ്? ആ ഇരുട്ടില്‍ എങ്ങോട്ടാണ് പോവുന്നത് എന്നുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. എന്നോട് പിണങ്ങിത്തന്നെയാവുമോ പോയത്? ഒരു പക്ഷെ, മടുത്തുകാണും. എന്നോടൊപ്പം എന്റെ ദു:ഖങ്ങളേയും പേറി, ഒരുപാടു നാള്‍ കൂടെ നടന്നില്ലേ. ഒരിക്കലെങ്കിലും ചിറകുവിടര്‍ത്തി സ്വതന്ത്രമായൊന്നു പറക്കാന്‍ ശ്രമിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? സ്വന്തം ചിറകുകള്‍ മുറിച്ച്‌ സ്വയം കൂട്ടിലടച്ച്, എത്രനാള്‍?

മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. പ്രകൃതി തലതല്ലി കരയുന്നതുപോലെ തോന്നി. വൃക്ഷത്തലപ്പുകള്‍ കാറ്റിലുലഞ്ഞ്‌ വിറളിപിടിച്ച ഭൂതങ്ങളെപ്പോലെ ഇളകിയാടി. ആ ഇരുട്ടില്‍, മഴയില്‍, നൃത്തം ചവിട്ടുന്ന ഭീകരരൂപങ്ങളുടെ നടുവില്‍ തനിച്ചായതുപോലെ. തനിച്ച്‌... സ്വന്തം മനസ്സുപോലും കൂട്ടിനില്ലാതെ! വല്ലാത്ത ഭയം തോന്നി.


കൂടുതലൊന്നും ആലോചിച്ചില്ല. മഴയിലേക്കിറങ്ങിനടന്നു. മഴയില്‍ നനഞ്ഞത് അറിഞ്ഞില്ല. മിന്നല്‍പ്പിണരുകള്‍ ചുറ്റും പാഞ്ഞുനടന്നതറിഞ്ഞില്ല. ചെളിവെള്ളം കുത്തിയൊലിച്ച വഴിയിലൂടെ ഞാന്‍ അതിവേഗം നടന്നു. ഒപ്പമെത്താന്‍ കഴിയാതെ കിതച്ചു. ആ മഴയിലും ഞാന്‍ വിയര്‍ത്തു. എന്റെ മനസ്സ്‌, അതിനെ.. അല്ല അവളെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌. ഇടവഴികള്‍ പിന്നിട്ട്‌, നിരത്തിലെ പീടികത്തിണ്ണകളില്‍ തെരുവുനായ്ക്കളോടൊപ്പം ഉറങ്ങുന്ന മനുഷ്യരെ പിന്നിട്ട്‌, അവള്‍ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. മദ്യത്തിന്റെയോ കഞ്ചാവിന്റെയോ ലഹരിയില്‍ സ്വയം മറന്ന് ആസക്തിയോടെ അവളുടെ നേര്‍ക്കു വന്ന വൃത്തികെട്ട നഗരസന്തതിയുടെ കവിളില്‍ ആഞ്ഞടിച്ച്‌, അവള്‍ പിന്നെയും ധൃതിയില്‍ നടന്നു പോയി. എനിക്കവളെ തിരിച്ചു വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ, കഴിഞ്ഞില്ല.

ഒടുവില്‍ ഒരു കൊച്ചു വീടിനു മുന്നിലെത്തി, അവള്‍ നിന്നു, പാതിയടഞ്ഞുകിടന്ന ജനാലയിലൂടെ റാന്തല്‍വിളക്കിന്റെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ആരോ വാതില്‍ തുറന്നു. മുറ്റത്തേയ്ക്കൊഴുകിയിറങ്ങിയ വെളിച്ചത്തോടൊപ്പം അവളേയും ആവാഹിച്ചെടുത്ത്‌ വാതില്‍ മെല്ലെയടഞ്ഞു. പാതിചാരിയ ജനാലയിലൂടെ അകത്തേയ്ക്ക്‌ എത്തിനോക്കി. ആരോ ഒരാള്‍ അവള്‍ക്കരികില്‍ നിന്നിരുന്നു. അയാളുടെ ശ്വാസം അവളുടെ നെറ്റിയില്‍ തട്ടിയിരുന്നോ? ആ ശ്വാസത്തിന്റെ ചൂടേറ്റുവാങ്ങാനെന്നോണം അവള്‍ കണ്ണുകളടച്ചുനിന്നു. പിന്നെ, അയാള്‍ തിരിഞ്ഞു നടന്നു. മുറിയുടെ ഒരു കോണിലായി, തീ കൂട്ടിയിരുന്നതിന്റെ അരികില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ചെന്നിരുന്നു.

അവള്‍ ഒന്നും പറയാതെ ആ തീയ്ക്കരികില്‍ ഇരുന്ന് വസ്ത്രങ്ങളോരോന്നായി ഉണക്കി, വിവസ്ത്രയാകാതെ തന്നെ. നനഞ്ഞൊട്ടിയ മുടിയിഴകള്‍ കോതിവിടര്‍ത്തി. ചുവന്ന കനലുകളുടെ ചൂടില്‍ അവയില്‍ വീണ്ടും ജീവന്‍ ത്രസിച്ചു. ആ മുടിയിഴകള്‍ മെല്ലെ അവളെ പൊതിഞ്ഞു. അയാള്‍ അവളെ നോക്കാതെ തീയിലേക്കു തന്നെ നോക്കിയിരുന്നു.

അവളുടെ കണ്ണുകളില്‍ മയക്കത്തിന്റെ ആലസ്യം കണ്ടു. മുറിയുടെ ഒരു മൂലയില്‍ അവള്‍ ചുരുണ്ടുകൂടിക്കിടന്നു. പിന്നെ മെല്ലെ കണ്ണുകളടച്ചു. ഒരു കുഞ്ഞിനെപ്പോലെ, ചുണ്ടിന്റെ കോണിലൊരു നറുംപുഞ്ചിരിയോടെ അവള്‍ ഉറങ്ങി. എന്നിട്ടും, അയാള്‍ അവളെ നോക്കിയതേയില്ല. ആരുടേയോ കരവലയത്തിലെന്ന പോലെ അവള്‍ ശാന്തമായുറങ്ങി.

ജനാലയ്ക്കരികില്‍നിന്നും മാറാന്‍ എനിക്കു തോന്നിയില്ല. ആ മുറിയ്ക്കുള്ളില്‍ ശാന്തമായി അവള്‍ ഉറങ്ങുന്നതും നോക്കി, ആ കൊടിയ മഴയില്‍ ജനാലയ്ക്കു പുറത്ത്‌, കണ്ണിമയ്ക്കാതെ ഞാന്‍ കാത്തുനിന്നു, ഒരു നിഴല്‍ പോലെ.

മണിക്കൂറുകള്‍ കടന്നുപോയതറിഞ്ഞില്ല. അവള്‍ മെല്ലെയൊന്നനങ്ങി. അയാള്‍ പൊടുന്നനെ എണീറ്റ്‌, അവള്‍ക്കരികില്‍ വന്ന് മുടിയില്‍ തലോടി. അവളതറിഞ്ഞതായി തോന്നിയില്ല. അയാള്‍ വീണ്ടും തിരികെ വന്ന് ചാരുകസേരയിലിരുന്നു.

അവള്‍ ഉണരുമ്പോഴേയ്ക്കും മഴ തോര്‍ന്നിരുന്നു. എതിര്‍ദിശയിലെ കിളിവാതിലിലൂടെ പ്രഭാതത്തിന്റെ രശ്മികള്‍ സ്വര്‍ണ്ണക്കതിരുകള്‍ പോലെ മുറിയിലേയ്ക്ക്‌ കടന്നു വന്നു.. അവളുടെ മുഖം പ്രസന്നമായിരുന്നു. എന്തെന്നില്ലാത്ത ഒരാശ്വാസം അവളുടെ മുഖത്തു കണ്ടു. അവളുടെ നനഞ്ഞ ചുണ്ടുകള്‍ വിടര്‍ന്നു. പൂവിന്റെ സുഗന്ധം പോലെ ഒരു നേര്‍ത്ത സംഗീതം ആ മുറിയില്‍ ഒഴുകിനടന്നു.

എന്റെ ശരീരം മരവിച്ചിരുന്നു, മനസ്സും. ജീവിതത്തിലെ ദു:ഖങ്ങളില്‍ എന്നെ തഴുകി, സ്നേഹം തന്ന മനസ്സ്‌ ഇനി ഒരിക്കലും എനിക്കു തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെടുകയാണെന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി. ഇനി തിരിച്ചു പോകാം, എന്റെ ദു:ഖങ്ങളിലേയ്ക്ക്‌, ജീവിതഭാരങ്ങളിലേയ്ക്ക്‌, ഉറക്കം വരാത്ത രാത്രികളിലേയ്ക്ക്‌. തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നു കൂടി കാതോര്‍ത്തു. അവള്‍ എന്തെങ്കിലും പറഞ്ഞുവോ?

ഇല്ല. ഒന്നും പറഞ്ഞില്ല. തലകുനിച്ച് മരവിച്ച കാല്പാദങ്ങള്‍ വലിച്ചിഴച്ച് തിരികെ നടന്നു. വെയിലിന് മൂര്‍ച്ചയേറിക്കൊണ്ടേയിരുന്നു. കണ്ണുകള്‍ക്കുള്ളില്‍ നിറമുള്ള കണികകള്‍ വട്ടം ചുറ്റി. എങ്ങോട്ടാണ് പോവുന്നത്? കാലിലെ വിരലുകള്‍ കല്ലുകളില്‍ തട്ടി മുറിഞ്ഞു നീറി. എന്നിട്ടും വകവയ്ക്കാതെ ഒരുപാട് ദൂരം പിന്നെയും നടന്നു. നടന്നു നടന്ന്‌ ഭൂമിയുടെ അറ്റത്തെത്തിയപ്പോള്‍ അറിയാതെ നിന്നു. പിന്നെയങ്ങോട്ട് ആകാശവും, മേഘങ്ങളും മാത്രമായിരുന്നു. മേഘങ്ങള്‍ക്ക് താഴെ താഴ്‌വരകള്‍ മറഞ്ഞു നിന്നതറിഞ്ഞില്ല. മേഘങ്ങളില്‍ ചവിട്ടി പിന്നെയും മുന്നോട്ട് നടക്കാനായുമ്പോള്‍, ആരോ പിന്നില്‍ നിന്നും ശക്തമായി പിടിച്ചുവലിച്ചു. ഞെട്ടിപ്പോയി. കിതപ്പിന്റെയും ഏങ്ങലടികളുടെയും താളം ചേരാത്ത ശബ്ദങ്ങള്‍ക്കിടയിലും, എന്റെ മുഖത്ത് പടര്‍ന്ന അവളുടെ കണ്ണീരിന്റെ ഉപ്പ് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സ് എന്റെ ദു:ഖങ്ങള്‍ക്ക് കൂട്ടായി എന്നിലേയ്ക്ക് തിരിച്ചുവന്ന നിമിഷം. സന്തോഷിക്കാതിരിക്കാനെനിക്കാവുമോ ! ശരീരത്തിന്റെ ഒരോ കണികയിലും ആഹ്ലാദം നുരയിട്ടു നിന്നു. എന്നിട്ടും എന്റെ ചുണ്ടുകള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “ വിഡ്ഢി ! “ അത് അവള്‍ കേട്ടുകാണില്ല, അല്ലേ?

Sunday, October 11, 2009

നിധി തേടിപ്പോയവർ

നിധി തേടി, ഒരു യാത്ര
മണൽക്കാടുകളിലൂടെ
ചുട്ടുപഴുത്ത മണൽത്തരികളിൽ
ചോരപൊടിയും വിരലുകൾ കൊണ്ടു പരതി,
ചുഴലിക്കാറ്റിന്റെ കാതടപ്പിക്കുന്ന
ചൂളംവിളികൾ കേൾക്കാതെ
മൺ‌തൂണുകൾക്കിടയിലൂടെയിഴഞ്ഞ്
നിധി തേടി ഒരു യാത്ര
നിധിയങ്ങകലെയൊരു നാട്ടിൽ
ഒരു പച്ചമരത്തണലിൽ
നോമ്പ് നോറ്റ് കാത്തിരുന്നു
പാവം പഥികൻ!

ഖനി തേടി ഭൂമി തുരന്നു
അപ്പുറമെത്തി, പിന്നെയും
തുരന്നു കൊണ്ടേയിരുന്നു
മസ്തിഷ്ക്കത്തിനുള്ളിൽ
ആരുമന്നോളം എത്തിനോക്കാതെ
ഖനി പാഴ്‌നിലമായ് കിടന്നു

മൂന്നാം ചുവടു വച്ച്, പിന്നെ
നാലാമതൊരു ചുവടു വയ്ക്കാൻ
ഇടം തേടി, ഒടുവിൽ
നോട്ടമെത്തുന്നത് നക്ഷത്രങ്ങളിൽ
പാവം നക്ഷത്രങ്ങൾ !
ഭാവി ഇനിയാരു പറയും!
നക്ഷത്രക്കണ്ണുള്ളൊരു കുഞ്ഞുരാജകുമാരി
ഹൃദയത്തിലിടവുമായ് വിളിക്കുന്നു
കൊച്ചരിപ്പല്ലൊന്നു കാട്ടി
അതാരു കാണാൻ !


........

എല്ലാം നിനക്കുവേണ്ടിയോമനേ
ഈ ദീർഘനിശ്വാസം പോലും
നിന്റെ കൈകളിൽ
തങ്കത്തരിവളകൾ കിലുങ്ങണ്ടേ
നിന്റെ വിരലിൽ ചാർത്താൻ
നാഗകന്യകൾ കൊതിക്കും
മാണിക്യക്കല്ലുമോതിരം വേണ്ടേ
......

എനിക്കൊന്നു നടക്കണം
അച്ഛനെന്റെ വിരലൊന്നു പിടിക്ക്വോ ?
......

കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്.


Saturday, August 22, 2009

കഥയുടെ പടവുകൾ കടന്ന്..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങളോർത്തു കിടന്നാൽ താനേ ഉറക്കം വരുമെന്നു ആരോ പറഞ്ഞതോർത്തു. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചോർത്തു നോക്കി. ഒരു കാര്യവും മനസ്സിൽ വന്നില്ല. ഒടുവിൽ ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു. കണ്ണുകളിൽ മദ്ധ്യാഹ്നസൂര്യൻ കത്തി നിൽക്കും പോലെ. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. നല്ല ഇരുട്ട്. മെല്ലെ എഴുന്നേറ്റ്, ഇരുട്ടിൽ തപ്പിത്തടഞ്ഞ്, മേശപ്പുറത്തിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ തണുത്ത വെള്ളം കുറെ തൊണ്ടയിലേയ്ക്കൊഴിച്ചു. കണ്ണിലെ സൂര്യനൊന്നു മങ്ങിയോ?

മേശപ്പുറത്തെ ടേബിൾലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ വെളിച്ചം മേശപ്പുറത്തു തട്ടിമറിഞ്ഞ് മുറിയാകെ പടർന്നു. മേശയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട്, ചാരിയിരുന്നു നോക്കി. ഉറക്കം വന്നെങ്കിലോ.. കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്നിട്ടും സൂര്യൻ കണ്ണിൽ ജ്വലിച്ചു തന്നെ നിന്നു. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, വല്ലതുമൊക്കെ കുത്തിക്കുറിക്കാറുള്ള പഴയ ഡയറി തുറന്നു വച്ച്, അതിൽ വെറുതെ കുത്തിവരച്ചു. നേർ‌രേഖകൾ. വൃത്തങ്ങൾ. അർദ്ധവൃത്തങ്ങൾ. പിന്നെയും കുറെ രേഖകൾ. തലങ്ങനെയും, വിലങ്ങനെയുമൊക്കെ. വരയ്ക്കെ, വരയ്ക്കെ വരകൾക്കിടയിൽ പരിചിതമായ എന്തോ ഒന്നിൽ പേനയുടക്കി നിന്നു. രണ്ടു വരകൾ, ചുളിവു വീണ നെറ്റിയിലെ ഭസ്മക്കുറികൾ പോലെ. വാർദ്ധക്യം കീഴടക്കിയ ഒരു മുഖം വരകൾക്കുപിന്നിൽ ഒളിച്ചു നിൽപ്പുണ്ടോ? വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി, ഒന്നുകൂടി കടലാസിൽ നോക്കി. വരകളല്ലാതെ ഒന്നും കണ്ടില്ല.

ആകാശവും ഇതുപോലെയാണ്. ചിലപ്പോൾ, മേഘങ്ങൾ വെളുത്ത ചെമ്മരിയാട്ടിൻപറ്റം പോലെ ആകാശത്തിന്റെ ഏതെങ്കിലുമൊരു കോണിൽ കൂട്ടം ചേർന്നു നിൽക്കും. ചിലനേരം, കാറ്റടിച്ച് പറത്തിയ മേഘങ്ങൾക്കിടയിൽ നിന്ന് വെള്ളത്താടിവച്ച അവ്യക്തമായ ഏതോ ഒരു മുഖം താഴേയ്ക്കു നോക്കി, ഗൂഢമായ് ചിരിക്കുന്നതു പോലെ തോന്നും. മഴക്കാലത്ത് കാറുകൊണ്ട മാനത്ത് എവിടെയ്ക്കോ തിരക്കിട്ടോടുന്ന ആനക്കൂട്ടങ്ങളെ എത്രയോ വട്ടം കണ്ടിരിക്കുന്നു! ഒന്നും വ്യക്തമല്ല. ഈ അവ്യക്തതയാണോ, ജീവിതത്തിന്റെയും ആധാരം? അറിവുകളെയും വിശ്വാസങ്ങളെയും വേർ‌തിരിക്കുന്ന നേർത്ത മഞ്ഞുമറയല്ലേ, ഈ അവ്യക്തത? അറിവുകൾ തോൽക്കുന്നിടത്ത് മുറുകെപ്പിടിക്കാൻ കുറെ വിശ്വാസങ്ങളില്ലെങ്കിൽ, പിന്നെ ജീവിതമുണ്ടോ?

കടലാസിൽ കോറിയിട്ട വരകളിലേയ്ക്ക് വീണ്ടും നോക്കി. വളഞ്ഞ രണ്ടുവരകൾ അടഞ്ഞ കൺപോളകൾ പോലെ. പിന്നെ താഴേയ്ക്കു കുറെ വരകൾ. മുറിഞ്ഞ കണ്ണുനീർച്ചാലുകൾ പോലെ. ഭസ്മക്കുറികളെവിടെ? പേന കൊണ്ട് കണ്ണുകൾക്കു മേലെ രണ്ട് വളഞ്ഞ രേഖകൾ വരച്ചു. പക്ഷെ, അവ വേറിട്ടുനിന്നു, വെറും വരകൾ മാത്രമായിട്ട്. എന്നോട് പിണങ്ങിയോ?

ആരോടാണത് ചോദിച്ചത്?

ഒരു കഥയെഴുതിയാലോ എന്നു തോന്നി. ഇതുപോലെ ഉറക്കം വിടപറഞ്ഞ രാത്രികളിലാണ് പലപ്പോഴും കഥകളെഴുതാറ്. അണമുറിയാതൊഴുകുന്ന ചിന്തകൾ എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് പതഞ്ഞൊഴുകി, കഥകൾ പറഞ്ഞ് പിന്നെയും ഒഴുക്കിലേയ്ക്ക്....

പേനയിൽ മുറുകെപ്പിടിച്ചു. ചിന്തകൾ തട്ടിത്തടയുന്നത് ആ ഭസ്മക്കുറികളിലാണ്. അവ്യക്തമായ വരകൾ. വരകൾ വാക്കുകളാവുന്നത് നോക്കിയിരുന്നു. ആരോ എഴുതുന്നത് നോക്കിയിരിക്കും പോലെ.

വാക്കുകളിലൂടെ..

വരികളിലൂടെ..

കഥയിലേയ്ക്ക്.......


"അമ്മൂ....”

അനക്കമൊന്നും കേട്ടില്ല.

“അമ്മൂ... .... ഇതെന്താദ് ! മണിയെത്രയായീന്നാ വിചാരം? ഇങ്ങനൊണ്ടോ ഒരൊറക്കം.. രാത്രി മുഴുവൻ ഉറങ്ങാണ്ടെ അമ്മമ്മേടെ കഥകേട്ടു കിടന്നിട്ട്...രാവിലെ..ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കാണ്ട് എണീറ്റുപോണൊണ്ടോ.. “

അമ്മു ചെവിയിൽ വിരലുതിരുകി ഒന്നുകൂടി അമ്മമ്മയോടൊട്ടിക്കിടന്നു.

ശുഷ്ക്കിച്ച വിരലുകൾ അമ്മുവിന്റെ മുഖത്തു വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കി. പിന്നെ, അമ്മുവിന്റെ കാതിൽ മെല്ലെ വിളിച്ചു,

“അമ്മൂട്ടീ...”

“ഉം.. “

“എണീക്കണ്ടേ.. “

“വേണ്ട..”

“അമ്മ വഴക്കു പറയണണ്ട്..”

“പറയട്ടെ..”

“പള്ളിക്കൂടത്തില് പോവണ്ടേ..”

“വേണ്ട...”

“പഠിച്ച് ഡാക്കിട്ടറായി അമ്മമ്മയെ എണീപ്പിച്ചു നടത്തണ്ടേ..”
“ വേണ്ട... അല്ല, അല്ല.. വേണം”

ചുളിവുകൾ വീണ മുഖത്ത് ചിരി പടർന്നു. അമ്മുവിന്റെ കവിളിൽ ഒരുമ്മ മെല്ലെ വന്നു പതിഞ്ഞു.

“എങ്കിലെന്റെ കുട്ടിയെണീറ്റേ....”

“ അമ്മമ്മയുമെണീക്ക്..”

“ അതിനു അമ്മൂട്ടി ഡാക്കിട്ടറായി വരണ്ടേ...”

“ ഞാൻ ഡാക്കിട്ടറായി വരുമ്പൊ അമ്മമ്മ എണീറ്റൂ നടക്ക്വോ?“
“പിന്നല്ലാതെ... നടക്ക്വല്ല.. ഓടും ഞാൻ.. നെന്റെ പിന്നാലെ..”
അമ്മുവിന്റെ ഒരു ദിവസത്തിന്റെ തുടക്കം.

അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം. ശകാരവർഷങ്ങൾ.
“ഗ്യാസ് തീരാൻ കണ്ട നേരം !.... ഇനിയാരോടാ തെണ്ടുന്നെ ഈ നേരത്ത്.. ഓഫീസിൽ വൈകിച്ചെന്നാ അതു കുറ്റം..എല്ലം ഇട്ടേച്ചു പോകാമെന്നു വച്ചാ പെറ്റ തള്ളയ്ക്കു കഞ്ഞികൊടുക്കാത്തവളെന്ന പേരുദോഷം !..എന്റെ തലേലെഴുത്ത്.. അങ്ങു അക്കരെപ്പോയിക്കിടക്കണാൾക്ക് ഇതൊന്നുമറിയണ്ടല്ലോ.. തലവിധി...... എടീ അമ്മൂ‍...“

രാവിലെ ക്ലോക്ക് ഒമ്പതടിക്കുമ്പോൾ എല്ലാം ശാന്തം. മുറ്റമടിച്ചു നിന്ന പാറുപ്പെണ്ണ് ജനാലയിലൂടെ എത്തിനോക്കി.

“ അമ്മൂന്റമ്മമ്മ എണീറ്റില്ലേ? ഇന്നെന്താ വയ്യേ?എണീപ്പിച്ചിരുത്തണോ?”

“വേണ്ട പെണ്ണേ.. എണീറ്റതാ.. പിന്നേം ഒന്നു കെടക്കാൻ തോന്നീട്ടാ..”

“രാവിലെയെന്താ കഴിച്ചെ?”

“ഒന്നും പറയണ്ട.. ഗ്യാസ് തീർന്നെന്നു പറേണ കേട്ടു.. പാവം എന്തു ചെയ്യാനൊക്കും.. പിന്നെ കടേന്നു വാങ്ങിച്ച ബ്രഡ്ഡ് തന്നേച്ചു പോയി..”

“ ഞാനിത്തിരി കഞ്ഞി കൊണ്ടന്നു തരട്ടെ?”

“ വേണ്ട പെണ്ണേ.. നേരോണ്ടേല് നീയെന്റെ പുറമൊന്നു തടവിത്താ.. വല്ലാണ്ടൊരു നൊമ്പരം..”

വളഞ്ഞ മുതുകിൽ അമർത്തിത്തടവുമ്പോൾ പാറുപ്പെണ്ണ് ചോദിച്ചു,
“സുഖം തോന്നണൊണ്ടോ?”

“ ഉം.. നല്ല സുഖോണ്ട്..നീയില്ലാന്ന്ച്ചാ ഞാനെന്താ ചെയ്‌യ്യാ..ന്റെ പെണ്ണേ, ഒന്ന്ത്രടം കുളിമുറിവരെ പോകാനും നീയില്ലാണ്ട് വയ്യാലോ.. “

പാറുപ്പെണ്ണ് ചിരിച്ചു.

“വല്ലതും വേണേല് ഒന്നൊറക്കെ വിളിച്ചാ മതീട്ടോ.. വീട്ടിലിന്നു വിരുന്നുകാരുണ്ട്.. വേഗം ചെല്ലാൻ അമ്മ പറഞ്ഞിരിക്കണ്..”

ഉച്ച വെയിൽ കത്തിക്കാളുന്ന നേരത്ത് കണ്ണടച്ചുകിടന്നു. സൂര്യനെന്തൊരു വെളിച്ചമാണ് ! പണ്ടെങ്ങുമില്ലാത്ത പോലെ. വെയിലാറിയപ്പോൾ അമ്മു വന്നു. സ്കൂൾബാഗ് വലിച്ചെറിഞ്ഞ് കട്ടിലിൽ ചാടിക്കയറി. കഴുത്തിലൂടെ കയ്യിട്ട് അമ്മമ്മയെ കെട്ടിപ്പിടിച്ചു.

“ ന്റെ കുട്ടി വല്ലാണ്ട് വിയർത്തിരിക്കണ്.. ഓടിയാണോ വന്നെ? “

“ഉം... ബസ്സെറങ്ങീട്ട് ഞാനും അർച്ചനേം മത്സരിച്ചോടി. ഞാനാ ജയിച്ചെ..”

“അമ്മമ്മേടെ മോള് മിടുക്കിയല്ലേ..”

“വെശന്നിട്ട് വയ്യ.. അടുക്കളേല് എന്താന്നു നോക്കട്ടെ.. അമ്മമ്മയ്ക്കും കൊണ്ടരാട്ടോ..”
അമ്മു ചിത്രശലഭം കണക്കെ പാറിപ്പറന്നു.

നേരം പോയതറിഞ്ഞില്ല. ട്യൂഷൻ മാഷ് വന്നപ്പോൾ അമ്മു ചിണുങ്ങിക്കൊണ്ട് പുസ്തകസഞ്ചിയുമെടുത്ത് ഉമ്മറത്തേയ്ക്ക് പോയി.

സന്ധ്യയ്ക്ക് വിളക്കു കൊളുത്തിയിട്ട് അമ്മു അരികിൽ വന്നു.
“അമ്മമ്മ കുളിച്ചു മിടുക്കിയായീലോ.. ആരാ കുളിപ്പിച്ചെ? “

“ ഇന്ന് കുളിപ്പിക്കാൻ ആ പാറുപ്പെണ്ണ് വന്നില്ല.. അതോണ്ട് തോർത്തുമുണ്ട് നനച്ച് മേലൊന്നു തുടച്ചു..“

“കുളിച്ചില്ലേലും അമ്മമ്മ സുന്ദരിയാ..”

“വേണ്ട വേണ്ട.. രാത്രീല് കഥ പറയിക്കാനുള്ള അടവല്ലേ.. കഥപറച്ചില് നിർത്തി..രാവിലെ അമ്മേടെ കയ്യീന്ന് അടി വാങ്ങാൻ നിക്കണ്ട..”

“അത് രാവിലെയാവുമ്പഴത്തെ കാര്യല്ലേ..”
അമ്മു ചിരിച്ചു.

അത്താഴം കഴിഞ്ഞ് ഉറങ്ങാൻ അമ്മുവിനെ കാത്തുകിടന്നു. ഫോൺ ബെല്ലടിച്ചു.

“ .....ഇവിടെന്ത് വിശേഷം..........ഒക്കെ തല കീഴ്‌മറിഞ്ഞുകിടക്കുവല്ലേ.. എന്നെക്കൊണ്ട് തനിച്ച് എന്തു ചെയ്യാനൊക്കും.. ....വിഷമിക്കല്ലേന്ന് പറയാനെളുപ്പമാ................ അമ്മുവിന്റെ ഇത്തവണത്തെ മാർക്ക് എത്രയാന്നറിയ്യോ.. നൂറിൽ തൊണ്ണൂറ്റിരണ്ട്.. നൂറിൽ നൂറ് വാങ്ങണ്ട കുട്ടിയാ.. ഞാനാരോടാ പറയ്‌യ്യാ.. അമ്മയ്ക്കിതൊന്നും അറിയണ്ടാലോ..ഉം.... പാറുപ്പെണ്ണിന്റെ കല്ല്യാണം ഈ ചിങ്ങത്തിൽ ഉണ്ടെന്നാ കേട്ടെ.. അവളും കൂടി പോയാപ്പിന്നെ അമ്മേടെ കാര്യം എങ്ങനെ വേണംന്ന് ...........ഇപ്പോ പഴയ കാലമൊന്നുമല്ല.. വയസ്സു ചെന്നോരെ നോക്കുന്ന നല്ല നല്ല സ്ഥാപനങ്ങള്‍...... ”

ശുഷ്ക്കിച്ച വിരലുകൾ കാതിൽ തിരുകി കണ്ണടച്ചുകിടന്നു. ഇനി കേൾക്കണ്ട..
................
....................
.........................
.................................

കഥ പെട്ടെന്ന് മുറിഞ്ഞു. കടലാസിൽ നിറയെ ഇരുട്ട്. ടേബിൾലാ‍മ്പ് അണഞ്ഞിരിക്കുന്നു. കഥയിൽ നിന്നുണരാൻ കഴിയാതെ ഇരുട്ടിൽ വെറുതെ കസേരയിൽ ചാരിയിരുന്നു. വല്ലാത്തൊരു നൊമ്പരം മനസ്സിൽ തിങ്ങി നിറഞ്ഞു. എന്തിനാണിങ്ങനെ? അശുഭമായെന്തെങ്കിലും? ആർക്ക്?
മനസ്സു വല്ലാതെ പതറി.

നെറ്റിയിൽ ആരോ തലോടി. മുടിയിഴകൾക്കിടയിലൂടെ അദൃശ്യമായ ശുഷ്ക്കിച്ച വിരലുകൾ ഒഴുകിനീങ്ങി.
അനങ്ങാൻ കഴിഞ്ഞില്ല. ആ വിരലുകൾ പരിചിതമായിക്കഴിഞ്ഞിരുന്നു.

ഇളംകാറ്റ് പോലെ നേർത്തൊരു ശബ്ദം കാതിൽ പതിഞ്ഞു,

“എന്തിനാ വിഷമിക്കുന്നെ..? വിഷമിക്കല്ലേ.. നിന്റെ മനസ്സു പറയുന്നതല്ലേ ഈ കടലാസിൽ പതിയുക.. നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല ...ന്നാലും ന്റെ അമ്മൂട്ടിയെ പിരിഞ്ഞ് ഞാനെങ്ങ്നാ കുട്ടാ.... “

അടഞ്ഞ കണ്ണുകളിൽ നിന്നും മുറിഞ്ഞൊഴുകിയ നീർച്ചാലുകൾ തുള്ളികളായി നെറുകയിൽ വന്നു വീണുകൊണ്ടിരുന്നു.

ഒരു നിമിഷം കൊണ്ട് വിയർത്തുകുളിച്ചു. പിന്നെ, ഇരുട്ടിൽ പേന തപ്പിയെടുത്ത്, തുറന്നു വച്ച ഡയറിയുടെ താളുകളിൽ എവിടെയൊക്കെയോ വീണ്ടും വീണ്ടും കുത്തിവരച്ചു. അക്ഷരങ്ങളെ വരകൾ മറച്ചു. ഇല്ല, ഞാനൊന്നുമെഴുതിയിട്ടില്ല.. ഒക്കെ വെറുതെ വരകൾ മാത്രം.. ജീവനില്ലാത്ത വെറും വരകൾ. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ ഉറങ്ങാതെ ഒരു രാത്രി കടന്നുപോയതറിഞ്ഞു.


Friday, August 14, 2009

വെളിച്ചം തേടുന്ന വേരുകൾ

കറുത്ത മണ്ണിലെ,
ഇരുട്ടിൽ കുരുങ്ങിയ വേരുകൾ
കെട്ടുപിണഞ്ഞവർ,
മത്സരിച്ചു മത്സരിച്ച്
ഒടുവിൽ കയ്യെത്തിപ്പിടിക്കുന്നത്
ഒരു തുള്ളി ദാഹജലം.
എങ്കിലും, തളിരിലകൾ കിളിർക്കുന്നത്
പൂക്കൾ വിരിയുന്നത്
അങ്ങകലെയാണ്.

പകലെരിഞ്ഞു തീരുവോളം
യന്ത്രം കണക്കെ തിരിഞ്ഞു തളർന്ന്
പിന്നൊരു വേഷപ്പകർച്ചയിൽ
കൂട്ടരൊത്ത് ഒച്ചവച്ചുറക്കെച്ചിരിച്ച്,
ഒടുവിൽ, രാവിന്റെ മടിയിൽ മുഖം പൂഴ്ത്തി,
നൊമ്പരങ്ങൾ പുതച്ചുറങ്ങുന്നവർ.

എവിടേയ്ക്കോ നീളുമീ പാത-
യവരെയും വഹിച്ചതിചടുലമായ്
മുന്നോട്ടു കുതിയ്ക്കുമ്പോൾ
ചുറ്റുമുയരുമാരവങ്ങളിൽ
കാഴ്ച മറയ്ക്കും ധൂളിപടലങ്ങളിൽപ്പെട്ടുഴറി
പിന്നെയുമെത്രയോ, മുഖങ്ങൾ !

അവരിൽ ഞാനുണ്ട്. ഒരുപക്ഷെ, നിങ്ങളും.

എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും.


ആ വേനൽ മഴയുടെ കുളിരു പുതച്ച്
അവർ പിന്നെയും മയങ്ങും, ഒരുനാൾ
സ്വപ്നതാഴ്വരകൾ കടന്ന്,
കടലേഴും കടന്ന്,
ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ.

അവരിൽ നിങ്ങളുണ്ടാവും. ഞാനും?


Thursday, June 25, 2009

എങ്ങുനിന്നോ പറന്നു വന്ന ഒരേട്..

" നീയെന്താ ആലോചിക്കുന്നെ?”
“ഒന്നുമില്ല.. വെറുതെ..”
“മനസ്സെവിടെയോ പോയല്ലോ, എവിടെയാ?”
“മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.”

“ങ്ഹാ.. കൊള്ളാമല്ലോ. എന്നിട്ട്?”
“എന്നിട്ടൊന്നുമില്ല.”
“ഇങ്ങനെയുണ്ടോ ഒരു പിണക്കം?!"
"ഇല്ല, പിണങ്ങുന്നില്ല. ഇനി കളിയാക്കില്ലെന്നു പറഞ്ഞാൽ ഞാനൊരു സ്വകാര്യം പറയാം.”
"ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല”
“സത്യം പറഞ്ഞാൽ എനിക്ക് പൂത്തുമ്പിയെ പേടിയാണ്..”
“എന്തിന്?”
എന്തിനെന്നറിയില്ല. കുട്ടിയായിരുന്നപ്പോൾ മുതൽ അങ്ങനെയാ..”
“എനിക്കു ചിരിക്കാതിരിക്കാൻ വയ്യല്ലോ, പെണ്ണേ..”
“ ഇതിലിത്ര ചിരിക്കാനെന്തിരിക്കുന്നു? എല്ലാവർക്കും ഇങ്ങനെ എന്തെങ്കിലും പേടികളൊക്കെ കാണില്ലേ?”
“കാണും, സമ്മതിച്ചു. എന്നാലും, പാവം പൂത്തുമ്പിയോട് തന്നെ വേണോ, പേടി?”
“കണ്ടോ.. ചിരിക്കില്ലെന്നു പറഞ്ഞിട്ട്..”
“അറിയാതെ ചിരിച്ചു പോയതല്ലേ, ക്ഷമിക്ക്. ഇനിയെന്തു പറഞ്ഞാലും ചിരിക്കുകയേ ഇല്ല. ഉറപ്പ്. ധൈര്യമായി പറഞ്ഞോളൂ.”
“പൂത്തുമ്പിയെ പേടിയായിരുന്നു എന്നുവച്ച്, അന്നത്തെ പട്ടുപാവാടക്കാരി തീർത്തും ഭീരുവായിരുന്നു എന്നൊന്നും കരുതേണ്ട, ട്ടൊ”
“ഓഹോ!.”
“അവൾക്ക് ഇരുട്ടിനെ തീരെയും ഭയമില്ലായിരുന്നു.”
“അതു കൊള്ളാമല്ലോ!.”
“പകലത്തെ ബദ്ധപ്പാടുകൾക്ക് വിരാമമിട്ട്, സകല ജീവജാലങ്ങൾക്കും വിശ്രമിക്കാൻ ആരോ ആ വലിയ സൂര്യവിളക്ക് കെടുത്തിവയ്ക്കുന്നു എന്നേ തോന്നിയിരുന്നുള്ളൂ. എന്നാൽ, ചെടികൾക്ക് പൂമൊട്ടുകളെ പ്രസവിക്കാനും, പൂമൊട്ടുകൾക്ക് ആരും കാണാതെ ഇളംതെന്നലിന്റെ കുളിരിൽ വിരിയാനും, സുഗന്ധം ചൊരിയാനും പ്രകൃതിയൊരുക്കുന്ന സ്വകാര്യനിമിഷങ്ങളല്ലേ, രാത്രികൾ?”
“പെണ്ണേ, നീ വാചാലയാവുന്നല്ലോ !.”
“മുല്ലമൊട്ടു വിരിയുന്നതു കാണാൻ രാത്രിയേറെ വൈകും വരെ ജനാലയ്ക്കരികിൽ നോക്കിയിരുന്നിട്ടുണ്ട്. ഒടുവിൽ, ഉറക്കം കണ്ണിൽ വന്നു നിറയുമ്പോൾ തിരികെ പോരും. രാവിലെയുണർന്നു നോക്കുമ്പോൾ മുല്ല നിറയെ പുഞ്ചിരിച്ചുനിൽക്കുന്ന മുല്ലപ്പൂക്കൾ. മുല്ലയോട് ശരിയ്ക്കും ദേഷ്യം തോന്നീട്ടുണ്ട്.”
“ഉവ്വോ?”
“ഉം”
“മുല്ലയോടും പിണങ്ങുമോ?”
“പിന്നെ, പിണങ്ങാതെ ! കുറുമ്പു കാട്ടിയാൽ ആരോടായാലും പിണങ്ങും. ആരോടും പറയില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം. പറയട്ടെ?”
“ഉം. പറഞ്ഞോളൂ.”
“രാത്രിയിൽ ജനാലക്കരികിലിരുന്ന് സുഖമുള്ള തണുത്ത കാറ്റേറ്റ്, പരീക്ഷയ്ക്കുള്ള പാഠങ്ങൾ വായിച്ചുപഠിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ചിലപ്പോൾ കസേരയിൽ ചാരിയിരുന്ന് അറിയാതെ ഉറങ്ങിപ്പോവും. അപ്പോഴൊക്കെ ആരോ എന്റെ നെറ്റിയിൽ ചുംബിച്ച് എന്നെ ഉണർത്തുമായിരുന്നു. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഒരു മൃദുചുംബനം. ഇപ്പൊഴും അതെന്റെ ഹൃദയത്തിലുണ്ട്. അതാരായിരുന്നുവെന്ന് എനിക്കറിയില്ല. ആരെയും അവിടെയെങ്ങും കണ്ടിട്ടുമില്ല. കണ്ണടച്ച്, ആ ചുംബനത്തിനായി പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. പക്ഷെ, ആരും വന്നില്ല, ചുംബനം തന്നില്ല, പിന്നീടും എപ്പൊഴൊക്കെയോ, ഉറക്കത്തിലേയ്ക്കാഴ്ന്നു പോകുമ്പോൾ നെറ്റിയിൽ ആ ചുംബനം ഞാനറിഞ്ഞു, അറിയാതെ ഉണർന്നു. അതാരായിരുന്നെന്ന് എനിക്കിപ്പോഴുമറിയില്ല.”
“ഒക്കെ നിന്റെ തോന്നലുകളാവും”
“ആയിരിക്കാം. ചിലപ്പോൾ ചില തോന്നലുകൾക്ക് യാഥാർഥ്യങ്ങളെക്കാൾ കരുത്തുണ്ട്."
"എത്ര പെട്ടെന്നാണ് നിന്നിലെ പട്ടുപാവാടക്കാരി വളർന്ന് സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടിയായത് ! മുല്ലമൊട്ട് വിരിയുന്നത് ഞാനിപ്പോൾ കണ്ടു.”
“കളിയാക്കണ്ട, ട്ടോ”
“കളിയാക്കിയതല്ല, പെണ്ണേ”
“ഉം. സമ്മതിച്ചു. പിന്നെ.. ഒരു കാര്യം പറയാൻ മറന്നു. കാണുമ്പോൾ ആദ്യമേ തന്നെ പറയണമെന്നു കരുതിയതാണ്.”
“എന്താത്?”
“ഞാനിന്നൊരു കുട്ടിയെ കണ്ടു.”
“കുട്ടിയേയോ?”
“ഉം. കുട്ടി തന്നെ. കറുത്ത് മേലാകെ ചെളിപുരണ്ട് ഒന്നോ രണ്ടോ വയസ്സുള്ളൊരു ആൺകുട്ടി. മുട്ടുകാലിനു മീതെ നിൽക്കുന്ന മുഷിഞ്ഞ ഷർട്ടു മാത്രമായിരുന്നു, വേഷം. നല്ല ചന്തമുള്ളൊരു കുട്ടി. ചീകിയൊതുക്കാത്ത ചുരുണ്ട മുടി അവനു നന്നായി ചേരുന്നതുപോലെ തോന്നി.”

“ഉം”

“ബസ്റ്റോപ്പിനടുത്ത് തമ്പടിച്ചിരുന്ന നാടോടിക്കൂട്ടത്തിൽ നിന്നാണവൻ ഓടിവന്നത്. ചിരിച്ചു കൊണ്ട്, ആളുകൾക്കിടയിലൂടെ അങ്ങുമിങ്ങും ഓടിനടന്ന് അവൻ തിരിച്ചുപോയി. അവിടെ അവന്റെ ഛായയുള്ള ഒരു കറുത്ത മനുഷ്യന്റെ മടിയിൽ ചാടിക്കയറി, കുത്തിമറിഞ്ഞ്, ഒന്നു കൊഞ്ചിയിട്ട് അവൻ പിന്നെയും ഓടിവന്നു. എന്തൊരു പ്രസരിപ്പായിരുന്നെന്നോ, ആ മുഖത്ത്! അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അവന്റെ നോട്ടം മനസ്സിൽ കൊത്തി വലിക്കുന്നതു പോലെ തോന്നി.”

“ഉം. എന്നിട്ട്..?”

“എന്നിട്ട്..അവൻ ബസ്റ്റോപ്പിൽ നിന്നിരുന്ന യൂണിഫോമിട്ട ഒരു പെൺകുട്ടിയുടെ അടുത്ത് ചെന്നു. അവളുടെ സ്കൂൾബാഗിന്റെ പുറത്തെ സ്പൈഡർമാന്റെ ഭംഗി നോക്കി ഒരുനിമിഷം നിന്നു. പിന്നെ, ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ, അവളുടെ കയ്യൊന്നു തൊട്ടു. എന്നിട്ട് ആ കുഞ്ഞുകൈ നീട്ടിക്കാണിച്ചു. അവൾ പേടിച്ചെന്നപോലെ പിറകോട്ട് മാറി. അവൻ കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ച് ആളുകൾക്കിടയിലൂടെ ഓടിപ്പോയി.”

“പിന്നീട് അവനെ കണ്ടില്ലേ?”

“പിന്നെ കുറച്ചുനേരം അവനെ കണ്ടില്ല. എന്തിനെന്നറിയാതെ എന്റെ മനസ്സ് അസ്വസ്ഥമായി. മറ്റാരുടെയും ശ്രദ്ധയിൽ‌പ്പെടാതെ ഞാൻ കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞു. പെട്ടെന്ന് എങ്ങുനിന്നോ അവൻ ഓടിവന്നു. ആളുകൾക്കിടയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി അവൻ എന്റെ അടുത്തു വന്നുനിന്നു. അവൻ എന്റെ സാരിയിൽ തൊട്ടുനോക്കി. ഞാൻ അനങ്ങിയില്ല. എന്റെ ഹൃദയത്തിൽ എന്തോ വന്നു നിറയുന്നതു പോലെ തോന്നി. വാത്സല്യമോ സ്നേഹമോ എന്തായിരുന്നു അതെന്നെനിക്കറിയില്ല. അവൻ എന്റെ കയ്യിലൊന്നു തൊട്ടു. പിന്നെ ആ കുഞ്ഞുകൈ ഭിക്ഷ യാചിക്കും പോലെ എന്റെ നേര്‍ക്കു നീട്ടി. ഒരു നിമിഷം ഞാൻ എന്നെ മറന്നു പോയി. ഞാനവന്റെ കയ്യിൽ ബലമായിപിടിച്ച് ഉറക്കെ പറഞ്ഞു. “എന്തായീ കാട്ടണെ?ചുട്ട അടികിട്ടാഞ്ഞിട്ടാണ് ഈ തോന്ന്യാസം!” പറഞ്ഞുതീർന്നതും ഞെട്ടിയുണർന്ന പോലെ ഞാൻ ചുറ്റും നോക്കി. ആളുകൾ എന്നെത്തന്നെ തുറിച്ചുനോക്കുന്നു. ആ കൊച്ചുപയ്യനെ അരികിലെങ്ങും കണ്ടില്ല. അവൻ കരഞ്ഞുകൊണ്ട് ഓടിപ്പോയ്‌ക്കാണുമോ എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ വിങ്ങി. പെട്ടെന്ന് അടുത്ത് നിന്ന സ്ത്രീയുടെ പിന്നിൽ ഒളിച്ചു നിന്ന്, കവിളുകൾ വീർപ്പിച്ച് ഒരു കുഞ്ഞുമുഖം എന്നെ നോക്കി. ആ മുഖത്ത്, കണ്ണുകൾ രണ്ടു തടാകങ്ങൾ പോലെ നിറഞ്ഞുനിന്നു. എനിക്കവനെയൊന്നു വാരിയെടുക്കാൻ തോന്നി. ഞാനവന്റെ നേർക്കു കൈനീട്ടി. അവനെന്റെ കൈ തട്ടിമാറ്റി ആ നാടോടിക്കൂട്ടത്തിലേയ്ക്ക് ഓടിപ്പോയി.”

“പെണ്ണേ, നീ കരയുവാണോ?”

“ഉം. ഞാൻ കരയുന്നതാണോ കാര്യം!.. അവനെന്തിനാ എന്റെ മുന്നില്‍ കൈ നീട്ടിയത്?  ഭിക്ഷ യാചിച്ചു നിന്ന അവന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.  അവന്‍ കുഞ്ഞല്ലേ.. എന്നിട്ട്...”

“എന്തു പറയണമെന്നെനിക്കറിയില്ല. ഇതുപോലെ എത്രയോ കുട്ടികൾ! നമുക്കെന്തു ചെയ്യാനാവും? ഒന്നും ചെയ്യാൻ കഴിയില്ല, വെറുതെ മനസ്സു വിഷമിപ്പിക്കാമെന്നല്ലാതെ. നീയത് വെറുതെ മനസ്സിലിട്ട് നടക്കണ്ട. അല്ലാതെ തന്നെ, സങ്കടങ്ങൾ ധാരാളമില്ലേ?”

“ശരിയാണ്. സ്വന്തമായിട്ടൊരുപാട് സങ്കടങ്ങളുണ്ട്. അവയുടെ കൂട്ടത്തിൽ പുതിയൊരു നൊമ്പരമായി അവനും കൂടി ഇരിക്കട്ടെ. അവനെയെനിക്ക് മറക്കണ്ട. തെരുവിന്റെ സന്തതിയായി വളർന്നതുകൊണ്ട് ഒരിക്കലും ഒരു നല്ല ജീവിതമുണ്ടാകില്ല എന്നു ഞാൻ കരുതുന്നില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, വലിയ തെറ്റുകളിലേയ്ക്ക് അവൻ നടന്നുപോകുമ്പോൾ, എന്റെയീ മനസ്സ് ഒരു പിൻ‌വിളിയായി അവനിലേയ്ക്കെത്താതിരിക്കുമോ?”

“ഒരു പട്ടുപാവാടക്കാരിയിൽനിന്നു വളർന്ന് നിന്റെ മനസ്സിപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നെനിക്കറിയാം. അത് ഏതൊരു സ്ത്രീയുടെയും കരുത്താണ്. കാലത്തിനും ദൂരത്തിനും അതീതമായ മാതൃത്വത്തിന്റെ കരുത്ത്. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ കരുത്ത്. എനിക്കിപ്പോൾ സ്ത്രീയോട് അസൂയ തോന്നുന്നു.”

“നീ ഇത്രയൊക്കെ പറയാൻ, അസാധാരണമായി ഞാനൊന്നും ചിന്തിച്ചില്ലല്ലോ..”

“ഇല്ല. നീ അസാധാരണമായി ഒന്നും ചിന്തിച്ചില്ല. നീ നിന്നോട് നീതി പുലർത്തുക മാത്രമാണ് ചെയ്തത്.”

“ഉം.”

“സമയം എത്രയായീന്നറിയ്യോ!? ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ട എന്റെ ജീവിതത്തിൽ സമയം എന്റെ കല്പനകൾക്കു വിധേയമാണ്. പക്ഷെ, നിനക്കങ്ങനെയല്ലല്ലോ. എന്നത്തെയും പോലെ യാത്ര പറയാതെ പോവുക. നീ അരികിലുണ്ടെന്നു കരുതാൻ അതു ധാരാളം മതിയെനിക്ക്’.”

Sunday, January 11, 2009

ഒരു നെടുവീര്‍പ്പിനൊടുവില്‍

"കുഞ്ഞ്‌ കരയുന്നതു കേട്ടില്ലേ, നീയ്യ്‌?" അകത്തെ മുറിയില്‍ ഇടിമുഴങ്ങി.
അടുക്കളയിലെന്തോക്കെയോ താഴെ വീണുടഞ്ഞു. വിയര്‍ത്തൊലിച്ച്‌, സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ചുകൊണ്ട്‌ അവള്‍ അടുക്കളയില്‍നിന്നോടിവന്നു. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ നോക്കി.
“നീയൊന്നുറങ്ങെന്റെ മോനെ.. അമ്മയ്ക്ക് അടുക്കളേലിമ്മിണി പണീണ്ട്..“
ഈണമില്ലാതൊരു താരാട്ട് മൂളി, അവള്‍ തൊട്ടില്‍ വേഗത്തിലാട്ടി..

അയാള്‍ അടുത്തുവന്ന് അവളുടെ മുഖത്തേയ്ക്ക്‌ തറപ്പിച്ചു നോക്കി.
" എന്താ നിന്റെ ഉദ്ദേശ്യം? അതിനെ കൊല്ലാനാണോ? തള്ളയാണു പോലും ! " അയാള്‍ അവജ്ഞയോടെ മുഖം തിരിച്ചു..
" ഇങ്ങനൊന്നും പറയല്ലേ..ഞാന്‍ നൊന്തുപെറ്റതല്ലേ ഇവനെ..അതു മറക്കണ്ട." അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
"മിണ്ടരുത്‌! നൊന്തു പെറ്റു പോലും ! എന്നിട്ടെവിടെ എന്നെ പത്തുമാസം ചുമന്ന് നൊന്തു പെറ്റ തള്ള? എവിടെയോ ഉണ്ടല്ലോ. നീ ഇന്നേവരെ കണ്ടിട്ടുണ്ടോ? കൊല്ലും ഞാന്‍, എന്റെ കണ്മുന്നിലെങ്ങാനും വന്നു പെട്ടാല്‍ കൊല്ലും ഞാന്‍ !" അയാള്‍ പിന്നെയും അലറി.


അവള്‍ ഒന്നും മിണ്ടാതെ കുഞ്ഞിനെ എടുത്ത്‌ തോളിലിട്ട്‌ അടുക്കളയിലേക്ക്‌ നടന്നു. അടുപ്പിലെ നനഞ്ഞ വിറക്‌ കത്താന്‍ മടിച്ച്‌ പുകഞ്ഞുകൊണ്ടിരുന്നു. അരികിലിരുന്ന പാളക്കീറെടുത്ത്‌ അടുപ്പിലേക്ക്‌ വീശിനോക്കി. പുക പിന്നെയും പടര്‍ന്നതല്ലാതെ തീ കത്തിയില്ല. കുഞ്ഞ്‌ ചെറുതായൊന്നു ചുമച്ചു. വയ്യ.. ഈ പുകയുമായി മത്സരിക്കാന്‍ വയ്യ. കുഞ്ഞിനെ തോളിലിട്ട് അവള്‍ എഴുന്നേറ്റു.

അയാള്‍ അടുക്കളയിലേക്കോടിവന്ന് കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി. വീഴാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു. എന്നിട്ടും, എരിയുന്ന വിറകില്‍ ചവിട്ടി അടുപ്പിനരികില്‍ വീണു. തീപ്പൊരികള്‍ പാറി, അവളുടെ പാദങ്ങളില്‍ വീണ്‌ പൊട്ടിച്ചിതറി. മനസ്സും ശരീരവും ഒരുപോലെ പൊള്ളിയപ്പോള്‍ വേദന കൊണ്ട്‌ പുളഞ്ഞു. തോളുയര്‍ത്തി, പിഞ്ഞിത്തുടങ്ങിയ ബ്ലൌസില്‍ കവിളിലൂടൊഴുകിയിറങ്ങിയ കണ്ണീരു തുടച്ച്‌ അവള്‍ നിലത്തു കുത്തിയിരുന്നു. അടുപ്പില്‍ നനഞ്ഞ വിറകുകള്‍ പുകഞ്ഞുതന്നേയിരുന്നു.
'കരയുന്നോ, തമ്പുരാട്ടി ! കുഞ്ഞ്‌ ചുമച്ചാലും കരഞ്ഞാലും നിനക്കെന്താ, അല്ലേ.. ഇനി അതിനെ വേണ്ടാരുന്നു, എന്നുണ്ടോ, നിനക്ക്‌? ആരെക്കാണിക്കാനാ, ഈ നാടകം? ഞാനിതൊരുപാട്‌ കണ്ടതാ. ഹ്‌.. ഓര്‍മ്മവച്ചനാള്‍ മുതല്‍ ഞാനിതു കുറെ കണ്ടതാ. എന്നോടാണോ, ഈ നാടകം !?"

എന്തു പറഞ്ഞാണിനി...എങ്ങനെ പറഞ്ഞാണിനി.. വേണ്ട ആരോടും ഒന്നും പറയാനില്ല. അവള്‍ ഒരു മൂലയിലേയ്ക്കൊതുങ്ങി ഭിത്തിയില്‍ ചാരി തലകുനിച്ചിരുന്നു. കുഞ്ഞ്‌ അയാളുടെ കയ്യിലിരുന്ന് അസ്വസ്ഥതയോടെ ഉറക്കെ കരഞ്ഞു.

"ഇരുന്നു കണ്ണീരൊഴുക്കാതെ ഇതിനെയൊന്നെടുക്കാന്‍ ഇനി ഞാന്‍ നിന്റെ കാലു പിടിക്കണോ?"

സാരിത്തലപ്പുകൊണ്ട്‌ കണ്ണീരു തുടച്ച്‌, അവള്‍ കുഞ്ഞിനെ വാങ്ങി കിടപ്പുമുറിയിലേയ്ക്ക്‌ നടന്നു.

അയാള്‍ ഉമ്മറത്തുചെന്ന്, ചാരുകസേരയില്‍ കണ്ണടച്ചിരുന്നു. മനസ്സിലും പുക തിങ്ങിയതു പോലെ തോന്നി. മുപ്പത്‌ വര്‍ഷം മുമ്പ്‌ ഇതു പോലൊരു മകയിരം നാളില്‍ ഒരു സ്ത്രീ പ്രസവിച്ചതാണ്‌ തന്നെയും. എന്നിട്ടതോര്‍ക്കാന്‍ ഇന്നവരെവിടെ? ഏതെങ്കിലും നാട്ടിലിരുന്ന് ഈ ദിവസം അവരതോര്‍ക്കുന്നുണ്ടാവുമൊ? ആരോര്‍ക്കാന്‍ ! ഫൂ.. അയാള്‍ മുറ്റത്തേയ്ക്ക്‌ നീട്ടിത്തുപ്പി. ഇവിടെയും ആരുമില്ല, അതൊന്നുമോര്‍ക്കാന്‍. അയാള്‍ കിടപ്പുമുറിയിള്‍ ചെന്നു നോക്കി. അവള്‍ ഭിത്തിയുടെ നേര്‍ക്ക്‌ ചരിഞ്ഞുകിടന്നു കുഞ്ഞിന്‌ പാലു കൊടുക്കുന്നുണ്ട്‌. അയാള്‍ ശബ്ദമുണ്ടാക്കാതെ തിരിച്ചു പോന്നു. ചാരുകസേരയിള്‍ വീണ്ടും വന്നിരുന്നു. താനും ഒരിക്കലിങ്ങനെ അമ്മയോടുചേര്‍ന്ന് കിടന്നുകാണുമോ? അമ്മയുടെ താരാട്ട്‌ കേട്ടുറങ്ങിക്കാണുമോ? എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും, അങ്ങനെയൊരു താരാട്ടിന്റെ ഒരു നേരിയ ഈണം പോലും മനസ്സിലേയ്ക്കു കടന്നുവന്നില്ല.

അമ്മ തന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ തനിക്കെത്ര വയസ്സു കാണും? മൂന്ന്‌, അതോ നാല്‌ ? അച്ഛനോട്‌ പിണങ്ങി പോയതാണു പോലും ! അയാളുടെ മനസ്സില്‍ വെറുപ്പ്‌ നുരഞ്ഞുപൊങ്ങി. അച്ഛന്‍ കൊല്ലുമെന്നു പറഞ്ഞാലും പോകണമായിരുന്നോ, സ്വന്തം മകനെ ഉപേക്ഷിച്ച്‌? വാശിയായിരുന്നു പോലും! എവിടെയോ സുഖമായി ജീവിക്കുന്നുണ്ട്. ഒന്നും അറിയേണ്ടല്ലോ. ഈ മകന്‍ എങ്ങനെ വളര്‍ന്നു, എത്ര വേദനിച്ചു ഇതൊന്നും അറിയേണ്ടല്ലോ. എല്ലാവരും ജയിച്ചു. തോറ്റത് ഈ പാഴ്‌ജന്മം മാത്രം. ഉള്ളിലെ വിങ്ങല്‍ കണ്ണില്‍ നനവായ്‌ പടരുന്നത്‌ അറിഞ്ഞില്ലെന്നു നടിച്ച്‌, അരമതിലിലിരുന്ന പാത്രമെടുത്ത്‌ അയാള്‍ ദേഷ്യത്തോടെ മുറ്റത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു. പാത്രം വയ്ക്കാന്‍ കണ്ട ഒരു സ്ഥലം!


അച്ഛനും വാശിക്കാരനായിരുന്നു. അമ്മ പോയതിനു പിന്നാലെ ഒരു സ്ത്രീ അമ്മയായി അച്ഛനോടൊപ്പം കയറിവന്നു. ആദ്യദിവസം മുതലേ അവരെ എന്തിനെന്നറിയാതെ വെറുത്തു. അവരെ കൊന്നുകളഞ്ഞാലോ എന്നു വരെ ആലോചിച്ചിട്ടുണ്ട്‌. കുട്ടിയായതുകൊണ്ട്‌ ഒന്നും ചെയ്യാന്‍ ധൈര്യമുണ്ടായില്ല. അച്ഛനും ആ സ്ത്രീയും ആളുകളുടെ മുന്നില്‍ സ്നേഹമഭിനയിച്ചു നടന്നു. ആരും കാണാത്തപ്പോള്‍ അവര്‍ പരസ്പരം തര്‍ക്കിച്ചു. കയര്‍ത്തു.. അപ്പോഴൊക്കെ ജന്മം തന്ന സ്ത്രീയെ കൂടുതല്‍ കൂടുതല്‍ വെറുത്തു.അച്ഛനും ജീവിതം മടുത്തുകാണും. അതാവും, നേരത്തെ തന്നെ മരണത്തിനു പിന്നാലെ നടന്നു പോയത്‌. പിന്നീടൊരിക്കലും അവര്‍ ചിരിച്ചുകണ്ടില്ല. അച്ഛന്റെ മരണം അവരെ തളര്‍ത്തിയിരുന്നോ? അച്ഛനെ അവര്‍ സ്നേഹിച്ചിരുന്നോ? ആര്‍ക്കറിയാം! ഒരുദിവസം, എന്തൊക്കെയോ ബാഗില്‍ കുത്തിനിറച്ച്‌ അവര്‍ ഇറങ്ങിപ്പോയി. അത്‌ നിസ്സംഗതയോടെ നോക്കിനിന്നു. പിന്നെ, അകത്തു കയറി വാതിലടച്ചു.

അന്നു വൈകിട്ട്‌, അയലത്തെ കാളിത്തള്ളയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ വിളമ്പിത്തന്ന ചോറുവാരിത്തിന്നുമ്പോള്‍, കണ്ണു നിറഞ്ഞിരുന്നെങ്കിലും ചുട്ട മുളകു ചേര്‍ത്തു കുഴച്ച ആ ചോറിന്‌ നല്ല സ്വാദായിരുന്നു. പിന്നീട്‌ വിശന്നപ്പോഴൊക്കെ കാളിത്തള്ളയുടെ വിളിയ്ക്ക് കാതോര്‍ത്തിരുന്നു. കൊയ്ത്തും മെതിയുമുള്ള വീടുകളിലെ പിന്നാമ്പുറത്ത് ചെന്ന് ആഹാരത്തിന് കാത്തുനില്‍ക്കാന്‍ അഭിമാനം സമ്മതിച്ചില്ല. സ്കൂളില്‍ പോകാന്‍ ആരും പറഞ്ഞില്ല. കാളിത്തള്ളയോടൊപ്പം പാടത്തു പോയി. ആദ്യമൊക്കെ വെറുതെ എല്ലാം നോക്കിനിന്നു. പിന്നെ, ഒരു ദിവസം കാളിത്തള്ള പാടത്ത് നിന്ന് വിളിച്ചുപറഞ്ഞു,
“നോക്കിനിക്കാണ്ട്, ഇങ്ങോട്ടെറങ്ങിവാ ചെക്കാ..”
പാടത്തേയ്ക്കിറങ്ങുമ്പോള്‍ കാല്‍ വഴുക്കി. ചെളിയില്‍ മുഖമടിച്ചു വീണു. പാടത്ത് അങ്ങുമിങ്ങും നിന്ന് പരിഹാസച്ചിരി. അടക്കം പറച്ചില്‍.

“ എന്തിത്ര ചിരിക്കാന് പെണ്ണുങ്ങളേ..നീയൊന്നും ചെളീല് വീഴാത്ത പോലെ.. എന്നെക്കൊണ്ടൊന്നും പറേപ്പിക്കല്ലേ..”
കാളിത്തള്ള വന്ന് കയ്യില്‍ പിടിച്ചെഴുന്നേല്‍‌പ്പിച്ചു. മുഖത്തെ ചെളിയില്‍ കണ്ണീരു കലര്‍ന്നത് അവര്‍ കണ്ടില്ലെന്നു നടിച്ചതാവുമോ? വൈകിട്ട് പണി കഴിഞ്ഞ് വരമ്പത്ത് കയറിയപ്പോള്‍, രണ്ടു രൂപ ആരോ കയ്യില്‍ വച്ചു തന്നു. ആദ്യമായി കിട്ടിയ കൂലി. അന്ന് ആഹാരം വിളമ്പിവച്ചിട്ട് കാളിത്തള്ള അടുക്കളയിലേയ്ക്ക് പോയപ്പോള്‍ കൂടെ ചെന്നു.
“എന്താ ചെക്കാ, നിന്ന് പര്ങ്ങണത്? വെശപ്പില്ലേ.?”
ഒന്നും മിണ്ടാതെ ആ രണ്ടുരൂപ ആ ചുക്കിച്ചുളിഞ്ഞ ഉള്ളംകയ്യില്‍ വച്ചുകൊടുത്ത്, തിരിഞ്ഞുനടന്നു. കണ്ണീരൊഴുകുന്നത് അവര്‍ കാണണ്ടെന്നു തോന്നി.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അരികില്‍ വന്ന് അവര്‍ മുടിയില്‍ തലോടി.
“ഭഗോതിയേ, കാത്തോളണേ...ആരോരുമില്ലാത്ത ചെക്കനാ ”
കൂനിക്കൂടി നടന്നകന്ന ആ രൂപം തന്റെ സ്വന്തം അമ്മയായിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോയി.

കുട്ടനാടില്‍ പിന്നെയും കുറെ കൊയ്ത്തും മെതിയും കടന്നു പോയി. കാവിലെ ഉത്സവങ്ങൾക്ക് കാളിത്തള്ളയോടൊപ്പം പോയി. ചാന്തും പൊട്ടും വാങ്ങാന്‍ പെണ്ണുങ്ങള്‍ കലപിലകൂട്ടുന്നിടത്തേയ്ക്ക് നോക്കിയില്ല. വെറുപ്പാണ് തോന്നിയത്.

കാളിത്തള്ളയ്ക്കു വയ്യാതായപ്പോള്‍ അവരെ പണിക്കയച്ചില്ല. പാടത്തെ പണികഴിഞ്ഞ്, അരിയും മുളകുമൊക്കെ വാങ്ങിക്കൊണ്ടു പോയി, അവര്‍ക്ക് കഞ്ഞി വച്ചു കൊടുത്തു. വിറച്ച് വിറച്ച്, പ്ലാവില കൊണ്ട് അവര്‍ കഞ്ഞി കോരിക്കുടിക്കുന്നതു നോക്കിയിരുന്നപ്പോഴൊക്കെ സങ്കടം തോന്നിയിരുന്നു. കാളിത്തള്ള കൂടി പോയാല്‍ പിന്നെ... അവര്‍ ഉറങ്ങുമ്പോഴൊക്കെ അടുത്ത് ചെന്നു നോക്കി. ആ എല്ലിന്‍‌കൂട് അനങ്ങുന്നുണ്ടോ?..

ഒരു ദിവസം രാവിലെ ചെന്നു നോക്കുമ്പോള്‍ കാളിത്തള്ള ആ എല്ലിന്‍‌കൂട് ഉപേക്ഷിച്ച് എവിടെയോ പോയ് മറഞ്ഞിരുന്നു. ചിത കൊളുത്തിയപ്പോള്‍, ഒരിക്കല്‍ക്കൂടി അനാഥനായി.

പിന്നീട്, ആരുടെയൊക്കെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു. വേണ്ടിയിരുന്നില്ല.ആരോടെന്നില്ലാതെ, എന്തിനെന്നില്ലാതെ, വെറുപ്പ്‌ മനസ്സില്‍ പുകഞ്ഞു നീറി. ഓര്‍മ്മകളില്‍ മുങ്ങിയപ്പോള്‍ അടുക്കളയിലെ പുക ഉമ്മറത്തേയ്ക്കു എത്തിയതറിഞ്ഞില്ല. അടുക്കളയില്‍ ചെന്ന് അടുപ്പിലേയ്ക്ക്‌ കുറെ വെള്ളം കോരിയൊഴിച്ചു. തീയണയട്ടെ, എന്നാലെങ്കിലും, ഈ നശിച്ച പുക....


അയാള്‍ ഉമ്മറത്ത്‌ കൈകള്‍ കൂട്ടിത്തിരുമ്മി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അടുക്കളയിലാരോ കടന്നതുപോലെ തോന്നി. ചെന്നുനോക്കുമ്പോള്‍ ഓടിക്കയറിവന്നിട്ടെന്ന പോലെ അണച്ചുകൊണ്ട്‌ അവള്‍. മുഖത്ത്‌ വിയര്‍പ്പുതുള്ളികള്‍. കയ്യില്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. അയാള്‍ അടുത്തുചെന്ന് അവളെ അടിമുടിയൊന്നു നോക്കി. അവള്‍ ഒന്നു പതറിയോ? ഒന്നമര്‍ത്തിമൂളിയിട്ട്‌ അയാള്‍ തിരിഞ്ഞുനടന്നു. ചാരുകസേരയില്‍ ചെന്നിരുന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല.

കണ്ണു തുറന്നു നോക്കുമ്പോള്‍ വെയില്‍ മങ്ങിയിരുന്നു. ഒന്നു കുളിച്ച്‌ അടുക്കളയില്‍ ചെന്നു നോക്കി. അടുപ്പ്‌ വീണ്ടും കത്തിയിട്ടുണ്ട്‌. തെളിഞ്ഞ കനലുകള്‍ക്കു മീതെ അടച്ചു വച്ച പാത്രം തുറന്നുനോക്കി. കപ്പ വേവിച്ചത്‌ ചൂടാറാതെയിരുപ്പുണ്ട്‌. കിടപ്പുമുറിയില്‍ ചെന്നു നോക്കി. കുഞ്ഞ്‌ ഉറക്കമാണ്‌. അവള്‍ കുളിച്ച്‌ വസ്ത്രം മാറിയിട്ടുണ്ട്‌. വിടര്‍ത്തിയിട്ട മുടിയില്‍ തങ്ങിനില്‍ക്കുന്ന ഒരു തുളസിക്കതിര്‍. അവള്‍ കുനിഞ്ഞിരുന്ന് കീറിയതെന്തോ തുന്നുകയാണ്‌. അയാളുടെ ഉള്ളില്‍ ദേഷ്യം പിന്നെയും പുകഞ്ഞു. കട്ടിലില്‍ പോയി കിടന്നു. ഒരു ജന്മദിനം കൂടി കടന്നുപോവുന്നു. ആരുമറിയാതെ. അമ്മ പോലുമോര്‍ക്കാനില്ലാതെ. ആത്മനിന്ദയില്‍ അയാള്‍ ഉരുകി. ഉറക്കെ കരഞ്ഞാലോ എന്നു തോന്നി. കണ്ണുകളിറുകെയടച്ചുകിടന്നു.

നെറ്റിയില്‍ ചന്ദനം തൊട്ടതുപോലൊരു തണുപ്പ്‌ ! ആരോ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തിയോ? അയാള്‍ കണ്ണു തുറന്നു നോക്കി. പേടിച്ചരണ്ട മുഖത്തോടെ അവള്‍ അകന്നുമാറി. അയാള്‍ വീണ്ടും കണ്ണുകളടച്ചു. മനസ്സിലെവിടെയോ ഒരു ചെറുകാറ്റു വീശി. അടക്കിവച്ച നൊമ്പരം കണ്‍പീലികളില്‍ മുത്തുകളായ്‌ തിളങ്ങി.. പിന്നെ, മെല്ലെ മെല്ലെ, മഞ്ഞിന്റെ തണുപ്പുള്ള, തുളസിക്കതിരിന്റെ ഗന്ധമുള്ള അവളുടെ മുടിയിഴകള്‍ അയാളുടെ മുഖം മറച്ചപ്പോള്‍ കണ്ണുനീരരുവികള്‍ കുതിച്ചൊഴുകി. അയാളുടെ മുഖം ഹൃദയത്തോട്‌ ചേര്‍ത്ത്‌ അവള്‍ ഒരു മന്ത്രം പോലെ അയാളുടെ കാതില്‍ പറഞ്ഞു,
"എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌, ഈ ദേഷ്യക്കാരന്റെ മനസ്സ്‌. വിഷമിക്കല്ലേ. ഞാനില്ലേ, കൂടെ...എനിക്കു വേണം ഈ നെഞ്ചിലെ സ്നേഹം മുഴുവന്‍..."
അയാള്‍ അന്നാദ്യമായി അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കി. ആ ജന്മം നിഷേധിക്കപ്പെട്ട സ്നേഹം മുഴുവന്‍ ആ കണ്ണുകളില്‍ തിരയടിക്കുന്നത്‌ അയാള്‍ കണ്ടു. തലയണയ്ക്കരികിലായി അവള്‍ വച്ചിരുന്ന കോടിമണമുള്ള ഷര്‍ട്ട്‌ അയാള്‍ കയ്യിലെടുത്തു. പിന്നെ അവളുടെ കീറിത്തുടങ്ങിയ സാരിയിലേയ്ക്ക്‌ നോക്കി. അതിലെ തുന്നലുകള്‍ മെല്ലെ നക്ഷത്രങ്ങളായി. അവള്‍ നക്ഷത്രരാജ്യത്തെ രാജകുമാരിയും.


തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞുണര്‍ന്ന് നേരിയ ശബ്ദത്തില്‍ കരഞ്ഞു. അയാളുടെ മാറില്‍ ചേര്‍ന്നു കിടന്ന്, അവള്‍ ഏതോ ഒരു പഴയ താരാട്ടിന്റെ ഈണം മൂളി. ആ താരാട്ടിന്റെ സുഖമുള്ള ഈണത്തില്‍ കുഞ്ഞ്‌ വീണ്ടും മയങ്ങി, ഒപ്പം അയാളും.


Wednesday, December 10, 2008

ഒരു പ്രവാസിയ്ക്ക്, എന്റെ സാന്ത്വനക്കുറിപ്പ്..

ഒരു പകലിന്‍ നിലയ്ക്കാത്ത
യാത്രയ്ക്കൊടുവിലീ,
കരുത്തന്‍, സൂര്യനിന്നു
വാടിത്തളര്‍ന്നുവോ?

തണുവണിപ്പുലരിയില്‍
ഒരു കല്‍‌വിളക്കായ്
തെളിഞ്ഞതും,
തന്‍ ശോണിമപ്രഭയേകി
പൂര്‍വ്വാംബരം തുടുപ്പിച്ചതും,
ഇരുള്‍ കടന്നെത്തിയ ഭൂമി തന്‍,
നിശ്വാസക്കാറ്റേറ്റു വാങ്ങി
ചെറുമരങ്ങള്‍ പെയ്യവെ,
കറുത്തയാമങ്ങളിലാരോ
ചവിട്ടിമെതിച്ച,
തളര്‍ന്ന പുല്‍ക്കൊടികളെ
തഴുകിത്തലോടി
അവരുടെ നിറുകയില്‍
വൈഡൂര്യമണിയിച്ചതും,
ആ നനഞ്ഞ കപോലങ്ങളില്‍
മഴവില്ലു വിരിയിച്ചതും,
പിന്നെ, ഒരു നീണ്ട യാത്രയ്ക്കൊരുങ്ങി,
വിട പറയും മുന്‍പെ,
തന്‍ കതിരൊളിയാലെ,
സ്തന്യം തന്ന പുഴയെ
പൊ‌ന്‍‌കസവണിയിച്ചതും
നീ തന്നെയല്ലേ..

ഇരുട്ടിനെതിരെ,
വെളിച്ചത്തില്‍ സ്രോതസ്സായി
ഒരുപാട് ദൂരം താണ്ടി
ഒടുവില്‍, മദ്ധ്യാഹ്നത്തിലേകനായ്,
സ്വയം കത്തിയെരിഞ്ഞു
നീറിപ്പിടഞ്ഞതും
നീ തന്നെയല്ലേ..

പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍
അനിവാര്യം, ഇനിയുമൊരു
വേര്‍പാടെന്നറിഞ്ഞിട്ടും,
നൊമ്പരമടക്കി,
എല്ലാം മറന്നവളുടെ കവിളില്‍
കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും
അവളെ മോഹിനിയാക്കിയതും,
നീ തന്നെയല്ലേ..

ഇന്നീ കടലിന്നടിത്തട്ടില്‍
തളര്‍ന്നു നീ വീഴുമ്പോള്‍
ഒന്നോര്‍ക്കുക-
ഇനിയുമൊരു പ്രഭാതം
അരികെയുണ്ട്.

Friday, November 21, 2008

നിലാവിന്റെ പൊയ്കയില്‍

നിലാവിന്റെ പൊയ്കയില്‍ നീരാടുവാന്‍ വന്നു
ആരോരുമറിയാതെ പനിമതിപ്പെണ്‍കൊടി
പൊയ്കയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മാറിലെ
വെണ്‍‌മേഘച്ചേല ഞൊറിയഴിഞ്ഞു
അവളുടെ കവിളിലെ ലജ്ജയിന്നെന്‍ സഖീ,
നിന്‍ മിഴിയിണയില്‍ ഞാന്‍ കണ്ടുവല്ലോ

അരികില്‍ ഞാനെത്തുമ്പോള്‍ ഓടിയകലും നിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍ ഞാന്‍ കേട്ടതല്ലേ
ഇന്നൊരു പനിനീര്‍പ്പൂ നീട്ടിയ നിന്‍ കൈയില്‍
എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം
പനിനീര്‍ദലം തോല്‍ക്കും നിന്‍ പാദം പുണരുന്ന
കൊലുസ്സെന്തേ കൊഞ്ചാന്‍ മറന്നുപോയോ?

മിഴിയൊന്നുയര്‍ത്തി നീ നോക്കുകിലെന്നോര്‍ത്ത്
പിടയും മനസ്സോടെ കാത്തുനില്‍ക്കെ
നിൻ‌മിഴിയിണയിലെ പ്രണയമന്നഴകോലും
കണ്‍പീലിയാല്‍ നീ മറച്ചതല്ലേ
ഇന്നെന്റെ രാധയായ് മെയ് ചേര്‍ന്നുനില്‍ക്കുമ്പോള്‍
നിന്‍ കണ്ണില്‍ മോഹം തുളുമ്പിയല്ലോ.

Saturday, November 1, 2008

ഓർക്കാൻ മറന്നുപോയ സ്വപ്നം


ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ

പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്

പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്

മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.


ഓ:ടോ: ഈ വരികളൊന്ന് ഈണത്തിൽ പാടിക്കേൾക്കാൻ മോഹം..

Thursday, October 9, 2008

ആരോടും പറയരുതെന്നു കരുതിയത്..

എന്റെയീ ജനാലയ്ക്കപ്പുറം
മഴ പെയ്യുന്നുണ്ട്
ഈ മഴയെന്നെ, വല്ലാതെ
മോഹിപ്പിക്കുന്നല്ലോ
എന്തേയിങ്ങനെ?
എന്തേയിന്നു ഞാനിങ്ങനെ?

ഇലകളില്‍ നൃത്തം വച്ച്
പൂക്കളില്‍ ഇക്കിളിയുണര്‍ത്തി
വരണ്ട മണ്ണിന്റെ മാറില്‍
കുളിരായ് പെയ്തിറങ്ങുന്ന
ഈ മഴ, ഇന്ന് ഇതെന്നെ
വല്ലാതെ മോഹിപ്പിക്കുന്നല്ലോ

നിറുകയില്‍ ചുംബിച്ച്
കണ്‍പീലികളെ നനച്ച്
കവിളിലൂടൊഴുകി
മേലാകെ കുളിരു തന്ന്
നെഞ്ചിനുള്ളില്‍
സുഖമുള്ള ചൂടു തന്ന്
ഈ മഴയെന്നെ നനച്ചെങ്കില്‍..

നോക്കിനോക്കിയിരിക്കെ
മഴ പെയ്തു തോര്‍ന്നുപോയി
ജനാലയ്ക്കപ്പുറം
ഇരുള്‍ വന്നു മൂടിപ്പോയി
മഴയില്‍ ഞാന്‍ നനഞ്ഞില്ല
മഴയെന്നില്‍, കുളിരുള്ള
ചൂടായ് പടര്‍ന്നില്ല

വെറുതെ.. വെറുതെ,
ഞാനാ ഇരുട്ടിലേയ്ക്കെന്റെ
കൈയൊന്നു നീട്ടി
എങ്ങുനിന്നോ, ഒരു
മഴത്തുള്ളിയെന്റെ
കൈയില്‍ വന്നു വീണു
ഒരു നിധി പോലെ
ഞാനതെന്‍ കവിളോടു ചേര്‍ത്തു
അതെന്റെ കവിളില്‍
കുളിരായ് പടര്‍ന്നു, മേലാകെ
മഴയായ് പെയ്തിറങ്ങി
ആ മഴയില്‍, ഞാന്‍
എന്നെ മറന്നു

ഇനിയൊരു സ്വകാര്യം പറയട്ടെ?

ആരും കാണാതെ,
ആകാശം കാണാതെ
ആ മഴത്തുള്ളിയെ
ഞാനെന്റെ ഹൃദയത്തില്‍
ഒളിപ്പിച്ചുവച്ചിട്ടുണ്ട്,
എന്നും, എന്നില്‍
മഴയായ് പെയ്തിറങ്ങാന്‍.

Wednesday, July 16, 2008

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം


(പാബ്ലോ നെരൂദയുടെ ‘Everyday you play' എന്ന വളരെ പ്രശസ്തമായ കവിതയുടെ ഒരു സ്വതന്ത്രപരിഭാഷയാണിത്. വാച്യാര്‍ത്ഥത്തേക്കാള്‍ ഞാന്‍ തേടിയത് കവിതയുടെ ആത്മാവിനെയാണ്. ഈ കവിത എന്റെ മനസ്സില്‍ ഒരു വസന്തമായ് വന്നിറങ്ങുകയായിരുന്നു. ആ പൂക്കാലം... അല്ല, അതില്‍ നിന്നൊരു പൂവെങ്കിലും നിങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെയീ പോസ്റ്റ് സഫലം.)

ഓരോ ദിനവും ഈ പ്രപഞ്ചത്തിന്റെ പ്രകാശവുമായ് നീ കേളിയാടുകയാണ്
നിഷ്കളങ്കയായ വിരുന്നുകാരീ, ഓരോ പൂവിലുംഓരോ മഞ്ഞുതുള്ളിയിലും
നിന്നെ ഞാന്‍ കാണുന്നു
എന്നും എന്റെ കൈകള്‍ക്കുള്ളില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്ന
തുടുത്ത പഴങ്ങള്‍ പോലെ സുന്ദരമായ ഈ മുഖത്തേക്കാള്‍
നീ മ‌റ്റെന്തൊക്കെയോ ആണ്.

നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല
ഈ മഞ്ഞപ്പൂക്കളുടെ മെത്തയില്‍ നിന്നെ ഞാന്‍ കിടത്തിക്കോട്ടെ?
തെക്കന്‍‌നക്ഷത്രങ്ങള്‍ക്കിടയില്‍ ധൂമം കൊണ്ട് നിന്റെ പേരെഴുതിയതാരാണ്?
നീ ജനിക്കും മുന്‍പേ തന്നെ നിന്നെ ഞാനറിഞ്ഞിരുന്നുവോ?

എന്റെ ജനാലക്കല്‍ കാറ്റ് വീശിയടിക്കുന്നുണ്ട്
ആകാശം നിഴലുകള്‍ കുരുങ്ങിയ വല പോലെയായിരിക്കുന്നു
വൈകാതെ കാറ്റ് അവയെയെല്ലാം പറത്തിയോടിക്കും
മഴ അവളുടെ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ നോക്കുകയാണ്

പക്ഷികള്‍ പ്രാണനുമായി പരക്കം പായുന്നു
കാറ്റ്.. ചുറ്റിനും കാറ്റ് മാത്രം
എനിക്കെതിരിടാനാവുന്നത്, മനുഷ്യശക്തിയെ മാത്രമാണ്
കരിയിലകളെല്ലാം കാറ്റിന്റെ ചുഴിയില്‍പ്പെട്ടിരിക്കുന്നു
ഇന്നലെ രാവില്‍ ആകാശത്തിന്റെ കോണില്‍ കെട്ടിയിട്ടിരുന്ന തോണികളെല്ലാം
എവിടേയ്ക്കോ ഒഴുകിനീങ്ങുകയാണ്

നീ എന്റെ അരികേയാണ്, എന്നില്‍ നിന്നും അകന്നു പോകല്ലേ
എന്റെ അവസാനത്തെ കരച്ചിലിനു വരെ നീ വിളികേള്‍ക്കണം
പേടിച്ചരണ്ടെന്ന പോലെ, എന്റെ നെഞ്ചോടു ചേര്‍ന്നു നീ നില്‍ക്കുമ്പോഴും
അതുവരെ കാണാത്ത എന്തോ ഒന്ന്, നിന്റെ മിഴികളില്‍ മിന്നിമറഞ്ഞല്ലോ

ഇപ്പോഴും, ഇപ്പോഴും എന്റെ കണ്മണീ, നീയെനിക്കു തേന്‍ പകരണം
നിന്റെ മാറില്‍ തേനിന്റെ ഗന്ധം ഞാനറിയുന്നു
ക്രൂരനായ കാറ്റ് ശലഭങ്ങളെ കൊന്നൊടുക്കുമ്പോഴും, നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്റെ ചുണ്ടുകള്‍ക്കുള്ളിലെ മധുരമുള്ള കനികളെ, എന്നിലെ ഉന്മാദം നുകരുകയാണ്

എന്നോട് ചേരാന്‍ നീ എത്രയോ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി !
പ്രാകൃതനായ ഈ ഒറ്റയാന്റെ പേരു കേട്ട് ഓടിയൊളിക്കാത്തവര്‍ ആരുണ്ട്?
എന്നിട്ടും, തിരിയുന്ന പങ്കയുടെ കീഴില്‍ ഇരുള്‍ മെല്ലെയഴിഞ്ഞുവീഴുമ്പോള്‍
എത്രയോ വട്ടം, നമ്മുടെ കണ്ണുകളെ പ്രഭാതനക്ഷത്രം ചുംബിച്ചുണര്‍ത്തിയിരിക്കുന്നു

ഞാനീ പറയുന്നതെല്ലാം നിന്നില്‍ മഴയായ് പെയ്തിറങ്ങുന്നത് ഞാനറിയുന്നു
എത്രയോ നാളായ്, ചിപ്പി പോലെ സുന്ദരമായ നിന്നിലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഈ പ്രപഞ്ചം തന്നെ നിന്റെ സ്വന്തമാണെന്നെനിക്കു തോന്നിപ്പോകുന്നു
മലയോരങ്ങളില്‍ നിന്നും നീലക്കുറിഞ്ഞികളും, നിറമുള്ള പൂക്കളും
പിന്നെയൊരു പൂക്കൂട നിറയെ ചുംബനങ്ങളും ഞാന്‍ നിനക്കായ് കൊണ്ടുവരും
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം.

Wednesday, March 12, 2008

നെഞ്ചിനുള്ളിലെ കനല്‍

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
ആ കനല്‍ എരിഞ്ഞു തന്നേയിരിക്കുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌

നനവാര്‍ന്ന മിഴിയിലും, വിറയാര്‍ന്ന ചുണ്ടിലും
ഒരുചിരി ഞാനെന്നും അണിയാറുണ്ട്‌
ചൊരിയുന്ന ചിരിയിലും സ്നേഹമഴിയുന്ന മൊഴിയിലും
കരള്‍ നീറിപ്പിടയുന്നതറിയാറുണ്ട്‌

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

പൊരിയുന്ന വെയിലിലും പൊള്ളുന്ന മണലിലും
ഒരു തണല്‍ തേടി ഞാനലയാറുണ്ട്‌
ആരോ വിടര്‍ത്തിയ വെണ്‍കുടക്കീഴില്‍ ഞാന്‍
‍ആരും ക്ഷണിക്കാതെ നില്‍ക്കാറുണ്ട്‌

പരിഹാസ്യമാവുന്ന നിമിഷങ്ങളൊക്കെയും
ഹാസ്യമായ്‌ കണ്ടു രസിക്കാറുണ്ട്‌
നെഞ്ചിന്റെയുള്ളിലെ എരിയുന്ന കനലിനെ
നെടുവീര്‍പ്പിനുള്ളില്‍ ഒളിക്കാറുണ്ട്‌

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല
എന്നിലെരിയുന്ന കനലിലെ തീ കെടുത്താന്‍
‍ഇനിയുമൊരു പൂക്കാലമെത്താതിരിക്കില്ല
എന്നിലെ കുയിലിനു പാട്ടു പാടാന്‍

‍കാത്തിരിക്കേണം ഞാന്‍ തളരാതെ വീഴാതെ
അതുവരെയെന്‍ ചിരി മാഞ്ഞിടാതെ
എന്നിലെ സ്നേഹത്തിന്‍ വറ്റാത്ത ഉറവ ഞാന്‍
കാത്തു സൂക്ഷിക്കണം പൊന്നു പോലെ

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌ തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

Sunday, March 9, 2008

ഒരു ചിത്രകാരന്റെ പുനര്‍ജന്മം

ചിതറിക്കിടന്ന നിറങ്ങളുടെ നടുവില്‍, പാതിവരച്ച ചിത്രങ്ങളുടെയിടയില്‍, അയാള്‍ ചുരുണ്ടുകൂടിക്കിടന്നു, മറ്റൊരു അപൂര്‍ണ്ണചിത്രം പോലെ. വിശപ്പ്‌ അയാളിലെ ചിത്രകാരനെ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു. മയങ്ങിക്കിടക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്‌ അയാള്‍ വിശപ്പിന്റെ നിറത്തെക്കുറിച്ച്‌ ഓര്‍ത്തുനോക്കി. വിശപ്പിന്റെ നിറം കറുപ്പാണോ? അതല്ലെങ്കില്‍ വെളുപ്പ്‌. മറ്റൊന്നുമാവാന്‍ വഴിയില്ല.

ദൂരെ വീണുകിടന്ന ഒരു ബ്രഷ്‌ കയ്യെത്തിച്ചെടുത്തു. കിടന്നുകൊണ്ടുതന്നെ ഏതൊക്കെയോ ചായങ്ങളില്‍ മുക്കി. പിന്നെ, അത്‌ ഭിത്തിയിലേയ്ക്ക്‌ വലിച്ചെറിഞ്ഞു. അത്‌ ഭിത്തിയില്‍ തട്ടിത്തെറിച്ച്‌ ചുറ്റും വൃത്തികെട്ട നിറങ്ങള്‍ തെറിപ്പിച്ച്‌, അയാളുടെ അരികില്‍ തന്നെ വന്നു വീണു. അയാള്‍ക്ക്‌ ആ ബ്രഷിനോട്‌ അറപ്പു തോന്നി. ഇത്രയും നല്ല വര്‍ണ്ണങ്ങളില്‍ മുങ്ങിയിട്ടും, ഒരു വൃത്തികെട്ട നിറമല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത അശ്രീകരം..ഫൂ. അയാള്‍ മുഖം തിരിച്ച്‌ കണ്ണടച്ചു കിടന്നു. മുറിയിലുള്ള സകല ബ്രഷുകളെയും അയാള്‍ വെറുത്തു. വൃത്തികെട്ട ജന്മങ്ങള്‍. എല്ലാം കൂട്ടിയിട്ട്‌, തീയിട്ടു കളയണമെന്നു തോന്നി. ഒരു ചിത്രമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു നല്ല നിറമെങ്കിലും ചാലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. വൃത്തികെട്ട ബ്രഷുകള്‍!


വിശപ്പിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ആമാശയത്തിനുള്ളില്‍ എന്തോ പുകഞ്ഞുകത്തുന്നതു പോലെ. കുടിക്കാന്‍ വെള്ളം നിറച്ചുവച്ചിരുന്ന പ്ലാസ്റ്റിക്‌ കുപ്പി മേശയുടെ താഴെ കാറ്റില്‍ ഉരുണ്ടുനടക്കുന്നതു കണ്ടപ്പോള്‍ തൊണ്ട ഒന്നു കൂടി വരണ്ടു. ഒന്നു എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെങ്കില്‍.. തലേന്നു ആരോ വാങ്ങിത്തന്ന വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയില്‍ കഴിഞ്ഞ രാത്രിയില്‍ ബോധം കെട്ടുറങ്ങിയതോര്‍മ്മയുണ്ട്‌. പിന്നെ, ഉണര്‍ന്നത്‌ ഈ വിശപ്പിന്റെ ഭ്രാന്തിലേക്കാണ്‌. ഇതു വിശപ്പു തന്നെയാണോ? അതോ, മറ്റെന്തെങ്കിലും തോന്നലാണോ?

എപ്പോഴോ ഒരു കറുത്ത പൂച്ച ജനാലയിലൂടെ അകത്തുകയറിവന്നത്‌ ഓര്‍മ്മയില്‍ ഒരു മിന്നായം പോലെ.. അത്‌ തന്നെ തുറിച്ചുനോക്കി മേശയുടെ താഴെ ഇരുന്നത്‌ അയാളോര്‍ത്തു. കറുത്ത പൂച്ച ദു:ശ്ശകുനമാണെന്നു ആരോ പറഞ്ഞു കേട്ട ഓര്‍മ്മ. ദു:ശ്ശകുനമെന്നു പറഞ്ഞത് മരണത്തെക്കുറിച്ചാവുമോ? രാത്രി മുഴുവന്‍ അത്‌ അവിടെത്തന്നെയുണ്ടായിരുന്നിരിക്കണം. പാതിവരച്ച ചിത്രങ്ങളിലെല്ലാം അതിന്റെ പാദങ്ങള്‍ പതിഞ്ഞ പാടുകള്‍.

മെല്ലെ തല പൊന്തിച്ച്, ഇട്ടിരുന്ന ഷര്‍ട്ടില്‍ നോക്കി. പൂച്ചയുടെ കറുത്ത രോമങ്ങള്‍ നിറയെ. അറപ്പു തോന്നി. എപ്പോഴാണ്‌ അതു തന്റെ അരികില്‍ വന്നു കിടന്നത്‌?! തന്റെ ശരീരത്തോട്‌ ചേര്‍ന്നുകിടന്നപ്പോള്‍ അറിയാതെങ്ങാനും അതിനെ നെഞ്ചോടമര്‍ത്തിക്കാണുമോ?! അയാള്‍ക്കു ആ കറുത്ത പൂച്ചയെ വീണ്ടും കാണാന്‍ തോന്നി. ഷര്‍ട്ടിലെ കറുത്ത രോമങ്ങളെ തട്ടിക്കളയാതെ അയാള്‍ കമഴ്‌ന്നുകിടന്നു. പിന്നെ, വീണ്ടും മയങ്ങി.


അയാളുടെ സ്വപ്നങ്ങളില്‍ കറുത്ത ചായം തട്ടിമറിഞ്ഞു. മഴയില്‍ നനഞ്ഞ യൗവ്വനത്തിന്റെ സ്പര്‍ശം പോലെ അതയാളില്‍ ഒരു ലഹരിയായി പടര്‍ന്നുകയറി. ജനാലയിലൂടെ, ആ കറുത്ത പൂച്ച വീണ്ടും മുറിയിലേയ്ക്കു കടന്നു വന്നു. അതിന്റെ കണ്ണുകളിലെ കനല്‍ക്കട്ടകള്‍ തിളങ്ങി. കറുത്ത ചായങ്ങളില്‍ ചവിട്ടി, പാതിവരച്ച ചിത്രങ്ങളില്‍ കറുത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച്‌, അത്‌ മുരണ്ടുകൊണ്ട്‌ മുറി മുഴുവന്‍ ചുറ്റിനടന്നു. പിന്നെ, അയാളുടെ അരികില്‍ വന്നിരുന്നു. അയാളുടെ ഹൃദയം വേഗത്തില്‍ മിടിച്ചു. കഴുത്തിലെ നേര്‍ത്ത ഞരമ്പുകള്‍ പിടയുന്നത്‌ അയാളറിഞ്ഞു. അയാള്‍ വിശപ്പു മറന്നു. പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ചിത്രങ്ങളെ മറന്നു. ജീവിതത്തിലെ ഭ്രാന്തുപിടിപ്പിക്കുന്ന ഏകാന്തതയെ മറന്നു. സ്നേഹിച്ചവര്‍ തന്നിട്ടുപോയ നൊമ്പരങ്ങളെ മറന്നു. ആ കറുത്ത പൂച്ച തന്നിലേക്കിറങ്ങിവരാന്‍ അയാള്‍ കാത്തുകിടന്നു. കാത്തിരിപ്പിന്റെ ആലസ്യം അയാളെ തഴുകി. കറുത്ത മഴയില്‍ നനഞ്ഞ യൗവ്വനസ്വപ്നങ്ങളില്‍ അയാള്‍ പിന്നെയും മയങ്ങി.

അടഞ്ഞ വാതിലിനപ്പുറത്തെ എന്തൊക്കെയോ ശബ്ദങ്ങള്‍ അയാളെ ഉണര്‍ത്തി. പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. എപ്പോഴാണ്‌ മഴ പെയ്യാന്‍ തുടങ്ങിയത്‌? തുറന്നുകിടന്ന ജനാലയിലൂടെ തണുത്ത ഈറന്‍കാറ്റ്‌ അകത്തേയ്ക്ക്‌ അടിച്ചുകയറി. കണ്ണടച്ചുകിടന്ന് അയാള്‍ പുറത്തെ ശബ്ദങ്ങള്‍ക്കു കാതോര്‍ത്തു. മഴയുടെ നേര്‍ത്ത സംഗീതമല്ലാതെ മറ്റൊന്നും കേട്ടില്ല. എന്നിട്ടും, വാതിലിനു പുറത്ത്‌ ആരോ നില്‍ക്കുന്നുണ്ടെന്നു തോന്നി. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അയാള്‍ മേശയ്ക്കടിയിലേയ്ക്കു നോക്കി. കറുത്ത പൂച്ചയെ അവിടെ കണ്ടില്ല.

മഴയുടെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ഇരുണ്ടു തുടങ്ങിയ ആകാശത്തെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി. മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം. പിന്നെ വീണ്ടും, മഴയുടെ സംഗീതം മാത്രം. വാതിലില്‍ ആരോ മെല്ലെ തട്ടിയതു പോലെ തോന്നി. വെറുതെ തോന്നിയതാവുമോ? ഇല്ല. ആരോ വാതിലില്‍ തട്ടുന്നുണ്ട്‌. അയാള്‍ വളരെ ക്ലേശിച്ച്‌ കൈകള്‍ നിലത്തുകുത്തി, എഴുന്നേറ്റിരുന്നു. ഷര്‍ട്ടിലെ കറുത്ത രോമങ്ങള്‍ തട്ടിക്കളഞ്ഞു. മേശയില്‍പ്പിടിച്ച്‌ എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട്‌ ഒന്നുകൂടി അഴിച്ചുടുത്തു. വീഴാതിരിക്കാന്‍ ശ്രദ്ധിച്ച്‌ വാതിലിന്നടുത്തേയ്ക്കു ചെന്നു. വാതിലിന്നപ്പുറത്ത്‌ ആരുടേയോ പാദസരം കിലുങ്ങി.. അയാള്‍ വാതില്‍ തുറന്നു. മഴയില്‍ കുതിര്‍ന്ന കാറ്റ് ശക്തിയോടെ അകത്തേയ്ക്ക് വീശിയടിച്ച് അയാളെ നനച്ചു. അയാള്‍ വിധേയത്വത്തോടെ നിന്നു.

മൃദുവായൊരു ശബ്ദം കാതില്‍ പതിഞ്ഞു.
" ഓര്‍ക്കാപ്പുറത്ത്‌ പെട്ടെന്നൊരു മഴ.. കുടയെടുത്തില്ല.. മഴ സാരമില്ലായിരുന്നു. പക്ഷെ, ഈ മിന്നല്‍.. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..."

നനഞ്ഞ മുടി മുന്നിലേയ്ക്കിട്ട്‌, സാരിത്തലപ്പുകൊണ്ട്‌ മേലാകെ പുതച്ച്‌, ഒരു പെണ്‍കുട്ടി. വീണ്ടുമൊരു കൊള്ളിയാന്‍ മിന്നി. അവള്‍ ഒന്നു ഞെട്ടിയതു പോലെ തോന്നി.

'അകത്തേയ്ക്കു വരൂ.."
തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ വീണ്ടും പാദസരങ്ങള്‍ കിലുങ്ങി. മേശയ്ക്കരികിലെ കസേര ചൂണ്ടിക്കാണിച്ചു.

"ഇരുന്നോളൂ"
"വേണ്ട..ആകെ നനഞ്ഞു. "
പാദത്തില്‍ നിന്നും സാരി മെല്ലെയൊന്നുയര്‍ത്തി അവള്‍ ഒതുങ്ങി നിന്നു. അവളുടെ വെളുത്ത പാദങ്ങളില്‍ സ്വര്‍ണ്ണനാഗങ്ങള്‍ പോലെ പുണര്‍ന്നുകിടന്ന കൊലുസ്സുകള്‍ അയാളെ അസ്വസ്ഥനാക്കി.പുറത്തെ മഴയില്‍, പിന്നെയും കൊള്ളിയാന്‍ മിന്നിക്കൊണ്ടിരുന്നു. പെട്ടെന്നു, ജനാലയിലൂടെ ഒരു കറുത്ത പൂച്ച അകത്തേയ്ക്കു ചാടിവന്നു. അവള്‍ ഞെട്ടി അയാളുടെ അരികിലേക്ക്‌ ചേര്‍ന്നു നിന്നു. അവളെ ചേര്‍ത്തുപിടിച്ച്‌, അയാള്‍ ഉറക്കെ പറഞ്ഞു,
"ഛെ.. കടന്നുപോ, അശ്രീകരം.."
പെട്ടെന്ന് അയാളുടെ കൈതട്ടി മേശപ്പുറത്തിരുന്ന ചായങ്ങള്‍ ചുറ്റും തെറിച്ചു. അത്‌ അവളുടെ നനഞ്ഞ സാരിയില്‍ വര്‍ണ്ണപ്പൊട്ടുകളാവുന്നത്‌ അയാള്‍ സ്വയം മറന്ന് നോക്കിനിന്നു, പുനര്‍ജനിയില്‍ മുങ്ങിനിവര്‍ന്ന മനസ്സോടെ.
................................(ചിത്രകാരനെയും കറുത്തപൂച്ചയെയും കുറിച്ച്‌ കഥയെഴുതാന്‍ എന്നെ സ്നേഹത്തോടെ നിര്‍ബന്ധിച്ചത്‌ , എനിക്കും നിങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട, ഞാന്‍ കണ്ണനെന്നു വിളിക്കുന്ന വാല്‍മീകിയാണ്. ഈ കഥ കണ്ണന് ...സ്നേഹപൂര്‍വ്വം)

Tuesday, February 12, 2008

ഇലഞ്ഞിപ്പൂവിന്റെ നൊമ്പരം

കൊഴിഞ്ഞു വീണ ഇലകളെയും, ഇലഞ്ഞിപ്പൂക്കളെയും നോവിക്കാതെ, നിഴല്‍ വീണ വഴിയിലൂടെ മെല്ലെ നടന്നു. കായല്‍പ്പരപ്പിനു മുകളിലൂടെ ഒഴുകിയെത്തിയ കാറ്റിന്‌ ഡിസംബറിന്റെ, സുഖമുള്ള കുളിര്‌. സാരിത്തലപ്പെടുത്തു പുതച്ച്, കൈകള്‍ കവിളില്‍ ചേര്‍ത്തുനടക്കുമ്പോള്‍, ആ കുളിര് മേലാകെ ഒരു ലഹരിയായ് പടരുന്നതറിഞ്ഞു. വഴിയരികിലെ ചാരുബഞ്ചുകളിലൊന്നും ആരേയും കണ്ടില്ല.

പുല്ലിനു മീതെ വീണുകിടന്ന ഇലഞ്ഞിപ്പൂക്കള്‍ കൈവെള്ളയിലെടുത്ത്‌ മണത്തുനോക്കി. ഈ നേരിയ കുളിരില്‍ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിന്‌ വല്ലാത്തൊരു വശ്യതയുണ്ട്‌. വശ്യമായ ഈ സുഗന്ധം പൂവിന്റെയുള്ളില്‍ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? സൈക്കിളില്‍ എതിരേ വന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആ പൂക്കള്‍ എറിഞ്ഞുകൊടുത്തു. അവള്‍ ഒന്നു ചിരിച്ച്‌, കൈവീശിക്കാണിച്ച്‌ കടന്നു പോയി.

വഴിയോരത്തെ ഇലഞ്ഞിമരങ്ങള്‍ പിന്നിട്ട്‌, ഒഴിഞ്ഞ ചാരുബഞ്ചുകള്‍ പിന്നിട്ട്‌, പിന്നെയും നടന്നു. പണ്ടും ഈ വഴിലൂടെ പലപ്പോഴും നടന്നിട്ടുണ്ട്‌. ഈ നിഴലുറങ്ങുന്ന വഴിക്ക്‌ എന്തോ പ്രത്യേകതയുണ്ട്‌. ഇവിടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരശബ്ദം മാത്രമേയുള്ളൂ. വെളിച്ചം കാണിക്കാതെ, മയില്‍പ്പീലികണക്കെ മനസ്സിനുള്ളില്‍ സൂക്ഷിച്ച പ്രണയത്തിന്റെ സ്വപ്നങ്ങളെയും, നൊമ്പരങ്ങളേയും താലോലിച്ച്‌ ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാന്‍ കഴിയാതെ മനസ്സിലുണ്ട്. ഇതിലേ നടന്നാല്‍ ചെന്നെത്തുന്നത്‌ കോളേജിന്റെ മുന്നിലാണ്. ചുറ്റിത്തിരിഞ്ഞ്‌ ഇതുവഴി കോളേജിലേക്ക്‌ കടക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. എന്നിട്ടും, തനിക്കു മാത്രം എന്നും ഈ വഴി ഏറെ പ്രിയപ്പെട്ടതായിരുന്നു.

ഒരിക്കല്‍ മാത്രം ശ്രീനിയോടൊപ്പം ഈ വഴിയിലൂടെ നടന്നിട്ടുണ്ട്‌. ശ്രീനിയെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു, ഇത്രയും നാളും. എന്നിട്ട്‌, വീണ്ടും കഴിഞ്ഞതെല്ലാം ഓര്‍ക്കാന്‍ വേണ്ടിയാണോ, ഇവിടെ വന്നത്‌? വരേണ്ടിയിരുന്നില്ല. നാളെ ആരോ ഒരാള്‍ തന്നെ കാണാന്‍ വരുന്നുവെന്ന് അമ്മ എഴുതിയിരുന്നു. എതിരൊന്നും പറഞ്ഞില്ല. ഇനിയും ആര്‍ക്കു വേണ്ടിയും കാത്തിരിക്കാനില്ലല്ലോ. ജോലി ചെയ്യുന്ന പത്രമാഫീസില്‍ രണ്ട്‌ ദിവസം ലീവ്‌ കൊടുത്ത്‌, ആരോടും ഒന്നും പറയാതെ പോന്നു. വരുന്ന ചെറുപ്പക്കാരന്‌ തന്നെ ഇഷ്ടമായാല്‍ പിന്നെ ഈ ഇലഞ്ഞിപ്പൂക്കളും, നിഴലുറങ്ങുന്ന വഴികളുമൊക്കെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രമായ്‌ മാറും. മുംബൈയിലെ ഏതോ ഒരു ഫ്ലാറ്റിലേയ്ക്ക്‌ ജീവിതം പറിച്ചുനടുമ്പോള്‍ ഈ ഓര്‍മ്മകളെ കൂടെക്കൊണ്ടുപോകാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ. ഓര്‍മ്മകളിലും, ഇലഞ്ഞിപ്പൂവിന് ഇതേ സുഗന്ധം കാണുമോ?

ശ്രീനിയെ എന്നു മുതല്‍ക്കാണ്‌ ശ്രദ്ധിച്ചുതുടങ്ങിയതെന്നറിയില്ല. കോളേജിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ശ്രീനിയുടെ സാന്നിദ്ധ്യം കണ്ടിരുന്നു. പ്രസന്നമായ മുഖവും, വിടര്‍ന്ന ചിരിയും എപ്പോഴോ അറിയാതെ മനസ്സില്‍ പതിഞ്ഞു. ആരാധന മെല്ലെ മെല്ലെ, മനസ്സിനുള്ളില്‍ പ്രണയമായ്‌ മാറുന്നത്‌ തനിക്കുപോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നാര്‍ക്കും കയറിവരാന്‍ കഴിയാത്ത തരത്തില്‍ അതിരുകള്‍ സ്വയം കെട്ടിപ്പൊക്കിയ മനസ്സില്‍ പ്രണയം തളിരിടുന്നത്‌ ആദ്യം കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചു. പക്ഷെ, കഴിഞ്ഞില്ല.

പിന്നീടൊരിക്കല്‍ ആരോ പറഞ്ഞു, ശ്രീനി വിവാഹിതനാവുകയാണെന്ന്. മനസ്സു തകര്‍ന്നു പോയി. നേര്‍ക്കു നേരെ കാണാതിരിക്കാന്‍ ഒരുപാടു ശ്രമിച്ചു. ലൈബ്രറിയുടെ ഇടനാഴിയില്‍ വച്ച്‌ തന്റെ നിറഞ്ഞ കണ്ണുകളില്‍ നോക്കി, ശ്രീനി പറഞ്ഞു, " വിഷമിക്കരുത്‌, ഞാനൊന്നും അറിഞ്ഞിരുന്നില്ല..ദയവു ചെയ്ത്‌ വിഷമിക്കരുത്‌.."

ഒന്നു മാത്രം ചോദിച്ചു, " ഞാനൊരിക്കല്‍ വന്നോട്ടെ, ശ്രീനിയുടെ പെണ്‍കുട്ടിയെക്കാണാന്‍?"
"വന്നോളൂ. പക്ഷെ, നീ കരയില്ലെന്നു എനിക്കു വാക്കു തരണം."

പിന്നെ ദിവസങ്ങളോളം ശ്രീനിയെ കണ്ടില്ല. വിവാഹം കഴിഞ്ഞുവെന്നറിഞ്ഞു. ശ്രീനി പിന്നെ കോളേജിലേയ്ക്ക്‌ വന്നതേയില്ല. ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി. ഒന്നു കണ്ടാല്‍ മാത്രം മതിയായിരുന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഹോസ്റ്റലില്‍ തനിച്ചിരുന്നു, പകല്‍ മുഴുവനും. ആരുടെയും ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല.

എന്തിന്‌ ശ്രീനിയെ വീണ്ടും കാണാന്‍ ആഗ്രഹിച്ചു, എന്നറിയില്ല. ശ്രീനിയുടെ വീട്‌ കണ്ടുപിടിക്കാന്‍ ഏറെ പണിപ്പെട്ടു. അതിലൊന്നും തോന്നിയില്ല. മനസ്സ്‌ ശരീരത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതു പോലെ തോന്നി. മുടി പാറിപ്പറന്നതും വിയര്‍‌ത്തൊലിച്ചതുമൊന്നും അറിഞ്ഞില്ല. വാതില്‍ തുറന്നത്‌ ശ്രീനിയാണ്‌. തന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു നിമിഷം പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

"ഇരിക്കൂ.. ഞാന്‍ ശ്യാമയെ വിളിക്കാം."
പെട്ടെന്നു പറഞ്ഞു, "വേണ്ട, ഞാന്‍ അകത്തു ചെന്നു കാണാം."
അകത്തേയ്ക്കു കടക്കേണ്ടി വന്നില്ല. ശ്യാമ വാതിലിന്നരികില്‍ത്തന്നെയുണ്ടായിരുന്നു. ശ്യാമയുടെ കയ്യില്‍ ഒന്നു തൊട്ടു. ചിരിക്കാന്‍ ശ്രമിച്ചു.
"ഞാന്‍.. ഞാന്‍.." വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.
എന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ച്, ഒരു മന്ത്രം പോലെ അവള്‍ പറഞ്ഞു,"എല്ലാം എനിക്കറിയാം. വിഷമിക്കരുത്‌.. എത്ര സ്നേഹിച്ചിരുന്നുവെന്ന് എനിക്കു മനസ്സിലാവുന്നുണ്ട്‌. പക്ഷെ.. പക്ഷെ.. എനിക്കു വേറെയാരുമില്ല, ശ്രീയേട്ടനല്ലാതെ.."
ശ്യാമയുടെ കണ്ണുനീര്‍ തന്റെ തോളില്‍ നനഞ്ഞിറങ്ങുന്നത്‌ ഞെട്ടലോടെ അറിഞ്ഞു. അവള്‍ കരയുകയായിരുന്നു, കരച്ചിലിന്റെ ഒരു നേരിയ ശബ്ദം പോലും കേള്‍പ്പിക്കാതെ. ഒരു നിമിഷം സ്തബ്ധയായിപ്പോയി.
"എന്നോട്‌ പൊറുക്കണം. ഞാന്‍ ഒന്നും ഓര്‍ത്തില്ല. ആരെക്കുറിച്ചും ഓര്‍ത്തില്ല..ഞാന്‍ വരാന്‍ പാടില്ലായിരുന്നു." കണ്ണീരടക്കാന്‍ ശ്രമിച്ചില്ല. അതു കഴിയില്ലെന്നറിയാമായിരുന്നു.

ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റിനും ഇരുട്ട്‌ പരന്നിരുന്നു. ചാരുബഞ്ചില്‍ എപ്പോഴാണ്‌ ഇരുന്നത്‌? വല്ലാത്ത ഭയം തോന്നി. ഇരുട്ടില്‍ ഇലഞ്ഞിമരങ്ങള്‍ ആകാശംമുട്ടെയുള്ള ഭൂതങ്ങള്‍ പോലെ തോന്നി. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തിനു കുളിര്‍മ്മ തോന്നിയില്ല. ആവുന്നത്ര വേഗത്തില്‍ നടന്നു. ആരോ പിന്നാലെ നടന്നടുക്കുന്നതു പോലെ. വഴിയില്‍ തങ്ങിനിന്ന നിശ്ശബ്ദത വല്ലാതെ ഭയപ്പെടുത്തി. അല്‍പം മുന്‍പു വരെ താന്‍ സ്നേഹിച്ചിരുന്ന നിഴലുറങ്ങുന്ന, ഇലഞ്ഞിപ്പൂക്കള്‍ വീണുകിടന്ന, വഴിതന്നെയല്ലേ, ഇത്‌?

വീട്ടിലെത്തിയ പാടെ നേരെ കുളിമുറിയില്‍ കയറി, വസ്ത്രം പോലും മാറ്റാന്‍ നില്‍ക്കാതെ ഷവര്‍ തുറന്നു. തണുത്ത വെള്ളം നിറുകയിലൂടെ ഒഴുകിയിറങ്ങി. വസ്ത്രങ്ങള്‍ നനഞ്ഞൊട്ടി.ഷവറിനടിയില്‍ എത്രനേരം നിന്നു, എന്നോര്‍മ്മയില്ല. ശരീരം തണുത്തുവിറച്ചു. അപ്പോഴും മനസ്സു പൊള്ളുകയായിരുന്നു.

അതിരാവിലെ തന്നെ ഉണര്‍ന്നു. എത്രയും പെട്ടെന്നു തിരിച്ചുപോകണമെന്നു മനസ്സു പറഞ്ഞു. ഒന്നും ആലോചിച്ചില്ല. വേഗം ഒരുങ്ങി. ബാഗില്‍ എല്ലാം എടുത്തുവച്ചു."നീയെവിടെയ്ക്കാ, ഇത്ര രാവിലെ? അവരു വരുമ്പൊ നീയിവിടെ ഉണ്ടാവണം, അറിയാല്ലോ?" അമ്മയുടെ മുഖത്ത്‌ വ്യസനവും വേവലാതിയും ഒരുപോലെ.
മുഖത്തു നോക്കാതെ പറഞ്ഞു, " അവരോട്‌ എന്തെങ്കിലും കാരണം പറഞ്ഞോളൂ.. എനിക്കു വയ്യ.. "
"വയ്യേ?! എന്താ നീയീ പറേണെ? ഇതു എത്രാമത്തെ ആലോചനയാണെന്നറിയ്യോ, നിനക്ക്‌? വേണ്ടെങ്കില്‍ വേണ്ട. അവരൊന്നു വന്നു പൊയ്ക്കോട്ടെ. ഒക്കെ എന്റെ തലേലെഴുത്ത്‌". അമ്മ കണ്ണീരൊപ്പി." എനിക്കു കഴിയണില്ല, അമ്മേ. വെറുതെ ഒരാളുടെ ജീവിതം ഞാനായിട്ട്‌...."

ഗെയിറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടു. ആരൊക്കെയോ ഉമ്മറത്തേയ്ക്ക്‌ കയറിവന്നു. അമ്മ ഓടിച്ചെന്ന് അവരെ ക്ഷണിച്ചിരുത്തി. എന്തൊക്കെയൊ സംസാരിക്കുന്നതുകേട്ടു. അമ്മാവന്‍ അരികില്‍ വന്നു പറഞ്ഞു,
" നീയങ്ങോട്ടു ചെല്ല്.. ഒക്കെ അവരു പറയും.. പിന്നെ ഒരു കാര്യം. നിനക്കു വയസ്സു മുപ്പതു കഴിഞ്ഞൂന്ന കാര്യം മറക്കണ്ട.."

എല്ലാം അതോടെ അവസാനിപ്പിക്കണമെന്നു തോന്നി. ഉമ്മറത്തേയ്ക്കു ചെന്നു. ഒരു മദ്ധ്യവയസ്കനെ ചൂണ്ടിക്കാട്ടി അമ്മാവന്‍ പറഞ്ഞു, "ഇതാണ്‌ ചെറുക്കന്‍. ബോംബേലാണ് ജോലി. കൂടുതല്‍ എന്താണെന്നുവച്ചാ, നീ തന്നെ ചോദിച്ചോളൂ.”

മദ്ധ്യവയസ്ക്കന്‍‍ വിരസമായൊരു നോട്ടം അവളുടെ നേര്‍‌ക്കെറിഞ്ഞു.
" എന്തെങ്കിലും ചോദിക്കണമെങ്കില്‍ ആവാം. പോകാന്‍ തിരക്കുണ്ട്‌. ഹോസ്പിറ്റലില്‍ പോകണം, ഇവനെ ഒന്നു ഡോക്ടറെ കാണിക്കാന്‍. ങാ, പറഞ്ഞില്ലല്ലോ. മകനാണ്‌. തള്ളയില്ലാതെ വളര്‍ന്നതാ.. തല്ലിയാലും നേരേയാവില്ല. കാലു മുഴുവന്‍ പഴുത്തുപൊട്ടി. മരുന്നു വച്ചു കെട്ടണം. അവിടെ ചെന്നാല്‌ മരുന്നു വാങ്ങാനൊന്നും നേരം കിട്ടീന്നു വരില്ല." അയാള്‍ പറഞ്ഞു.

അരികിലിരുന്ന ആണ്‍കുട്ടി ഭയത്തോടെ അയാളെ നോക്കി. പിന്നെ കൈകൊണ്ട്‌, വീങ്ങിയ കാല്‍ മറയ്ക്കാന്‍ ശ്രമിച്ചു. കാലില്‍ അടികൊണ്ടതിന്റെ വ്രണങ്ങള്‍.
"കൈകൊണ്ട് തൊടല്ലേ, അസത്തേ.." അയാള്‍ അവന്റെ ചെവിയില്‍ പറഞ്ഞു.

ഒക്കെ കേട്ടു നിന്നു. പിന്നെ, അകത്തു ചെന്നു അമ്മയോട്‌ പറഞ്ഞു,
“എനിക്കു സമ്മതമാണെന്നു പറഞ്ഞേയ്‌ക്കൂ. അവന്‌ വേറെയാരുമില്ല.."

Monday, January 14, 2008

മഴനിലാവ്

ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കാന്‍ തുടങ്ങിയിട്ടു കുറെയേറെ നേരമായി. ഇതിനകം ഒരു മഴ പെയ്തു തോര്‍ന്നു കഴിഞ്ഞു. എന്നിട്ടും ചിന്തകള്‍ പെയ്തു കഴിഞ്ഞില്ല. മനസ്സ്‌ എവിടൊക്കെയോ അലഞ്ഞു നടന്നു. മുന്‍പൊക്കെ എന്തെങ്കിലുമൊക്കെ എഴുതുമായിരുന്നു. കുറേ എഴുതിക്കഴിയുമ്പോള്‍ മനസ്സും നേരെയാവും. ഇപ്പോള്‍ എഴുതാന്‍ കഴിയുന്നില്ല. പകരം, ചിന്തകളെ അവയുടെ വഴിക്കു മേയാന്‍ വിട്ടിട്ട്‌, ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കും. പലപ്പോഴും മണിക്കൂറുകള്‍ തന്നെ കടന്നു പോകുന്നതറിയാറില്ല. ഓര്‍മ്മകളുടെ ഈ പുസ്തകം പല തവണ വായിച്ചു കഴിഞ്ഞു. ഒരോ തവണ വായിച്ചപ്പോഴും, പുതിയ പുതിയ അര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞു. അതുവരെ വായിക്കാത്ത പല വരികളും മനസ്സ്‌ കണ്ടെത്തി. വായിക്കാന്‍ വിട്ടുപോയ വരികള്‍ കൂട്ടിവായിച്ചപ്പോള്‍, അതുവരെ മനസ്സില്‍ കൊണ്ടുനടന്ന പല വിശ്വാസപ്രമാണങ്ങളും തകര്‍ക്കപ്പെടുകയായിരുന്നു.

സ്വന്തമായി കെട്ടിപ്പടുത്ത ജീവിതത്തില്‍ മറ്റൊരാളുടെയും സഹായത്തിന്റെ വിരല്‍പ്പാടുകള്‍ ഉണ്ടാവാന്‍ ഒരിക്കലും അനുവദിച്ചില്ല. ജോലിയില്‍ നിന്നും വിരമിച്ച ദിവസം, എല്ലാവരുടേയും ആശംസകളും അഭിനന്ദനങ്ങള്‍ക്കും ഒടുവില്‍, മറുപടി പറയാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തിയായിരുന്നു മനസ്സില്‍. പക്ഷെ, എല്ലാവര്‍ക്കും നന്ദി പറഞ്ഞു വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍ മനസ്സ്‌ ശൂന്യമായിക്കഴിഞ്ഞിരുന്നു. ഇപ്പോഴും അതേ ശൂന്യത തന്നെയല്ലേ, മനസ്സിലും ജീവിതത്തിലും?

ജനാലയിലൂടെ നോക്കിയാല്‍ അങ്ങകലെ പുല്ലുപിടിച്ചു കിടക്കുന്ന പാടങ്ങള്‍ കാണാം. കൊയ്ത്തും മെതിയും അന്യമായ പാടങ്ങള്‍. മുണ്ടും ബ്ലൗസുമിട്ട്‌, കറുത്ത ആരോഗ്യമുള്ള മേനി കാട്ടി, കൂടെ പണിയെടുക്കുന്ന കരുമാടിക്കുട്ടന്മാരെക്കൊണ്ട്‌ കൊതിവാക്കു പറയിച്ചിരുന്ന ചിന്നയും ചിരുതയുമൊക്കെ ഇപ്പോള്‍, സാരിയുടുത്ത്‌ പട്ടണത്തിലെ ഫ്ലാറ്റുകളില്‍ അടുക്കളജോലിക്കു പോകുന്നു. പക്ഷെ, പാടത്തു പണിയെടുക്കുമ്പോള്‍ അവരുടെ മുഖത്തു കണ്ടിരുന്ന പ്രസരിപ്പ്‌ എങ്ങനെയാണ്‌ നഷ്ടമായത്‌? ഇന്ന് ആ കരുമാടിക്കുട്ടന്മാരെവിടെ? ഈ വയലുകളും വരമ്പുകളുമൊക്കെ ഉപേക്ഷിച്ചു പോകുവാന്‍ വേണ്ടിയാണോ, നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതായ്‌ നേടിയത്‌? എവിടെയൊക്കെയോ കൂട്ടലും കുറയ്ക്കലും പിഴച്ചു പോയോ?

കണക്കുകൂട്ടലുകള്‍ തെറ്റിപ്പോവുക എന്നതു ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണല്ലോ. തനിക്കും പലപ്പോഴും കണക്കുകള്‍ പിഴച്ചില്ലേ? മനസ്സ്‌ കൈവിട്ടുപോകുമ്പോഴാണോ, കണക്കുകള്‍ പിഴയ്ക്കുന്നത്‌? ആരെയും ഒരിക്കലും നോവിക്കാന്‍ കഴിയാത്ത മനസ്സാണ്‌ തന്റേത്‌, എന്നു വിശ്വസിച്ചിരുന്നു. എന്നിട്ടും, ആരോയൊക്കെയോ നോവിച്ചു. കൂടുതല്‍ വേദനിപ്പിച്ചത്‌, സുധയെ ആയിരിക്കണം. എന്റെ നിഴലായ്‌ നടന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ.

എന്നും ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. അവള്‍ക്കു സങ്കടം പറയാന്‍ എന്നും ഒരോ കാര്യം കാണും. കള്ളു കുടിച്ച്, അച്ഛന്‍ അമ്മയെ അടിച്ചതും, പാത്രങ്ങള്‍ എറിഞ്ഞുടച്ചതുമൊക്കെ എന്നത്തേയും പതിവു സങ്കടങ്ങളായിരുന്നു. അന്നൊക്കെ അവളെ സന്തോഷിപ്പിക്കാന്‍ വീട്ടില്‍ നിന്നും ആരും കാണാതെ കൊണ്ടുവന്ന ഒരു ഉണ്ണിയപ്പം അല്ലെങ്കില്‍ രണ്ടോ മൂന്നോ കണ്ണിമാങ്ങ ധാരാളം മതിയായിരുന്നു. തിന്നാനുള്ളതു കണ്ടാല്‍ പറഞ്ഞുവന്നതു അവിടെ നിര്‍ത്തും. എന്നിട്ട്‌, ഒന്നു ചിരിക്കും, മഴയില്‍ നനഞ്ഞ നിലാവു പോലെ. പിന്നെ, ഉണ്ണിയപ്പത്തിന്റെ സ്വാദും മാങ്ങയുടെ പുളിയുമൊക്കെയാവും സംസാരിക്കാനുള്ള വിഷയം. അവളെ പറ്റിക്കാന്‍ എളുപ്പമാണല്ലോ എന്നോര്‍ത്ത്‌ അന്നൊക്കെ ഉള്ളില്‍ ചിരിച്ചിരുന്നു. പിന്നീട്‌ മനസ്സിലായി, വിഡ്ഢിയായത്‌ അവളല്ല എന്ന്. സ്വയം കോമാളിയാവാന്‍, അത്രയ്ക്ക് അവളെന്നെ സ്നേഹിച്ചിരുന്നോ?

കുറേക്കൂടി വലിയ പെണ്‍കുട്ടിയായപ്പോള്‍ അവള്‍ അകന്നു മാറി നടന്നു, മറ്റു പെണ്‍കുട്ടികളുടെയൊപ്പം. എങ്കിലും, എപ്പോഴെങ്കിലും, ഒറ്റയ്ക്കു കണ്ടാല്‍ ഓടി അരികില്‍ വരും. ഒന്നും ചോദിക്കാതെ തന്നെ കുറെ വിശേഷങ്ങള്‍ പറയും. പിന്നെ, സംസാരത്തിന്റെ വേഗത കുറയും. ശബ്ദം താഴ്ത്തി കുറെ സങ്കടങ്ങള്‍ പറയും. ചിലപ്പോള്‍ കണ്ണും നിറയും. അവളുടെ നനഞ്ഞ മിഴികള്‍ കണ്ടില്ലെന്നു നടിച്ച്‌, തിരക്കഭിനയിച്ചു നടന്നു മാറുമ്പോള്‍, മനസ്സിനെ സമാധാനിപ്പിക്കും, 'വെറുതെ ആളുകളെക്കൊണ്ടു ഓരോന്നു പറയിക്കാന്‍ പാടില്ല.'


കോളേജില്‍ ചേര്‍ന്നതിനുശേഷം തമ്മില്‍ കാണുന്നത്‌ വല്ലപ്പോഴും മാത്രമായി. എന്നാലും, അവധിയ്ക്കു വരുമ്പോള്‍, അമ്മയെക്കാണാന്‍ എന്ന മട്ടില്‍ അവള്‍ വീട്ടില്‍ വരുമായിരുന്നു. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്കു മറുപടിയായി വായ്‌ തോരാതെ അവള്‍ പറഞ്ഞു കൊണ്ടിരിക്കും. ഒരിക്കല്‍ അല്‍പം ദേഷ്യപ്പെട്ടു തന്നെ പറഞ്ഞു.
" ഞാന്‍ പരീക്ഷയായാതു കൊണ്ടു സ്വൈര്യമായി പഠിക്കാന്‍ വന്നതാണ്‌."
അവള്‍ വല്ലാതെ ഒന്നു ഞെട്ടിയതു പോലെ തോന്നി. പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു,
"അതെ, അതെ. എനിക്കറിയാം. പഠിച്ചോളൂ. സമയം കളയേണ്ട."
ഒരു വിളറിയ പുഞ്ചിരിയോടെ തല കുനിച്ചു അവള്‍ നടന്നു പോയപ്പോള്‍ മനസ്സില്‍ വല്ലാത്ത വിങ്ങല്‍ തോന്നി.

പിന്നീടൊരിക്കല്‍ കോളേജ്‌ ഹോസ്റ്റലില്‍ അവളുടെ കത്ത്‌ വന്നു. എല്ലാവരും വായിച്ച ശേഷമാണ്‌ തന്റെ കയ്യില്‍ കിട്ടിയത്‌. വല്ലാതെ ദേഷ്യം വന്നു. വായിച്ചു നോക്കാന്‍ പോലും നില്‍ക്കാതെ കത്തു കീറി ദൂരെയെറിഞ്ഞു. പിന്നീട്‌ പല കത്തുകളും വന്നു. വെറുതെ ഒരു വാശി തോന്നി. ഒന്നു പോലും വായിച്ചില്ല.

ജീവിതത്തിനു വേഗതയേറുകയായിരുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യമായ്‌ നാട്ടില്‍ വന്നപ്പോള്‍ അവളെ ഓര്‍ത്തതേയില്ല. സല്‍ക്കാരങ്ങളുടെയും വിരുന്നുകളുടെയും നടുവില്‍ അവളെ ഓര്‍ക്കാന്‍ നേരം കിട്ടിയില്ല. തിരിച്ചു പോകുന്നതിന്റെ തലേന്നു, വെറുതെ ഒന്നു പുറത്തേക്കിറങ്ങി. ഇടവഴിയിലൂടെ നടന്നു.പാടത്തിനപ്പുറം പുഴയാണ്‌.
"എപ്പൊഴാ എത്തീത്‌ ? വന്നതുപോലും അറിഞ്ഞില്ലല്ലോ."സുധ തൊട്ടു പിന്നില്‍.
"നീ തൊട്ടു പിന്നില്‍ വന്നതു ഞാനും അറിഞ്ഞില്ല."
വെറുതെ ഒരു കളിവാക്കു പറഞ്ഞു. അവളുടെ മുഖം വിടര്‍ന്നു.
"നാളെ ഞാന്‍ തിരിച്ചു പോകും. ലീവ്‌ കഴിഞ്ഞു."
അവള്‍ ഒന്നും മിണ്ടാതെ കൂടെ നടന്നു. പിന്നെ, പതിയെ പറഞ്ഞു,
" എന്നാലും പോകും മുന്‍പു ഒന്നു കാണാന്‍ തോന്നിയല്ലൊ."
പെട്ടെന്നു പറഞ്ഞു,"ഒന്നു പുഴ വരെ നടക്കണമെന്നു തോന്നിയതു കൊണ്ട്‌ ഇറങ്ങിയതാണ്‌."
അവളുടെ മുഖമൊന്നു വിളറി. പിന്നെ പുഞ്ചിരിച്ചു, ഒരു മഴനിലാവു പോലെ.
" പുഴയില്‍ ഇപ്പൊ തീരെയും വെള്ളം ഇല്ല. അമ്മ പറഞ്ഞുകാണും അല്ലെ?"
കണ്ണീരു തുടച്ചിട്ട്‌, ഉണ്ണിയപ്പത്തിന്റെ സ്വാദിനെക്കുറിച്ചു പറയുന്ന കൊച്ചു പെണ്‍കുട്ടിയെ ഓര്‍ത്തു.
പിന്നെയും മൗനം.
'സന്ധ്യയായി. നീ പൊയ്ക്കോളൂ. ഞാനൊന്നു നടക്കട്ടെ."
"ഞാന്‍ ..." അവളുടെ മുഖം വീണ്ടും വിളറി. പിന്നെ തലകുനിച്ച്‌ തിരികെ നടന്നു പോയി. അവളെ വിഷമിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. പിന്നെയൊരിക്കലും അവളെയോര്‍ത്തില്ല.

ജീവിതം വളരെ പെട്ടെന്നു ഉയരങ്ങളിലേക്കു പറന്നു. സ്വന്തം വിവാഹത്തിന് അഛനെയും അമ്മയെയും ക്ഷണിച്ചു കൊണ്ടു കത്തെഴുതുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കൂടെ ജോലി ചെയ്യുന്ന അഭ്യസ്തവിദ്യയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ ജാതി നോക്കേണ്ട കാര്യമില്ലല്ലോ. ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല.വീടു തനിക്കു മാത്രമായി എഴുതി വച്ചിട്ടു അഛനും അമ്മയും അനിയത്തിയോടും ഭര്‍ത്താവിനോടുമൊപ്പം ഡെല്‍ഹിയിലേക്കു പോയി.

നവവധുവിനോടൊത്ത്‌ ജീവിക്കുമ്പോള്‍ ജീവിതത്തെ മല്‍സരിച്ചു നേടിയ സന്തോഷമായിരുന്നു. പരസ്പരം സ്നേഹം വാരിക്കോരിച്ചൊരിഞ്ഞു. എന്നിട്ടും, അമ്മയാകാനുള്ള അദമ്യമായ ആഗ്രഹം അവളെ തന്നില്‍ നിന്നും അടര്‍ത്തിക്കൊണ്ടു പോയി. അവളെ കുറ്റം പറയാന്‍ കഴിയില്ല.

ഇപ്പോള്‍, മിനുക്കുപണികള്‍ ചെയ്തു ഭംഗിയാക്കിയ ഈ തറവാട്ടില്‍, തനിച്ച്‌...... ഓര്‍മ്മകളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍, പൊടുന്നനെ സുധയെ ഒന്നു കാണണമെന്നു തോന്നി.
"പണിക്കരേ, ഒന്നു നടന്നിട്ടു വരാം."
മറുപടിയ്ക്കു കാത്തു നില്‍ക്കാതെ തിടുക്കത്തില്‍ വെളിയിലേക്കിറങ്ങി. വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. മെല്ലെ നടന്നു. ഇടവഴികള്‍ പിന്നിട്ട്‌ പാടത്തിന്റെയരികിലൂടെ നടക്കുമ്പോള്‍ അകലെ നിന്നു തന്നെ അവളുടെ വീടു കണ്ടു. ആരൊക്കെയോ മുറ്റത്തു നില്‍ക്കുന്നുണ്ട്‌. ഒരാള്‍ അരികിലേക്കു വന്നു പതിയെ പറഞ്ഞു , "ഇത്തിരി സീരിയസ്‌ ആണ്‌."
ഒന്നു പതറി. എങ്കിലും ഭാവം മാറ്റാതെ അകത്തേയ്ക്കു കയറി. ഒരു കട്ടിലില്‍ അവശയായി അവള്‍. മിണ്ടാന്‍ പോലും കഴിയാതെ അരികില്‍ നിന്നു. അവളൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചുവെന്നു തോന്നി.. മുഖത്ത്‌ മാംസപേശികള്‍ വലിഞ്ഞു. തളര്‍ന്ന കണ്ണുകള്‍ എന്റെ മുഖം തഴുകി. അവളുടെ കൈവിരലുകള്‍ മെല്ലെയൊന്നു ചലിച്ചു. അരികിലിരുന്ന് അവളുടെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ മനസ്സു പിടഞ്ഞു. അവള്‍ വിങ്ങിപ്പൊട്ടി.
" ഒടുവില്‍... എന്നെക്കാണാന്‍.. വന്നൂലോ"
ആരോ തോളില്‍ കൈ വച്ചു.
"കൂടുതല്‍ സംസാരിപ്പിക്കേണ്ടെന്നാ പറഞ്ഞിരിക്കുന്നെ.."
അവള്‍ പിന്നെയും വിങ്ങിപ്പൊട്ടി. വേദന തളം കെട്ടിയ കണ്ണുകളില്‍ കണ്ണുനീരിനിടമില്ലായിരുന്നു.അവളുടെ നെഞ്ചിലെ വിങ്ങല്‍ ഒരു ഉഷ്ണക്കാറ്റു പോലെ തന്റെ ഹൃദയത്തിലേക്കു വീശിയടിച്ചപ്പോള്‍ വല്ലാതെ വിയര്‍ത്തു.അവളെ നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ മനസ്സ്‌ വെമ്പല്‍ കൊണ്ടു. പക്ഷെ, കൈകള്‍ ചലിച്ചില്ല. നെറ്റിയിലൂടെ വിയര്‍പ്പു തുള്ളികള്‍ ഒലിച്ചിറങ്ങി.പിന്നെ, അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു,
" ഞാന്‍ പാടത്തെ പണിക്കാരെ നോക്കിയിറങ്ങിയതാണ്‌.. ഒത്തിരി വൈകി."
അറിയാതെ ഒന്നു ഞെട്ടി. ഞാനെന്താണ്‌ പറഞ്ഞത്‌ ?! ഇതു പറയാനാണോ, വന്നത്‌?
എന്നോടു പറയാന്‍ കാത്തുവച്ച ഒരുപാടു കാര്യങ്ങള്‍ അവളുടെ നിറം മങ്ങിയ കണ്ണുകളില്‍ നിറഞ്ഞു നിന്നു. അവളുടെ വിരലുകള്‍ വിടര്‍ത്തിമാറ്റി എഴുന്നേല്‍ക്കുമ്പോള്‍ ഞാനെന്റെ മനസ്സ് അവളുടെയരികില്‍ ഉപേക്ഷിച്ചിരുന്നു. പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു.

പിറ്റേന്ന്, ചന്ദനത്തിരികളുടെ പുകച്ചുരുളുകള്‍ക്കിടയില്‍ അവളുടെ മരവിച്ച മുഖം ഞാന്‍ കണ്ടു. ആ മുഖത്ത്‌ ഒരു മങ്ങിയ നിലാവിന്റെ പുഞ്ചിരി. വല്ലാത്ത തളര്‍ച്ച തോന്നി. വീഴാതിരിക്കാന്‍ ആരുടേയോ തോളില്‍ പിടിച്ചു.

Sunday, December 16, 2007

ആലീസുകുട്ടിയുടെ കരച്ചില്‍

“ആലീസുകുട്ടീ.. ഞാനീ മതിലേല്‍ക്കൂടി നടക്കാന്‍ പോകുവാ..നീയും കേറിക്കോ..”
“അയ്യോ, ചേട്ടായീ ...അതിനെനിക്ക് കാലെത്തണില്ലല്ലോ..”
“നീയാ പേരക്കൊമ്പേല്‍ പിടിച്ചങ്ങ് കേറ് .. അല്ലെങ്കില്‍ത്തന്നെ നിന്നെയൊക്കെ എന്തിനു കൊള്ളാം..!”

പത്തു വയസ്സുകാരനായ ചേട്ടായിയുടെ കമന്റ് എട്ടുവയസ്സുകാരിയായ ആലീസുകുട്ടിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. പേരക്കൊമ്പില്‍ പിടിച്ചുതൂങ്ങി, ആലീസുകുട്ടി ഒരു കണക്കിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി. മുട്ടുകാലിലെ നീറ്റല്‍ ഒട്ടും വകവയ്ക്കാതെ, മതിലിനു മുകളില്‍ ഞെളിഞ്ഞു നിന്ന് വിജയശ്രീലാളിതയായി വിളിച്ചു പറഞ്ഞു,
“ചേട്ടായീ, ദാ നോക്ക്.. ഞാന്‍ കേറി..!“
“ഇനീപ്പോ, നീയെങ്ങനാ ഇറങ്ങുന്നെ..?“
അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ആലീസുകുട്ടിയുടെ സപ്തനാഡികളും തളര്‍ന്നു പോയി. ആലീസുകുട്ടി താഴേയ്ക്കു നോക്കി. കേറുമ്പോള്‍ ഇത്രയും പൊക്കം മതിലിനുണ്ടായിരുന്നോ?! പേരക്കൊമ്പു വഴിയാണെങ്കില്‍പ്പോലും താഴേയ്ക്കിറങ്ങാനുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. മതിലിനു മുകളില്‍ ഒരെ ഒരു നില്‍‌പ്പ് നിന്നു, മുഖം വീര്‍പ്പിച്ച്.

ചേട്ടായി ധൈര്യം പകര്‍ന്നു.
“ നീ ഒരു കാര്യം ചെയ്യ്.. ഇങ്ങോട്ടു നടന്നു വാ.. വീഴല്ലേ,ട്ടോ.. ഞാനങ്ങോട്ടു കടക്കുമ്പം, നീയിങ്ങോട്ടു കടക്കണം.”
“എന്നിട്ട്..?”
“എന്നിട്ടെന്നതാ... നീ ആ പട്ടിക്കൂടിന്റെ മേലെ ചവിട്ടി താഴേയ്ക്കു ചാടിയാ മതി..”
ആലീസുകുട്ടി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. രണ്ടുപേരും മതിലില്‍ക്കൂടി സര്‍ക്കസ്സുകാര്‍ നടക്കും പോലെ ബാലന്‍സ് ചെയ്ത് നേര്‍ക്കുനേര്‍ വന്നു.
“ഇനി എന്റെ കയ്യേപ്പിടിച്ചോ.. വിടല്ലേ, ട്ടോ..ഞാനങ്ങോട്ടു കടക്കുമ്പം നീയിങ്ങോട്ടു കടക്കണം.”
ആലീസുകുട്ടി വളരെ ശ്രദ്ധാപൂര്‍വ്വം ചേട്ടായിയുടെ കയ്യില്‍പ്പിടിച്ച് അങ്ങേ വശത്തേയ്ക്കു കടന്നുകൊണ്ടിരിക്കേ, “ ധിം! ” എന്നൊരു ശബ്ദം കേട്ടു. ഒപ്പം ചേട്ടായിയുടെ ഒരു കരച്ചിലും. താഴെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് വാര്‍ത്തതിന്റെ മുകളില്‍ തലയടിച്ച് വീണു കിടക്കുന്നു, ആലീസുകുട്ടി ! ചേട്ടായി താഴേയ്ക്കു ചാടി. പക്ഷെ, വളരെ സെയ്‌ഫായി ലാന്‍‌ഡ് ചെയ്തു. അമ്മച്ചി ഓടിവന്നു ആലീസുകുട്ടിയെ പൊക്കിയെടുത്തു, വലിയവായില്‍ കരഞ്ഞു. ആലീസുകുട്ടിയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നെ, അര്‍ത്തുങ്കല്‍ പള്ളിയില്‍ നേര്‍ച്ച നേര്‍ന്നപ്പോഴാണ്, ആലീസുകുട്ടി കണ്ണുതുറന്നത്.

പക്ഷെ, ഇതൊന്നും ആലീസുകുട്ടിയുടെ ആവേശം കെടുത്തിയില്ല. ചേട്ടായിയുടെ പിറകേയുള്ള നടത്തത്തിനു ഒരു കുറവുമുണ്ടായില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രം ആലീസുകുട്ടി ചേട്ടായിക്കു പാര പണിതു. താഴെയുള്ള രണ്ടുപിള്ളേര്‍ക്കു കൂടി ചേര്‍ത്ത് ആറു തട്ടിന്റെ ഒരു ചോറ്റുപാത്രത്തിലാണ് സ്കൂളില്‍ ചോറു കൊണ്ടുപോയിരുന്നത്. ആ അടുക്കുപാത്രം വീടു മുതല്‍ സ്‌കൂള്‍ വരെയും തിരിച്ചും ചുമക്കേണ്ട ചുമതല ചേട്ടായിയുടേതായിരുന്നു. അതിന്റെ ഒരറ്റത്തു പോലും പിടിക്കുന്ന പ്രശ്നമേയില്ലെന്നു ആലീസുകുട്ടി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കളഞ്ഞു !

എന്നാലും, ആലീസുകുട്ടിയും ചേട്ടായിയും ഇരട്ടകളെപ്പോലെയായിരുന്നു. ചേട്ടായിയായിരുന്നു, പഠനത്തിലും കളിയിലും കേമന്‍. കേമനായ ചേട്ടായിയുടെ അനിയത്തിയാണെന്നു പറയുന്നതുതന്നെ ആലീസുകുട്ടിക്ക് അഭിമാനമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗം, പദ്യപാരായണം, ഉപന്യാസം എന്നിവയില്‍ ചേട്ടായിക്ക് ഒന്നാം സമ്മാനവും, ആലീസുകുട്ടിക്കു രണ്ടാം സമ്മാനവും സ്ഥിരം സംവിധാനമായിരുന്നു.

ചേട്ടായി ഒന്‍‌പതിലെത്തിയപ്പോള്‍ ആലീസുകുട്ടി എട്ടിലെത്തി. ആയിടയ്ക്ക്, ആലീസുകുട്ടിയേയും, ചേട്ടായിയേയും ഒരു ജില്ലാതലപ്രസംഗമത്സരത്തിനയക്കാന്‍ സ്‌കൂളധികൃതര്‍ തീരുമാനിച്ചു. മത്സരത്തില്‍ പതിവുപോലെ ആലീസുകുട്ടി ആവേശപൂര്‍വ്വം പങ്കെടുത്തു പ്രസംഗിച്ചു. ചേട്ടായിയും പ്രസംഗിച്ചു തകര്‍ത്തു. റിസള്‍ട്ട് വന്നു. ആലീസുകുട്ടിക്ക് ഒന്നാം സമ്മാനം. ചേട്ടായിക്ക് സമ്മാനമില്ല. ആലീസുകുട്ടി ഒരു നിമിഷം അമ്പരപ്പോടെ നിന്നു. ആ വട്ടമുഖം വീര്‍ത്ത് വീര്‍ത്ത് വന്നു. പിന്നെ, ഒറ്റക്കരച്ചില്‍ ! ചുമ്മാ ചിണുങ്ങിക്കരച്ചിലല്ല. വായ വക്രിപ്പിച്ച്, കണ്ണീരൊലിപ്പിച്ച്, മൂക്കൊലിപ്പിച്ച്, ഉറക്കെയൊരു കരച്ചില്‍ ! സംഘാടകര്‍ ഞെട്ടിപ്പോയി. അവരിലൊരാള്‍ ഓടിവന്ന്, ആലീസുകുട്ടിയെ ചേര്‍ത്തുപിടിച്ചു ചോദിച്ചു,
“ എന്താ മോളേ, എന്താ പറ്റിയത്?.. സമ്മാനം മോള്‍ക്കു തന്നെയാ..പിന്നെന്തിനാ കരയുന്നെ?”
അമ്മച്ചിയും പേടിച്ചു.
“നീയെന്തിനാ കരേണെ? കാര്യം പറ..വെശ്‌ക്കണൊണ്ടോ?”
ആലീസുകുട്ടി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു , “എനിക്കീ സമ്മാനം വേണ്ട”
സംഘാടകര്‍ വീണ്ടും ഞെട്ടി. ഇത്രയും ചെറുപ്പത്തിലേ തന്നെ ഒരു അവാര്‍ഡ് നിരസനത്തിനുള്ള ധൈര്യമോ?!

കണ്ണുനീര്‍ തുടച്ചുകൊണ്ട് ആലീസുകുട്ടി തലയുയര്‍ത്തി പ്രഖ്യാപിച്ചു,
“ എനിക്കു സമ്മാനം വേണ്ട. ഒന്നാം സമ്മാനം ചേട്ടായിക്കു കൊടുത്താല്‍ മതി.”
സംഘാടകര്‍ പൊട്ടിച്ചിരിച്ചു. അമ്മച്ചിയും ചേട്ടായിയും ചിരിച്ചു. ചേട്ടായി ആലീസുകുട്ടിയുടെ കയ്യില്‍പ്പിടിച്ചുകൊണ്ട് പറഞ്ഞു,
“അയ്യേ.. കരയല്ലേ.. ദേ, എല്ലാരും നോക്കണ്..”
അഭിമാനത്തോടെ അതു പറയുമ്പോള്‍ ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
(ഇതെഴുതുമ്പോഴും ആലീസുകുട്ടിയ്ക്ക് കരച്ചില്‍ വരുന്നല്ലോ !)

Wednesday, November 14, 2007

മുഖങ്ങള്‍ തേടുന്ന ഒരാള്‍

നഗരം തളര്‍ന്നുറങ്ങുകയാണ്. ഉറങ്ങുകയാണോ, അതോ, എന്നെപ്പോലെ ഉറക്കം കാത്തു കിടക്കുകയാണോ? അല്ലെങ്കില്‍ത്തന്നെ ഒരു പകലിന്റെ നെരിപ്പോടും നെഞ്ചിലേറ്റി എങ്ങനെയാണ് ഈ നഗരത്തിന് ഉറങ്ങാന്‍ കഴിയുക? ഒരു നേരത്തെ ആഹാര‍ത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന തെരുവുവേശ്യകള്‍ മുതല്‍ അവരുടെ മടിക്കുത്തഴിക്കുന്ന കാക്കിയണിഞ്ഞ നിയമപാലകര്‍ വരെ ജീവിക്കുന്ന ഈ നഗരത്തിന് എങ്ങനെ ഉറങ്ങാന്‍ കഴിയും? കൂടുതല്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ഇവിടെ ജീവിച്ചിട്ടും, ഈ നഗരം തനിക്കെന്നും അന്യമായിരുന്നല്ലോ.

നഗരം എന്നും മടുപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്ന മനുഷ്യരും, വാഹനങ്ങളും. ആരും ആരുടെയും മുഖം കാണാറില്ല. ഓര്‍മ്മിക്കാറുമില്ല. ആകെ കാണുന്നത് കൈകള്‍ മാത്രമാണ്. വാങ്ങുന്ന കൈകള്‍. കൊടുക്കുന്ന കൈകള്‍. അദ്ധ്വാനിക്കുന്ന കൈകള്‍. മുദ്രാവാക്യങ്ങളുടെ താളത്തില്‍ ആകാശത്തേയ്ക്ക് ഉയര്‍ന്നു താഴുന്ന കൈകള്‍. പിന്നെ, മനുഷ്യന്റെ രക്തം പുരണ്ട കൈകള്‍. അങ്ങനെ ഒരുപാട് കൈകള്‍. മുഖങ്ങളില്ലാത്ത മനുഷ്യശരീരങ്ങളെ പേറുന്ന ഈ നഗരത്തെ ഒരിക്കലും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിപ്ലവാവേശം സിരകളില്‍ കത്തിപ്പടര്‍ന്ന ഒരു കാലമുണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ ആത്മരോഷം നെഞ്ചില്‍ കനലായ് കൊണ്ടുനടന്ന ഒരു യൌവ്വനകാലം. രാത്രിയില്‍ മിക്കാവാറും ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരും. പിന്നെ, കനം തൂങ്ങിയ മനസ്സുമായി, ഉറങ്ങാതെ, ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതൊക്കെ വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കും. അപ്പൊഴൊക്കെ, സ്വപ്നത്തില്‍ കണ്ട രക്തദാഹികളായ പട്ടാളക്കാര്‍ക്കും, ചൂഷകരായ ബൂര്‍ഷ്വാസികള്‍ക്കും മുഖങ്ങളില്ലായിരുന്നുവെന്നത് തന്നില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കിയിരുന്നു.അല്ലെങ്കില്‍ത്തന്നെ, മൃദുലവികാരങ്ങളില്ലാത്തവര്‍ക്ക് എന്തിനാണ് ഒരു മുഖം? പട്ടാളക്കാര്‍ക്ക് മുഖം വേണ്ട. തോക്കു പിടിച്ച കൈകളും, ബൂട്സിട്ട കാലുകളും മതി. അതുപോലെ ഈ നഗരത്തിലെ മനുഷ്യര്‍ക്കും മുഖങ്ങള്‍ വേണ്ട.

രാവിലെ ഓഫീസിലെത്തും വരെ വല്ലാത്ത ഒരു ശ്വാസം‌മുട്ടലാണ്. ഒറ്റ വലിയ്ക്ക് കഷായത്തിന്റെ കയ്പ് അകത്താക്കാനുള്ളതു പോലുള്ളൊരു തിടുക്കം. ഓഫീസിനകത്തു കയറിയാല്‍ പിന്നെ പുറത്തേയ്ക്കിറങ്ങാറില്ല. വൈകിട്ട്, തൊട്ടടുത്തുള്ള ലൈബ്രറിയില്‍ കയറും. പിന്നെ സന്ധ്യയാവോളം, അവിടെ. പുസ്തകങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. പുസ്തകങ്ങളെ തൊട്ടുതൊട്ട് ഷെല്‍ഫുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് മുഖങ്ങളുണ്ടെന്നു തോന്നാറുണ്ട്. ജീവനുള്ള സംസാരിക്കുന്ന മുഖങ്ങള്‍. കയ്യിലെടുത്ത് താളുകള്‍ മറിക്കുമ്പോള്‍ കാത്തുകാത്തിരുന്ന സുഹൃത്തിനോടെന്ന പോലെ ആവേശത്തോടെ സംസാരിച്ചുതുടങ്ങുന്ന പുസ്തകങ്ങള്‍. ലൈബ്രറിയില്‍നിന്ന് ഇറങ്ങാന്‍ തോന്നറില്ല. എങ്കിലും, ലൈബ്രേറിയന്‍ മുരടനക്കുന്നതു കേള്‍ക്കുമ്പോള്‍ മനസ്സിലാവും, അന്നത്തെ സല്ലാപം മതിയാക്കാന്‍ നേരമായി എന്ന്.

പിന്നെ നീട്ടിവലിച്ച് ഒറ്റ നടപ്പാണ്. മുറിയിലെത്തും വരെ ഇടംവലം നോക്കില്ല. എങ്ങാനും നോക്കിപ്പോയാല്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ തക്ക എന്തെങ്കിലും കാഴ്ചകള്‍ കണ്ണില്‍ വന്നു പെടും. അതു മതി, പിന്നെ രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്ന് ആലോചിക്കാന്‍. എപ്പോഴും വിചാരിക്കാറുണ്ട്, എന്തിനാണിങ്ങനെ ദുര്‍ബ്ബലമനസ്കനാവുന്നതെന്ന്. ഇനിയിപ്പോള്‍ ഈ അമ്പതു വയസ്സു പ്രായത്തില്‍ മനസ്സു കഠോരമാക്കാന്‍ വയ്യല്ലോ. ഇനിയിപ്പോള്‍ ഇതു മതി, ഈ മനസ്സു തന്നെ മതി.

പെട്ടെന്നു അവളെക്കുറിച്ചോര്‍ത്തു. രാവിലെ ഓഫീസിലേയ്ക്കു കയറുമ്പോഴാണ് അവളെ കണ്ടത്. അതും, ഒട്ടും വിചാരിക്കാതെ. ഓഫീസിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ ഭിത്തിയോടു ചേര്‍ന്ന് പരുങ്ങിനിന്ന സ്ത്രീരൂപം എന്തോ പറയാനാഞ്ഞതു പോലെ തോന്നി.
“എന്തേ?..“
ചോദിച്ചതു ഗൌരവത്തിലാണ്.
“തഹസില്‍ദാരെ ഒന്നു കാണുവാന്‍ തരപ്പെടുത്തിത്തരാമോ?”
ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും, ആ ശബ്ദം മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയതു പോലെ തോന്നി.
“സുമംഗല..?”
മുഴുമിക്കാനാവാതെ നിന്നപ്പോള്‍ ആ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു.

വര്‍ഷങ്ങള്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കോളേജിലെ അവസാനദിവസം. എല്ലാവരും വിട പറയുന്നതിന്റെ തിരക്കിലായിരുന്നു. അവളെ തനിച്ചൊന്നു കാണാന്‍ ഏറെ പാടുപെട്ടു. വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരുന്ന പ്രണയം അന്ന് വാക്കുകളിലൂടെ അണപൊട്ടിയൊഴുകി. അവള്‍ തനിക്കാരായിരുന്നുവെന്ന്, അവളെ താനെത്ര സ്നേഹിച്ചിരുന്നുവെന്ന് പറയുമ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു. ഒടുവില്‍, വാക്കുകള്‍ പെയ്തൊഴിഞ്ഞപ്പോള്‍ മറുപടിക്കായി ആകാംക്ഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. ആ മുഖത്ത് ഞാനന്നു കണ്ടത് സഹതാപമാണോ, വേദനയാണോ എന്നെനിക്കിപ്പോഴും അറിയില്ല. അവള്‍ പറഞ്ഞു,
“ഇഷ്ടമാണ്, എനിക്കൊരുപാടിഷ്ടമാണ്. പക്ഷെ, അതില്‍ക്കൂടുതലൊന്നും ഞാന്‍ പറയില്ല. പറയാനെനിക്കു കഴിയില്ല. “
അന്നു ഞാന്‍ ആദ്യമായി ശാഠ്യം പിടിച്ചു.
“കാരണം പറയാനുള്ള സന്മനസ്സെങ്കിലും, ദയവായി എന്നോടു കാണിക്കണം.”
“ഇല്ല. എനിക്കൊരു കാരണവും പറയാനില്ല. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യം എനിക്കില്ല.“

പിന്നെടൊന്നും ചോദിക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു തേങ്ങല്‍ കേട്ടുവെന്നു വിശ്വസിക്കാന്‍ ശ്രമിച്ചു. ഒരു മഞ്ഞുതുള്ളിയുടെ വിശുദ്ധിയോടെ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ആരോടും വൈരാഗ്യമൊന്നും തോന്നിയില്ല. ആ സ്വപ്നങ്ങള്‍ ഇല്ലാതായപ്പോള്‍ മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെയാണ് തോന്നിയത്. ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെയാണ്. ചിലതൊക്കെ മോഹിക്കുമ്പോള്‍ ആരെങ്കിലും ‘അരുത്’ എന്നു പറഞ്ഞെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കും. അവളെ പിന്നീട് കാണുന്നത് ഇന്നാണ്. കാണാന്‍ ശ്രമിച്ചില്ല, എന്നു പറയുന്നതാവും, കൂടുതല്‍ ശരി.

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. കട്ടന്‍ചായ‌ ഉണ്ടാക്കി, അതിലെ ആവി പറന്നു പോകാന്‍ സമ്മതിക്കാതെ, ഗ്ലാസിനുമീതെ മുഖം കുനിച്ച്, ആ ഊഷ്മളതയെ ആസ്വദിക്കാന്‍ ഒരു ശ്രമം നടത്തി. പിന്നെ ഒരു പകലിനുള്ള ചമയങ്ങളുടെ ഒരുക്കമായി. ഒക്കെ കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ ഹാജര്‍ പുസ്തകം അകത്തു പോയി. ലീവു കൊടുക്കണോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ സുമംഗലയെ വീണ്ടും കണ്ടു.

ഒന്നു ചിരിച്ചിട്ട്, അവള്‍ നന്ദി പറഞ്ഞു, തലേന്നു ചെയ്തുകൊടുത്ത ഉപകാരത്തിന്. തഹസില്‍ദാര്‍ കനിഞ്ഞുവത്രെ. ജപ്തിനടപടികള്‍ തല്‍ക്കാലം ഒഴിവായിക്കിട്ടിപോലും. സുമംഗല ഗെയിറ്റ് കടക്കുമ്പോള്‍ വേഗം പിന്നാലെ നടന്നു ചെന്നു. പെട്ടെന്നു ചോദിച്ചു,
‘നിനക്കു സുഖമാണോ?”
വിളറിയ മുഖത്ത് വളരെ കഷ്ടപ്പെട്ടു വരുത്തിയ ചിരി വേഗം മാഞ്ഞു പോയി. പിന്നെ, അവള്‍ പതിയെ പറഞ്ഞു, “ എനിക്ക്.. മറക്കാന്‍ കഴിഞ്ഞില്ല, ഇതുവരെയും..”
പെട്ടെന്ന് കൈകാലുകള്‍ തളര്‍ന്നതു പോലെ തോന്നി.
“ഭര്‍ത്താവ്..? “
“ എല്ലാവരുമുണ്ട്.. പക്ഷെ, എനിക്കൊന്നും മറക്കാന്‍ കഴിഞ്ഞില്ല.. മറക്കാന്‍ കഴിയില്ലെന്ന് എനിക്കറിയില്ലായിരുന്നു.. ഇനി കഴിയുമെന്നും തോന്നുന്നില്ല, ഞാന്‍ എത്ര തന്നെ ശ്രമിച്ചാലും. എനിക്ക് ജീവിതത്തെ സ്നേഹിക്കാന്‍ കഴിയുന്നില്ല... ചിരിക്കാന്‍ കഴിയുന്നില്ല..... എനിക്കറിയില്ലായിരുന്നു , ഞാന്‍ ഇത്രയേറെ സ്നേഹിച്ചിരുന്നുവെന്ന്... ഒന്നും തിരുത്താനാവില്ല എന്നറിയാം.. എങ്കിലും എന്റെ സങ്കടം ഞാന്‍ ആരോടു പറയും? നെഞ്ചിനകത്തെ ഈ ഭാരം എന്നെങ്കിലും ഒന്നിറക്കിവയ്ക്കാന്‍ കഴിയുമോ? ..”

മനസ്സിലെ ചില്ലകളില്‍ വസന്തവുമായി ഒരു കിളി പറന്നു വന്നുവോ? ഞാന്‍ ആശയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ കണ്ണുകളില്‍ എന്നോടുള്ള സ്നേഹം കണ്ടില്ല. പകരം എന്നെ മറക്കാന്‍ കഴിയാത്തതിലുള്ള ദൈന്യതയാണു കണ്ടത്.

സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അവള്‍ നടന്നുപോയപ്പോള്‍ എനിക്കു ഒരുപാട് പ്രായം പെട്ടെന്നു കൂടിയതു പോലെ തോന്നി.