Posts

Showing posts from 2009

നിധി തേടിപ്പോയവർ

നിധി തേടി, ഒരു യാത്ര മണൽക്കാടുകളിലൂടെ ചുട്ടുപഴുത്ത മണൽത്തരികളിൽ ചോരപൊടിയും വിരലുകൾ കൊണ്ടു പരതി, ചുഴലിക്കാറ്റിന്റെ കാതടപ്പിക്കുന്ന ചൂളംവിളികൾ കേൾക്കാതെ മൺ‌തൂണുകൾക്കിടയിലൂടെയിഴഞ്ഞ് നിധി തേടി ഒരു യാത്ര നിധിയങ്ങകലെയൊരു നാട്ടിൽ ഒരു പച്ചമരത്തണലിൽ നോമ്പ് നോറ്റ് കാത്തിരുന്നു പാവം പഥികൻ! ഖനി തേടി ഭൂമി തുരന്നു അപ്പുറമെത്തി, പിന്നെയും തുരന്നു കൊണ്ടേയിരുന്നു മസ്തിഷ്ക്കത്തിനുള്ളിൽ ആരുമന്നോളം എത്തിനോക്കാതെ ഖനി പാഴ്‌നിലമായ് കിടന്നു മൂന്നാം ചുവടു വച്ച്, പിന്നെ നാലാമതൊരു ചുവടു വയ്ക്കാൻ ഇടം തേടി, ഒടുവിൽ നോട്ടമെത്തുന്നത് നക്ഷത്രങ്ങളിൽ പാവം നക്ഷത്രങ്ങൾ ! ഭാവി ഇനിയാരു പറയും! നക്ഷത്രക്കണ്ണുള്ളൊരു കുഞ്ഞുരാജകുമാരി ഹൃദയത്തിലിടവുമായ് വിളിക്കുന്നു കൊച്ചരിപ്പല്ലൊന്നു കാട്ടി അതാരു കാണാൻ ! ........ എല്ലാം നിനക്കുവേണ്ടിയോമനേ ഈ ദീർഘനിശ്വാസം പോലും നിന്റെ കൈകളിൽ തങ്കത്തരിവളകൾ കിലുങ്ങണ്ടേ നിന്റെ വിരലിൽ ചാർത്താൻ നാഗകന്യകൾ കൊതിക്കും മാണിക്യക്കല്ലുമോതിരം വേണ്ടേ ...... എനിക്കൊന്നു നടക്കണം അച്ഛനെന്റെ വിരലൊന്നു പിടിക്ക്വോ ? ...... കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്.

കഥയുടെ പടവുകൾ കടന്ന്..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങളോർത്തു കിടന്നാൽ താനേ ഉറക്കം വരുമെന്നു ആരോ പറഞ്ഞതോർത്തു. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചോർത്തു നോക്കി. ഒരു കാര്യവും മനസ്സിൽ വന്നില്ല. ഒടുവിൽ ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു. കണ്ണുകളിൽ മദ്ധ്യാഹ്നസൂര്യൻ കത്തി നിൽക്കും പോലെ. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. നല്ല ഇരുട്ട്. മെല്ലെ എഴുന്നേറ്റ്, ഇരുട്ടിൽ തപ്പിത്തടഞ്ഞ്, മേശപ്പുറത്തിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ തണുത്ത വെള്ളം കുറെ തൊണ്ടയിലേയ്ക്കൊഴിച്ചു. കണ്ണിലെ സൂര്യനൊന്നു മങ്ങിയോ? മേശപ്പുറത്തെ ടേബിൾലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ വെളിച്ചം മേശപ്പുറത്തു തട്ടിമറിഞ്ഞ് മുറിയാകെ പടർന്നു. മേശയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട്, ചാരിയിരുന്നു നോക്കി. ഉറക്കം വന്നെങ്കിലോ.. കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്നിട്ടും സൂര്യൻ കണ്ണിൽ ജ്വലിച്ചു തന്നെ നിന്നു. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, വല്ലതുമൊക്കെ കുത്തിക്കുറിക്കാറുള്ള പഴയ ഡയറി തുറന്നു വച്ച്, അതിൽ വെറുതെ കുത്തിവരച്ചു. നേർ‌രേഖകൾ. വൃത്തങ്ങൾ. അർദ്ധവൃത്തങ്ങൾ. പിന്നെയും കുറെ രേഖകൾ. തലങ്ങനെയും

വെളിച്ചം തേടുന്ന വേരുകൾ

കറുത്ത മണ്ണിലെ, ഇരുട്ടിൽ കുരുങ്ങിയ വേരുകൾ കെട്ടുപിണഞ്ഞവർ, മത്സരിച്ചു മത്സരിച്ച് ഒടുവിൽ കയ്യെത്തിപ്പിടിക്കുന്നത് ഒരു തുള്ളി ദാഹജലം. എങ്കിലും, തളിരിലകൾ കിളിർക്കുന്നത് പൂക്കൾ വിരിയുന്നത് അങ്ങകലെയാണ്. പകലെരിഞ്ഞു തീരുവോളം യന്ത്രം കണക്കെ തിരിഞ്ഞു തളർന്ന് പിന്നൊരു വേഷപ്പകർച്ചയിൽ കൂട്ടരൊത്ത് ഒച്ചവച്ചുറക്കെച്ചിരിച്ച്, ഒടുവിൽ, രാവിന്റെ മടിയിൽ മുഖം പൂഴ്ത്തി, നൊമ്പരങ്ങൾ പുതച്ചുറങ്ങുന്നവർ. എവിടേയ്ക്കോ നീളുമീ പാത- യവരെയും വഹിച്ചതിചടുലമായ് മുന്നോട്ടു കുതിയ്ക്കുമ്പോൾ ചുറ്റുമുയരുമാരവങ്ങളിൽ കാഴ്ച മറയ്ക്കും ധൂളിപടലങ്ങളിൽപ്പെട്ടുഴറി പിന്നെയുമെത്രയോ, മുഖങ്ങൾ ! അവരിൽ ഞാനുണ്ട്. ഒരുപക്ഷെ, നിങ്ങളും. എങ്കിലും ഒരുനാൾ, ഒരു വേനൽ മഴയിൽ കറുത്ത മേഘങ്ങൾക്കിടയിലൂടെ, ആർക്കും തടുക്കാനാവാത്ത സ്നേഹത്തിന്റെ വെളിച്ചം അവരിലേയ്ക്കൊഴുകിയെത്തും വേരുകളിൽ മുളപൊട്ടും, തളിരിലകൾ പിറക്കും. ആ വേനൽ മഴയുടെ കുളിരു പുതച്ച് അവർ പിന്നെയും മയങ്ങും, ഒരുനാൾ സ്വപ്നതാഴ്വരകൾ കടന്ന്, കടലേഴും കടന്ന്, ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ. അവരിൽ നിങ്ങളുണ്ടാവും. ഞാനും?

എങ്ങുനിന്നോ പറന്നു വന്ന ഒരേട്..

" നീയെന്താ ആലോചിക്കുന്നെ?” “ഒന്നുമില്ല.. വെറുതെ..” “മനസ്സെവിടെയോ പോയല്ലോ, എവിടെയാ?” “മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.” “ങ്ഹാ.. കൊള്ളാമല്ലോ. എന്നിട്ട്?” “എന്നിട്ടൊന്നുമില്ല.” “ഇങ്ങനെയുണ്ടോ ഒരു പിണക്കം?!" "ഇല്ല, പിണങ്ങുന്നില്ല. ഇനി കളിയാക്കില്ലെന്നു പറഞ്ഞാൽ ഞാനൊരു സ്വകാര്യം പറയാം.” "ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല” “സത്യം പറഞ്ഞാൽ എനിക്ക് പൂത്തുമ്പിയെ പേടിയാണ്..” “എന്തിന്?” എന്തിനെന്നറിയില്ല. കുട്ടിയായിരുന്നപ്പോൾ മുതൽ അങ്ങനെയാ..” “എനിക്കു ചിരിക്കാതിരിക്കാൻ വയ്യല്ലോ, പെണ്ണേ..” “ ഇതിലിത്ര ചിരിക്കാനെന്തിരിക്കുന്നു? എല്ലാവർക്കും ഇങ്ങനെ എന്തെങ്കിലും പേടികളൊക്കെ കാണില്ലേ?” “കാണും, സമ്മതിച്ചു. എന്നാലും, പാവം പൂത്തുമ്പിയോട് തന്നെ വേണോ, പേടി?” “കണ്ടോ.. ചിരിക്കില്ലെന്നു പറഞ്ഞിട്ട്..” “അറിയാതെ ചിരിച്ചു പോയതല്ലേ, ക്ഷമിക്ക്. ഇനിയെന്തു പറഞ്ഞാലും ചിരിക്കുകയേ ഇല്ല. ഉറപ്പ്. ധൈര്യമായി പറഞ്ഞോളൂ.” “പൂത്തുമ്പിയെ പേടിയായിരുന്നു എന്നുവച്ച്, അന്നത്തെ പട്ടുപാവാടക്കാരി തീർത്തും ഭീരുവായിരുന്നു എന്നൊന്നും കരുതേണ്ട, ട്ടൊ” “ഓഹോ!.” “അ

ഒരു നെടുവീര്‍പ്പിനൊടുവില്‍

"കുഞ്ഞ്‌ കരയുന്നതു കേട്ടില്ലേ, നീയ്യ്‌?" അകത്തെ മുറിയില്‍ ഇടിമുഴങ്ങി. അടുക്കളയിലെന്തോക്കെയോ താഴെ വീണുടഞ്ഞു. വിയര്‍ത്തൊലിച്ച്‌, സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ചുകൊണ്ട്‌ അവള്‍ അടുക്കളയില്‍നിന്നോടിവന്നു. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ നോക്കി. “നീയൊന്നുറങ്ങെന്റെ മോനെ.. അമ്മയ്ക്ക് അടുക്കളേലിമ്മിണി പണീണ്ട്..“ ഈണമില്ലാതൊരു താരാട്ട് മൂളി, അവള്‍ തൊട്ടില്‍ വേഗത്തിലാട്ടി.. അയാള്‍ അടുത്തുവന്ന് അവളുടെ മുഖത്തേയ്ക്ക്‌ തറപ്പിച്ചു നോക്കി. " എന്താ നിന്റെ ഉദ്ദേശ്യം? അതിനെ കൊല്ലാനാണോ? തള്ളയാണു പോലും ! " അയാള്‍ അവജ്ഞയോടെ മുഖം തിരിച്ചു.. " ഇങ്ങനൊന്നും പറയല്ലേ..ഞാന്‍ നൊന്തുപെറ്റതല്ലേ ഇവനെ..അതു മറക്കണ്ട." അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. "മിണ്ടരുത്‌! നൊന്തു പെറ്റു പോലും ! എന്നിട്ടെവിടെ എന്നെ പത്തുമാസം ചുമന്ന് നൊന്തു പെറ്റ തള്ള? എവിടെയോ ഉണ്ടല്ലോ. നീ ഇന്നേവരെ കണ്ടിട്ടുണ്ടോ? കൊല്ലും ഞാന്‍, എന്റെ കണ്മുന്നിലെങ്ങാനും വന്നു പെട്ടാല്‍ കൊല്ലും ഞാന്‍ !" അയാള്‍ പിന്നെയും അലറി. അവള്‍ ഒന്നും മിണ്ടാതെ കുഞ്ഞിനെ എടുത്ത്‌ തോളിലിട്ട്‌ അടുക്കളയിലേക്ക്‌ നടന്നു. അടുപ്പിലെ നനഞ്ഞ വിറക്‌ കത്