Posts

Showing posts from February, 2008

ഇലഞ്ഞിപ്പൂവിന്റെ നൊമ്പരം

കൊഴിഞ്ഞു വീണ ഇലകളെയും, ഇലഞ്ഞിപ്പൂക്കളെയും നോവിക്കാതെ, നിഴല്‍ വീണ വഴിയിലൂടെ മെല്ലെ നടന്നു. കായല്‍പ്പരപ്പിനു മുകളിലൂടെ ഒഴുകിയെത്തിയ കാറ്റിന്‌ ഡിസംബറിന്റെ, സുഖമുള്ള കുളിര്‌. സാരിത്തലപ്പെടുത്തു പുതച്ച്, കൈകള്‍ കവിളില്‍ ചേര്‍ത്തുനടക്കുമ്പോള്‍, ആ കുളിര് മേലാകെ ഒരു ലഹരിയായ് പടരുന്നതറിഞ്ഞു. വഴിയരികിലെ ചാരുബഞ്ചുകളിലൊന്നും ആരേയും കണ്ടില്ല. പുല്ലിനു മീതെ വീണുകിടന്ന ഇലഞ്ഞിപ്പൂക്കള്‍ കൈവെള്ളയിലെടുത്ത്‌ മണത്തുനോക്കി. ഈ നേരിയ കുളിരില്‍ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധത്തിന്‌ വല്ലാത്തൊരു വശ്യതയുണ്ട്‌. വശ്യമായ ഈ സുഗന്ധം പൂവിന്റെയുള്ളില്‍ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നത്‌? സൈക്കിളില്‍ എതിരേ വന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആ പൂക്കള്‍ എറിഞ്ഞുകൊടുത്തു. അവള്‍ ഒന്നു ചിരിച്ച്‌, കൈവീശിക്കാണിച്ച്‌ കടന്നു പോയി. വഴിയോരത്തെ ഇലഞ്ഞിമരങ്ങള്‍ പിന്നിട്ട്‌, ഒഴിഞ്ഞ ചാരുബഞ്ചുകള്‍ പിന്നിട്ട്‌, പിന്നെയും നടന്നു. പണ്ടും ഈ വഴിലൂടെ പലപ്പോഴും നടന്നിട്ടുണ്ട്‌. ഈ നിഴലുറങ്ങുന്ന വഴിക്ക്‌ എന്തോ പ്രത്യേകതയുണ്ട്‌. ഇവിടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരശബ്ദം മാത്രമേയുള്ളൂ. വെളിച്ചം കാണിക്കാതെ, മയില്‍പ്പീലികണക