എങ്ങുനിന്നോ പറന്നു വന്ന ഒരേട്..

" നീയെന്താ ആലോചിക്കുന്നെ?”
“ഒന്നുമില്ല.. വെറുതെ..”
“മനസ്സെവിടെയോ പോയല്ലോ, എവിടെയാ?”
“മനസ്സ് ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ് പൂത്തുമ്പികളുടെ പിന്നാലെ ഓടുകയാണ്’.”

“ങ്ഹാ.. കൊള്ളാമല്ലോ. എന്നിട്ട്?”
“എന്നിട്ടൊന്നുമില്ല.”
“ഇങ്ങനെയുണ്ടോ ഒരു പിണക്കം?!"
"ഇല്ല, പിണങ്ങുന്നില്ല. ഇനി കളിയാക്കില്ലെന്നു പറഞ്ഞാൽ ഞാനൊരു സ്വകാര്യം പറയാം.”
"ഉം. പറയൂ. ചിരിക്കുന്ന പ്രശ്നമേയില്ല”
“സത്യം പറഞ്ഞാൽ എനിക്ക് പൂത്തുമ്പിയെ പേടിയാണ്..”
“എന്തിന്?”
എന്തിനെന്നറിയില്ല. കുട്ടിയായിരുന്നപ്പോൾ മുതൽ അങ്ങനെയാ..”
“എനിക്കു ചിരിക്കാതിരിക്കാൻ വയ്യല്ലോ, പെണ്ണേ..”
“ ഇതിലിത്ര ചിരിക്കാനെന്തിരിക്കുന്നു? എല്ലാവർക്കും ഇങ്ങനെ എന്തെങ്കിലും പേടികളൊക്കെ കാണില്ലേ?”
“കാണും, സമ്മതിച്ചു. എന്നാലും, പാവം പൂത്തുമ്പിയോട് തന്നെ വേണോ, പേടി?”
“കണ്ടോ.. ചിരിക്കില്ലെന്നു പറഞ്ഞിട്ട്..”
“അറിയാതെ ചിരിച്ചു പോയതല്ലേ, ക്ഷമിക്ക്. ഇനിയെന്തു പറഞ്ഞാലും ചിരിക്കുകയേ ഇല്ല. ഉറപ്പ്. ധൈര്യമായി പറഞ്ഞോളൂ.”
“പൂത്തുമ്പിയെ പേടിയായിരുന്നു എന്നുവച്ച്, അന്നത്തെ പട്ടുപാവാടക്കാരി തീർത്തും ഭീരുവായിരുന്നു എന്നൊന്നും കരുതേണ്ട, ട്ടൊ”
“ഓഹോ!.”
“അവൾക്ക് ഇരുട്ടിനെ തീരെയും ഭയമില്ലായിരുന്നു.”
“അതു കൊള്ളാമല്ലോ!.”
“പകലത്തെ ബദ്ധപ്പാടുകൾക്ക് വിരാമമിട്ട്, സകല ജീവജാലങ്ങൾക്കും വിശ്രമിക്കാൻ ആരോ ആ വലിയ സൂര്യവിളക്ക് കെടുത്തിവയ്ക്കുന്നു എന്നേ തോന്നിയിരുന്നുള്ളൂ. എന്നാൽ, ചെടികൾക്ക് പൂമൊട്ടുകളെ പ്രസവിക്കാനും, പൂമൊട്ടുകൾക്ക് ആരും കാണാതെ ഇളംതെന്നലിന്റെ കുളിരിൽ വിരിയാനും, സുഗന്ധം ചൊരിയാനും പ്രകൃതിയൊരുക്കുന്ന സ്വകാര്യനിമിഷങ്ങളല്ലേ, രാത്രികൾ?”
“പെണ്ണേ, നീ വാചാലയാവുന്നല്ലോ !.”
“മുല്ലമൊട്ടു വിരിയുന്നതു കാണാൻ രാത്രിയേറെ വൈകും വരെ ജനാലയ്ക്കരികിൽ നോക്കിയിരുന്നിട്ടുണ്ട്. ഒടുവിൽ, ഉറക്കം കണ്ണിൽ വന്നു നിറയുമ്പോൾ തിരികെ പോരും. രാവിലെയുണർന്നു നോക്കുമ്പോൾ മുല്ല നിറയെ പുഞ്ചിരിച്ചുനിൽക്കുന്ന മുല്ലപ്പൂക്കൾ. മുല്ലയോട് ശരിയ്ക്കും ദേഷ്യം തോന്നീട്ടുണ്ട്.”
“ഉവ്വോ?”
“ഉം”
“മുല്ലയോടും പിണങ്ങുമോ?”
“പിന്നെ, പിണങ്ങാതെ ! കുറുമ്പു കാട്ടിയാൽ ആരോടായാലും പിണങ്ങും. ആരോടും പറയില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം. പറയട്ടെ?”
“ഉം. പറഞ്ഞോളൂ.”
“രാത്രിയിൽ ജനാലക്കരികിലിരുന്ന് സുഖമുള്ള തണുത്ത കാറ്റേറ്റ്, പരീക്ഷയ്ക്കുള്ള പാഠങ്ങൾ വായിച്ചുപഠിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ചിലപ്പോൾ കസേരയിൽ ചാരിയിരുന്ന് അറിയാതെ ഉറങ്ങിപ്പോവും. അപ്പോഴൊക്കെ ആരോ എന്റെ നെറ്റിയിൽ ചുംബിച്ച് എന്നെ ഉണർത്തുമായിരുന്നു. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഒരു മൃദുചുംബനം. ഇപ്പൊഴും അതെന്റെ ഹൃദയത്തിലുണ്ട്. അതാരായിരുന്നുവെന്ന് എനിക്കറിയില്ല. ആരെയും അവിടെയെങ്ങും കണ്ടിട്ടുമില്ല. കണ്ണടച്ച്, ആ ചുംബനത്തിനായി പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. പക്ഷെ, ആരും വന്നില്ല, ചുംബനം തന്നില്ല, പിന്നീടും എപ്പൊഴൊക്കെയോ, ഉറക്കത്തിലേയ്ക്കാഴ്ന്നു പോകുമ്പോൾ നെറ്റിയിൽ ആ ചുംബനം ഞാനറിഞ്ഞു, അറിയാതെ ഉണർന്നു. അതാരായിരുന്നെന്ന് എനിക്കിപ്പോഴുമറിയില്ല.”
“ഒക്കെ നിന്റെ തോന്നലുകളാവും”
“ആയിരിക്കാം. ചിലപ്പോൾ ചില തോന്നലുകൾക്ക് യാഥാർഥ്യങ്ങളെക്കാൾ കരുത്തുണ്ട്."
"എത്ര പെട്ടെന്നാണ് നിന്നിലെ പട്ടുപാവാടക്കാരി വളർന്ന് സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടിയായത് ! മുല്ലമൊട്ട് വിരിയുന്നത് ഞാനിപ്പോൾ കണ്ടു.”
“കളിയാക്കണ്ട, ട്ടോ”
“കളിയാക്കിയതല്ല, പെണ്ണേ”
“ഉം. സമ്മതിച്ചു. പിന്നെ.. ഒരു കാര്യം പറയാൻ മറന്നു. കാണുമ്പോൾ ആദ്യമേ തന്നെ പറയണമെന്നു കരുതിയതാണ്.”
“എന്താത്?”
“ഞാനിന്നൊരു കുട്ടിയെ കണ്ടു.”
“കുട്ടിയേയോ?”
“ഉം. കുട്ടി തന്നെ. കറുത്ത് മേലാകെ ചെളിപുരണ്ട് ഒന്നോ രണ്ടോ വയസ്സുള്ളൊരു ആൺകുട്ടി. മുട്ടുകാലിനു മീതെ നിൽക്കുന്ന മുഷിഞ്ഞ ഷർട്ടു മാത്രമായിരുന്നു, വേഷം. നല്ല ചന്തമുള്ളൊരു കുട്ടി. ചീകിയൊതുക്കാത്ത ചുരുണ്ട മുടി അവനു നന്നായി ചേരുന്നതുപോലെ തോന്നി.”

“ഉം”


“ബസ്റ്റോപ്പിനടുത്ത് തമ്പടിച്ചിരുന്ന നാടോടിക്കൂട്ടത്തിൽ നിന്നാണവൻ ഓടിവന്നത്. ചിരിച്ചു കൊണ്ട്, ആളുകൾക്കിടയിലൂടെ അങ്ങുമിങ്ങും ഓടിനടന്ന് അവൻ തിരിച്ചുപോയി. അവിടെ അവന്റെ ഛായയുള്ള ഒരു കറുത്ത മനുഷ്യന്റെ മടിയിൽ ചാടിക്കയറി, കുത്തിമറിഞ്ഞ്, ഒന്നു കൊഞ്ചിയിട്ട് അവൻ പിന്നെയും ഓടിവന്നു. എന്തൊരു പ്രസരിപ്പായിരുന്നെന്നോ, ആ മുഖത്ത്! അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അവന്റെ നോട്ടം മനസ്സിൽ കൊത്തി വലിക്കുന്നതു പോലെ തോന്നി.”


“ഉം. എന്നിട്ട്..?”


“എന്നിട്ട്..അവൻ ബസ്റ്റോപ്പിൽ നിന്നിരുന്ന യൂണിഫോമിട്ട ഒരു പെൺകുട്ടിയുടെ അടുത്ത് ചെന്നു. അവളുടെ സ്കൂൾബാഗിന്റെ പുറത്തെ സ്പൈഡർമാന്റെ ഭംഗി നോക്കി ഒരുനിമിഷം നിന്നു. പിന്നെ, ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ, അവളുടെ കയ്യൊന്നു തൊട്ടു. എന്നിട്ട് ആ കുഞ്ഞുകൈ നീട്ടിക്കാണിച്ചു. അവൾ പേടിച്ചെന്നപോലെ പിറകോട്ട് മാറി. അവൻ കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ച് ആളുകൾക്കിടയിലൂടെ ഓടിപ്പോയി.”


“പിന്നീട് അവനെ കണ്ടില്ലേ?”


“പിന്നെ കുറച്ചുനേരം അവനെ കണ്ടില്ല. എന്തിനെന്നറിയാതെ എന്റെ മനസ്സ് അസ്വസ്ഥമായി. മറ്റാരുടെയും ശ്രദ്ധയിൽ‌പ്പെടാതെ ഞാൻ കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞു. പെട്ടെന്ന് എങ്ങുനിന്നോ അവൻ ഓടിവന്നു. ആളുകൾക്കിടയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി അവൻ എന്റെ അടുത്തു വന്നുനിന്നു. അവൻ എന്റെ സാരിയിൽ തൊട്ടുനോക്കി. ഞാൻ അനങ്ങിയില്ല. എന്റെ ഹൃദയത്തിൽ എന്തോ വന്നു നിറയുന്നതു പോലെ തോന്നി. വാത്സല്യമോ സ്നേഹമോ എന്തായിരുന്നു അതെന്നെനിക്കറിയില്ല. അവൻ എന്റെ കയ്യിലൊന്നു തൊട്ടു. പിന്നെ ആ കുഞ്ഞുകൈ ഭിക്ഷ യാചിക്കും പോലെ എന്റെ നേര്‍ക്കു നീട്ടി. ഒരു നിമിഷം ഞാൻ എന്നെ മറന്നു പോയി. ഞാനവന്റെ കയ്യിൽ ബലമായിപിടിച്ച് ഉറക്കെ പറഞ്ഞു. “എന്തായീ കാട്ടണെ?ചുട്ട അടികിട്ടാഞ്ഞിട്ടാണ് ഈ തോന്ന്യാസം!” പറഞ്ഞുതീർന്നതും ഞെട്ടിയുണർന്ന പോലെ ഞാൻ ചുറ്റും നോക്കി. ആളുകൾ എന്നെത്തന്നെ തുറിച്ചുനോക്കുന്നു. ആ കൊച്ചുപയ്യനെ അരികിലെങ്ങും കണ്ടില്ല. അവൻ കരഞ്ഞുകൊണ്ട് ഓടിപ്പോയ്‌ക്കാണുമോ എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ വിങ്ങി. പെട്ടെന്ന് അടുത്ത് നിന്ന സ്ത്രീയുടെ പിന്നിൽ ഒളിച്ചു നിന്ന്, കവിളുകൾ വീർപ്പിച്ച് ഒരു കുഞ്ഞുമുഖം എന്നെ നോക്കി. ആ മുഖത്ത്, കണ്ണുകൾ രണ്ടു തടാകങ്ങൾ പോലെ നിറഞ്ഞുനിന്നു. എനിക്കവനെയൊന്നു വാരിയെടുക്കാൻ തോന്നി. ഞാനവന്റെ നേർക്കു കൈനീട്ടി. അവനെന്റെ കൈ തട്ടിമാറ്റി ആ നാടോടിക്കൂട്ടത്തിലേയ്ക്ക് ഓടിപ്പോയി.”


“പെണ്ണേ, നീ കരയുവാണോ?”


“ഉം. ഞാൻ കരയുന്നതാണോ കാര്യം!.. അവനെന്തിനാ എന്റെ മുന്നില്‍ കൈ നീട്ടിയത്?  ഭിക്ഷ യാചിച്ചു നിന്ന അവന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.  അവന്‍ കുഞ്ഞല്ലേ.. എന്നിട്ട്...”


“എന്തു പറയണമെന്നെനിക്കറിയില്ല. ഇതുപോലെ എത്രയോ കുട്ടികൾ! നമുക്കെന്തു ചെയ്യാനാവും? ഒന്നും ചെയ്യാൻ കഴിയില്ല, വെറുതെ മനസ്സു വിഷമിപ്പിക്കാമെന്നല്ലാതെ. നീയത് വെറുതെ മനസ്സിലിട്ട് നടക്കണ്ട. അല്ലാതെ തന്നെ, സങ്കടങ്ങൾ ധാരാളമില്ലേ?”


“ശരിയാണ്. സ്വന്തമായിട്ടൊരുപാട് സങ്കടങ്ങളുണ്ട്. അവയുടെ കൂട്ടത്തിൽ പുതിയൊരു നൊമ്പരമായി അവനും കൂടി ഇരിക്കട്ടെ. അവനെയെനിക്ക് മറക്കണ്ട. തെരുവിന്റെ സന്തതിയായി വളർന്നതുകൊണ്ട് ഒരിക്കലും ഒരു നല്ല ജീവിതമുണ്ടാകില്ല എന്നു ഞാൻ കരുതുന്നില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, വലിയ തെറ്റുകളിലേയ്ക്ക് അവൻ നടന്നുപോകുമ്പോൾ, എന്റെയീ മനസ്സ് ഒരു പിൻ‌വിളിയായി അവനിലേയ്ക്കെത്താതിരിക്കുമോ?”


“ഒരു പട്ടുപാവാടക്കാരിയിൽനിന്നു വളർന്ന് നിന്റെ മനസ്സിപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നെനിക്കറിയാം. അത് ഏതൊരു സ്ത്രീയുടെയും കരുത്താണ്. കാലത്തിനും ദൂരത്തിനും അതീതമായ മാതൃത്വത്തിന്റെ കരുത്ത്. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ കരുത്ത്. എനിക്കിപ്പോൾ സ്ത്രീയോട് അസൂയ തോന്നുന്നു.”


“നീ ഇത്രയൊക്കെ പറയാൻ, അസാധാരണമായി ഞാനൊന്നും ചിന്തിച്ചില്ലല്ലോ..”


“ഇല്ല. നീ അസാധാരണമായി ഒന്നും ചിന്തിച്ചില്ല. നീ നിന്നോട് നീതി പുലർത്തുക മാത്രമാണ് ചെയ്തത്.”


“ഉം.”


“സമയം എത്രയായീന്നറിയ്യോ!? ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ട എന്റെ ജീവിതത്തിൽ സമയം എന്റെ കല്പനകൾക്കു വിധേയമാണ്. പക്ഷെ, നിനക്കങ്ങനെയല്ലല്ലോ. എന്നത്തെയും പോലെ യാത്ര പറയാതെ പോവുക. നീ അരികിലുണ്ടെന്നു കരുതാൻ അതു ധാരാളം മതിയെനിക്ക്’.”


Comments

G.MANU said…
പൂമൊട്ടുകൾക്ക് ആരും കാണാതെ ഇളംതെന്നലിന്റെ കുളിരിൽ വിരിയാനും, സുഗന്ധം ചൊരിയാനും പ്രകൃതിയൊരുക്കുന്ന സ്വകാര്യനിമിഷങ്ങളല്ലേ, രാത്രികൾ?”

മനോഹരമായ രചന

സ്നേഹതീരത്ത് ഒരു പോസ്റ്റ് വളരെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം
പുതുമയുള്ള രചനാശൈലി,

രണ്ടു ഹൃദയങ്ങളുടെ സംവേദനം
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
തുടക്കം ഒരു പട്ടുപാവാടക്കാരിയായി മഴ നനഞ്ഞ്
പിന്നെ വളർന്ന് സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടി
ഒടുവിൽ കാലത്തിനും ദൂരത്തിനും അതീതമായ മാതൃത്വത്തിന്റെ കരുത്തിലേക്ക്‌

അനുവാചകനു പെട്ടെന്നു പിടി തരാതെയുള്ള ഈ കഥയുടെ യാത്ര വളരെ നന്നായിരിക്കുന്നു..
ആശംസകൾ
"പകലത്തെ ബദ്ധപ്പാടുകൾക്ക് വിരാമമിട്ട്, സകല ജീവജാലങ്ങൾക്കും വിശ്രമിക്കാൻ ആരോ ആ വലിയ സൂര്യവിളക്ക് കെടുത്തിവയ്ക്കുന്നു "
ഇഷ്ടപ്പെട്ടു.....
ശ്രീ said…
ആഹാ... ഗ്രേറ്റ് ചേച്ചീ... ശരിയാണ്. ഇങ്ങനെ എല്ലാ തലങ്ങളിലും ചിന്തിയ്ക്കാനുള്ള കഴിവു തന്നെയാണ് സ്ത്രീയുടെ ശക്തി.

ചിന്തകള്‍ വളരെ നന്നായി തന്നെ വായനക്കാരിലേയ്ക്കും പകര്‍ന്നു തരാന്‍ ചേച്ചിയുടെ എഴുത്തിന് കഴിയുന്നുണ്ട്.

കുറേ നാളുകള്‍ക്കു ശേഷമാണെങ്കിലും വല്ലപ്പൊഴും ഇങ്ങനെ ഒരു പോസ്റ്റു മതിയല്ലോ... വളരെ നന്നായിട്ടുണ്ട്.
Murali K Menon said…
രണ്ടുപേരുടേയും വര്‍ത്തമാനങ്ങളങ്ങനെ സാഹിത്യത്തിലൂടെ ഒഴുകിയൊഴുകി പോയപ്പോള്‍ വളരെ രസകരമായിരുന്നു. പിന്നെ കുട്ടിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്ക് ആദ്യത്തെ രസം ഉണ്ടായില്ല. കാരണം ദുഃഖങ്ങളെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ എന്റെ മനസ്സും അറിയാതെ നൊമ്പരപ്പെടുന്നു.

നന്നായിരിക്കുന്നു സ്നേഹതീരം. ആശംസകള്‍..
ഭംഗിയായി പറഞ്ഞിരിക്കുന്നു. കഥ അവസാനിക്കുമ്പോള്‍, ഒരു നേര്‍ത്ത നൊമ്പരം ബാക്കിയാവുന്നു.
ഏറെ വൈകിപ്പോയി ഈ അഭിപ്രായമെഴുതുവാന്‍...

അനുവാചകനില്‍ വാക്കുകള്‍ക്കു വിശദീകരിക്കാനാവാത്ത ഒരനുഭൂതി ജനിപ്പിക്കുമ്പോഴാണ് ഏതൊരു കലാരൂപവും മൃത്യുഞ്ജയമാകുന്നതെന്നാ‍ണ് എന്റെ വിശ്വാസം.
.............................
ബൂലോകത്തെ സാഹിത്യവാടിയില്‍ അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെ ചില സുന്ദരസുരഭിലമായ പൂക്കള്‍ വിരിയാറുള്ളത്.
ഈ പൂവിന്റെ സൌരഭത്തെ ഞാനും നെഞ്ചേറ്റുന്നു....
Unknown said…
ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട എന്റെ ജീവിതത്തിൽ സമയം എന്റെ കല്പനകൾക്കു വിധേയമാണ്. പക്ഷെ, നിനക്കങ്ങനെയല്ലല്ലോ. എന്നത്തെയും പോലെ യാത്ര പറയാതെ പോവുക. നീ അരികിലുണ്ടെന്നു കരുതാൻ അതു ധാരാളം മതിയെനിക്ക്’.”
Unknown said…
ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട എന്റെ ജീവിതത്തിൽ സമയം എന്റെ കല്പനകൾക്കു വിധേയമാണ്. പക്ഷെ, നിനക്കങ്ങനെയല്ലല്ലോ. എന്നത്തെയും പോലെ യാത്ര പറയാതെ പോവുക. നീ അരികിലുണ്ടെന്നു കരുതാൻ അതു ധാരാളം മതിയെനിക്ക്’.”

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം