കഥയുടെ പടവുകൾ കടന്ന്..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങളോർത്തു കിടന്നാൽ താനേ ഉറക്കം വരുമെന്നു ആരോ പറഞ്ഞതോർത്തു. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചോർത്തു നോക്കി. ഒരു കാര്യവും മനസ്സിൽ വന്നില്ല. ഒടുവിൽ ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു. കണ്ണുകളിൽ മദ്ധ്യാഹ്നസൂര്യൻ കത്തി നിൽക്കും പോലെ. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. നല്ല ഇരുട്ട്. മെല്ലെ എഴുന്നേറ്റ്, ഇരുട്ടിൽ തപ്പിത്തടഞ്ഞ്, മേശപ്പുറത്തിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ തണുത്ത വെള്ളം കുറെ തൊണ്ടയിലേയ്ക്കൊഴിച്ചു. കണ്ണിലെ സൂര്യനൊന്നു മങ്ങിയോ?

മേശപ്പുറത്തെ ടേബിൾലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ വെളിച്ചം മേശപ്പുറത്തു തട്ടിമറിഞ്ഞ് മുറിയാകെ പടർന്നു. മേശയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട്, ചാരിയിരുന്നു നോക്കി. ഉറക്കം വന്നെങ്കിലോ.. കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്നിട്ടും സൂര്യൻ കണ്ണിൽ ജ്വലിച്ചു തന്നെ നിന്നു. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, വല്ലതുമൊക്കെ കുത്തിക്കുറിക്കാറുള്ള പഴയ ഡയറി തുറന്നു വച്ച്, അതിൽ വെറുതെ കുത്തിവരച്ചു. നേർ‌രേഖകൾ. വൃത്തങ്ങൾ. അർദ്ധവൃത്തങ്ങൾ. പിന്നെയും കുറെ രേഖകൾ. തലങ്ങനെയും, വിലങ്ങനെയുമൊക്കെ. വരയ്ക്കെ, വരയ്ക്കെ വരകൾക്കിടയിൽ പരിചിതമായ എന്തോ ഒന്നിൽ പേനയുടക്കി നിന്നു. രണ്ടു വരകൾ, ചുളിവു വീണ നെറ്റിയിലെ ഭസ്മക്കുറികൾ പോലെ. വാർദ്ധക്യം കീഴടക്കിയ ഒരു മുഖം വരകൾക്കുപിന്നിൽ ഒളിച്ചു നിൽപ്പുണ്ടോ? വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി, ഒന്നുകൂടി കടലാസിൽ നോക്കി. വരകളല്ലാതെ ഒന്നും കണ്ടില്ല.

ആകാശവും ഇതുപോലെയാണ്. ചിലപ്പോൾ, മേഘങ്ങൾ വെളുത്ത ചെമ്മരിയാട്ടിൻപറ്റം പോലെ ആകാശത്തിന്റെ ഏതെങ്കിലുമൊരു കോണിൽ കൂട്ടം ചേർന്നു നിൽക്കും. ചിലനേരം, കാറ്റടിച്ച് പറത്തിയ മേഘങ്ങൾക്കിടയിൽ നിന്ന് വെള്ളത്താടിവച്ച അവ്യക്തമായ ഏതോ ഒരു മുഖം താഴേയ്ക്കു നോക്കി, ഗൂഢമായ് ചിരിക്കുന്നതു പോലെ തോന്നും. മഴക്കാലത്ത് കാറുകൊണ്ട മാനത്ത് എവിടെയ്ക്കോ തിരക്കിട്ടോടുന്ന ആനക്കൂട്ടങ്ങളെ എത്രയോ വട്ടം കണ്ടിരിക്കുന്നു! ഒന്നും വ്യക്തമല്ല. ഈ അവ്യക്തതയാണോ, ജീവിതത്തിന്റെയും ആധാരം? അറിവുകളെയും വിശ്വാസങ്ങളെയും വേർ‌തിരിക്കുന്ന നേർത്ത മഞ്ഞുമറയല്ലേ, ഈ അവ്യക്തത? അറിവുകൾ തോൽക്കുന്നിടത്ത് മുറുകെപ്പിടിക്കാൻ കുറെ വിശ്വാസങ്ങളില്ലെങ്കിൽ, പിന്നെ ജീവിതമുണ്ടോ?

കടലാസിൽ കോറിയിട്ട വരകളിലേയ്ക്ക് വീണ്ടും നോക്കി. വളഞ്ഞ രണ്ടുവരകൾ അടഞ്ഞ കൺപോളകൾ പോലെ. പിന്നെ താഴേയ്ക്കു കുറെ വരകൾ. മുറിഞ്ഞ കണ്ണുനീർച്ചാലുകൾ പോലെ. ഭസ്മക്കുറികളെവിടെ? പേന കൊണ്ട് കണ്ണുകൾക്കു മേലെ രണ്ട് വളഞ്ഞ രേഖകൾ വരച്ചു. പക്ഷെ, അവ വേറിട്ടുനിന്നു, വെറും വരകൾ മാത്രമായിട്ട്. എന്നോട് പിണങ്ങിയോ?

ആരോടാണത് ചോദിച്ചത്?

ഒരു കഥയെഴുതിയാലോ എന്നു തോന്നി. ഇതുപോലെ ഉറക്കം വിടപറഞ്ഞ രാത്രികളിലാണ് പലപ്പോഴും കഥകളെഴുതാറ്. അണമുറിയാതൊഴുകുന്ന ചിന്തകൾ എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് പതഞ്ഞൊഴുകി, കഥകൾ പറഞ്ഞ് പിന്നെയും ഒഴുക്കിലേയ്ക്ക്....

പേനയിൽ മുറുകെപ്പിടിച്ചു. ചിന്തകൾ തട്ടിത്തടയുന്നത് ആ ഭസ്മക്കുറികളിലാണ്. അവ്യക്തമായ വരകൾ. വരകൾ വാക്കുകളാവുന്നത് നോക്കിയിരുന്നു. ആരോ എഴുതുന്നത് നോക്കിയിരിക്കും പോലെ.

വാക്കുകളിലൂടെ..

വരികളിലൂടെ..

കഥയിലേയ്ക്ക്.......


"അമ്മൂ....”

അനക്കമൊന്നും കേട്ടില്ല.

“അമ്മൂ... .... ഇതെന്താദ് ! മണിയെത്രയായീന്നാ വിചാരം? ഇങ്ങനൊണ്ടോ ഒരൊറക്കം.. രാത്രി മുഴുവൻ ഉറങ്ങാണ്ടെ അമ്മമ്മേടെ കഥകേട്ടു കിടന്നിട്ട്...രാവിലെ..ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കാണ്ട് എണീറ്റുപോണൊണ്ടോ.. “

അമ്മു ചെവിയിൽ വിരലുതിരുകി ഒന്നുകൂടി അമ്മമ്മയോടൊട്ടിക്കിടന്നു.

ശുഷ്ക്കിച്ച വിരലുകൾ അമ്മുവിന്റെ മുഖത്തു വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കി. പിന്നെ, അമ്മുവിന്റെ കാതിൽ മെല്ലെ വിളിച്ചു,

“അമ്മൂട്ടീ...”

“ഉം.. “

“എണീക്കണ്ടേ.. “

“വേണ്ട..”

“അമ്മ വഴക്കു പറയണണ്ട്..”

“പറയട്ടെ..”

“പള്ളിക്കൂടത്തില് പോവണ്ടേ..”

“വേണ്ട...”

“പഠിച്ച് ഡാക്കിട്ടറായി അമ്മമ്മയെ എണീപ്പിച്ചു നടത്തണ്ടേ..”
“ വേണ്ട... അല്ല, അല്ല.. വേണം”

ചുളിവുകൾ വീണ മുഖത്ത് ചിരി പടർന്നു. അമ്മുവിന്റെ കവിളിൽ ഒരുമ്മ മെല്ലെ വന്നു പതിഞ്ഞു.

“എങ്കിലെന്റെ കുട്ടിയെണീറ്റേ....”

“ അമ്മമ്മയുമെണീക്ക്..”

“ അതിനു അമ്മൂട്ടി ഡാക്കിട്ടറായി വരണ്ടേ...”

“ ഞാൻ ഡാക്കിട്ടറായി വരുമ്പൊ അമ്മമ്മ എണീറ്റൂ നടക്ക്വോ?“
“പിന്നല്ലാതെ... നടക്ക്വല്ല.. ഓടും ഞാൻ.. നെന്റെ പിന്നാലെ..”
അമ്മുവിന്റെ ഒരു ദിവസത്തിന്റെ തുടക്കം.

അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം. ശകാരവർഷങ്ങൾ.
“ഗ്യാസ് തീരാൻ കണ്ട നേരം !.... ഇനിയാരോടാ തെണ്ടുന്നെ ഈ നേരത്ത്.. ഓഫീസിൽ വൈകിച്ചെന്നാ അതു കുറ്റം..എല്ലം ഇട്ടേച്ചു പോകാമെന്നു വച്ചാ പെറ്റ തള്ളയ്ക്കു കഞ്ഞികൊടുക്കാത്തവളെന്ന പേരുദോഷം !..എന്റെ തലേലെഴുത്ത്.. അങ്ങു അക്കരെപ്പോയിക്കിടക്കണാൾക്ക് ഇതൊന്നുമറിയണ്ടല്ലോ.. തലവിധി...... എടീ അമ്മൂ‍...“

രാവിലെ ക്ലോക്ക് ഒമ്പതടിക്കുമ്പോൾ എല്ലാം ശാന്തം. മുറ്റമടിച്ചു നിന്ന പാറുപ്പെണ്ണ് ജനാലയിലൂടെ എത്തിനോക്കി.

“ അമ്മൂന്റമ്മമ്മ എണീറ്റില്ലേ? ഇന്നെന്താ വയ്യേ?എണീപ്പിച്ചിരുത്തണോ?”

“വേണ്ട പെണ്ണേ.. എണീറ്റതാ.. പിന്നേം ഒന്നു കെടക്കാൻ തോന്നീട്ടാ..”

“രാവിലെയെന്താ കഴിച്ചെ?”

“ഒന്നും പറയണ്ട.. ഗ്യാസ് തീർന്നെന്നു പറേണ കേട്ടു.. പാവം എന്തു ചെയ്യാനൊക്കും.. പിന്നെ കടേന്നു വാങ്ങിച്ച ബ്രഡ്ഡ് തന്നേച്ചു പോയി..”

“ ഞാനിത്തിരി കഞ്ഞി കൊണ്ടന്നു തരട്ടെ?”

“ വേണ്ട പെണ്ണേ.. നേരോണ്ടേല് നീയെന്റെ പുറമൊന്നു തടവിത്താ.. വല്ലാണ്ടൊരു നൊമ്പരം..”

വളഞ്ഞ മുതുകിൽ അമർത്തിത്തടവുമ്പോൾ പാറുപ്പെണ്ണ് ചോദിച്ചു,
“സുഖം തോന്നണൊണ്ടോ?”

“ ഉം.. നല്ല സുഖോണ്ട്..നീയില്ലാന്ന്ച്ചാ ഞാനെന്താ ചെയ്‌യ്യാ..ന്റെ പെണ്ണേ, ഒന്ന്ത്രടം കുളിമുറിവരെ പോകാനും നീയില്ലാണ്ട് വയ്യാലോ.. “

പാറുപ്പെണ്ണ് ചിരിച്ചു.

“വല്ലതും വേണേല് ഒന്നൊറക്കെ വിളിച്ചാ മതീട്ടോ.. വീട്ടിലിന്നു വിരുന്നുകാരുണ്ട്.. വേഗം ചെല്ലാൻ അമ്മ പറഞ്ഞിരിക്കണ്..”

ഉച്ച വെയിൽ കത്തിക്കാളുന്ന നേരത്ത് കണ്ണടച്ചുകിടന്നു. സൂര്യനെന്തൊരു വെളിച്ചമാണ് ! പണ്ടെങ്ങുമില്ലാത്ത പോലെ. വെയിലാറിയപ്പോൾ അമ്മു വന്നു. സ്കൂൾബാഗ് വലിച്ചെറിഞ്ഞ് കട്ടിലിൽ ചാടിക്കയറി. കഴുത്തിലൂടെ കയ്യിട്ട് അമ്മമ്മയെ കെട്ടിപ്പിടിച്ചു.

“ ന്റെ കുട്ടി വല്ലാണ്ട് വിയർത്തിരിക്കണ്.. ഓടിയാണോ വന്നെ? “

“ഉം... ബസ്സെറങ്ങീട്ട് ഞാനും അർച്ചനേം മത്സരിച്ചോടി. ഞാനാ ജയിച്ചെ..”

“അമ്മമ്മേടെ മോള് മിടുക്കിയല്ലേ..”

“വെശന്നിട്ട് വയ്യ.. അടുക്കളേല് എന്താന്നു നോക്കട്ടെ.. അമ്മമ്മയ്ക്കും കൊണ്ടരാട്ടോ..”
അമ്മു ചിത്രശലഭം കണക്കെ പാറിപ്പറന്നു.

നേരം പോയതറിഞ്ഞില്ല. ട്യൂഷൻ മാഷ് വന്നപ്പോൾ അമ്മു ചിണുങ്ങിക്കൊണ്ട് പുസ്തകസഞ്ചിയുമെടുത്ത് ഉമ്മറത്തേയ്ക്ക് പോയി.

സന്ധ്യയ്ക്ക് വിളക്കു കൊളുത്തിയിട്ട് അമ്മു അരികിൽ വന്നു.
“അമ്മമ്മ കുളിച്ചു മിടുക്കിയായീലോ.. ആരാ കുളിപ്പിച്ചെ? “

“ ഇന്ന് കുളിപ്പിക്കാൻ ആ പാറുപ്പെണ്ണ് വന്നില്ല.. അതോണ്ട് തോർത്തുമുണ്ട് നനച്ച് മേലൊന്നു തുടച്ചു..“

“കുളിച്ചില്ലേലും അമ്മമ്മ സുന്ദരിയാ..”

“വേണ്ട വേണ്ട.. രാത്രീല് കഥ പറയിക്കാനുള്ള അടവല്ലേ.. കഥപറച്ചില് നിർത്തി..രാവിലെ അമ്മേടെ കയ്യീന്ന് അടി വാങ്ങാൻ നിക്കണ്ട..”

“അത് രാവിലെയാവുമ്പഴത്തെ കാര്യല്ലേ..”
അമ്മു ചിരിച്ചു.

അത്താഴം കഴിഞ്ഞ് ഉറങ്ങാൻ അമ്മുവിനെ കാത്തുകിടന്നു. ഫോൺ ബെല്ലടിച്ചു.

“ .....ഇവിടെന്ത് വിശേഷം..........ഒക്കെ തല കീഴ്‌മറിഞ്ഞുകിടക്കുവല്ലേ.. എന്നെക്കൊണ്ട് തനിച്ച് എന്തു ചെയ്യാനൊക്കും.. ....വിഷമിക്കല്ലേന്ന് പറയാനെളുപ്പമാ................ അമ്മുവിന്റെ ഇത്തവണത്തെ മാർക്ക് എത്രയാന്നറിയ്യോ.. നൂറിൽ തൊണ്ണൂറ്റിരണ്ട്.. നൂറിൽ നൂറ് വാങ്ങണ്ട കുട്ടിയാ.. ഞാനാരോടാ പറയ്‌യ്യാ.. അമ്മയ്ക്കിതൊന്നും അറിയണ്ടാലോ..ഉം.... പാറുപ്പെണ്ണിന്റെ കല്ല്യാണം ഈ ചിങ്ങത്തിൽ ഉണ്ടെന്നാ കേട്ടെ.. അവളും കൂടി പോയാപ്പിന്നെ അമ്മേടെ കാര്യം എങ്ങനെ വേണംന്ന് ...........ഇപ്പോ പഴയ കാലമൊന്നുമല്ല.. വയസ്സു ചെന്നോരെ നോക്കുന്ന നല്ല നല്ല സ്ഥാപനങ്ങള്‍...... ”

ശുഷ്ക്കിച്ച വിരലുകൾ കാതിൽ തിരുകി കണ്ണടച്ചുകിടന്നു. ഇനി കേൾക്കണ്ട..
................
....................
.........................
.................................

കഥ പെട്ടെന്ന് മുറിഞ്ഞു. കടലാസിൽ നിറയെ ഇരുട്ട്. ടേബിൾലാ‍മ്പ് അണഞ്ഞിരിക്കുന്നു. കഥയിൽ നിന്നുണരാൻ കഴിയാതെ ഇരുട്ടിൽ വെറുതെ കസേരയിൽ ചാരിയിരുന്നു. വല്ലാത്തൊരു നൊമ്പരം മനസ്സിൽ തിങ്ങി നിറഞ്ഞു. എന്തിനാണിങ്ങനെ? അശുഭമായെന്തെങ്കിലും? ആർക്ക്?
മനസ്സു വല്ലാതെ പതറി.

നെറ്റിയിൽ ആരോ തലോടി. മുടിയിഴകൾക്കിടയിലൂടെ അദൃശ്യമായ ശുഷ്ക്കിച്ച വിരലുകൾ ഒഴുകിനീങ്ങി.
അനങ്ങാൻ കഴിഞ്ഞില്ല. ആ വിരലുകൾ പരിചിതമായിക്കഴിഞ്ഞിരുന്നു.

ഇളംകാറ്റ് പോലെ നേർത്തൊരു ശബ്ദം കാതിൽ പതിഞ്ഞു,

“എന്തിനാ വിഷമിക്കുന്നെ..? വിഷമിക്കല്ലേ.. നിന്റെ മനസ്സു പറയുന്നതല്ലേ ഈ കടലാസിൽ പതിയുക.. നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല ...ന്നാലും ന്റെ അമ്മൂട്ടിയെ പിരിഞ്ഞ് ഞാനെങ്ങ്നാ കുട്ടാ.... “

അടഞ്ഞ കണ്ണുകളിൽ നിന്നും മുറിഞ്ഞൊഴുകിയ നീർച്ചാലുകൾ തുള്ളികളായി നെറുകയിൽ വന്നു വീണുകൊണ്ടിരുന്നു.

ഒരു നിമിഷം കൊണ്ട് വിയർത്തുകുളിച്ചു. പിന്നെ, ഇരുട്ടിൽ പേന തപ്പിയെടുത്ത്, തുറന്നു വച്ച ഡയറിയുടെ താളുകളിൽ എവിടെയൊക്കെയോ വീണ്ടും വീണ്ടും കുത്തിവരച്ചു. അക്ഷരങ്ങളെ വരകൾ മറച്ചു. ഇല്ല, ഞാനൊന്നുമെഴുതിയിട്ടില്ല.. ഒക്കെ വെറുതെ വരകൾ മാത്രം.. ജീവനില്ലാത്ത വെറും വരകൾ. ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ ഉറങ്ങാതെ ഒരു രാത്രി കടന്നുപോയതറിഞ്ഞു.


Comments

നല്ല എഴുത്ത്
“എന്തിനാ വിഷമിക്കുന്നെ..? വിഷമിക്കല്ലേ.. നിന്റെ മനസ്സു പറയുന്നതല്ലേ ഈ കടലാസിൽ പതിയുക..
അതെ... അതെല്ലേ ശരി...? സ്നേഹ തീരത്ത് കഥകള്‍ക്ക് ഉത്സവമാകട്ടെ ആശംസകള്‍
മനസൊന്നു പതറുമ്പോള്‍, തളരുമ്പോള്‍,
ശുഷ്കിച്ച ആ വിരലിന്റെ തലോടല്‍ തേടി വരും..


ശരിക്കും,കഥയുടെ പടവുകള്‍ കടന്ന്..നല്ല അവതരണം
വളരെ നന്നായിട്ടുണ്ട് ഷീബ.
കഥാകാരിയുടെ മനസ്സിന്റെ വിങ്ങല്‍ , കഥ എന്ന തോന്നല്‍ പോലും ഇല്ലാതെ
വായനക്കാരന്റെ മനസ്സില്‍ പതിയുന്നു.
അഭിനന്ദനാര്‍ഹം....!!!
ഇനിയും ഇനിയും എഴുതുക.
ഭാവുകങ്ങള്‍ ...!!
മനോഹരമായ എഴുത്ത്...
മനസ്സില്‍ തൊടുന്ന ചില വരികള്‍....
ആശംസകള്‍
വീകെ said…
സത്യം പാറയാല്ലൊ...
ഇത്തിരി നേരം ഞാനെന്റെ ഗ്രാമത്തിൽ കുട്ടിക്കാലത്തിലേക്ക് ഊളിയിട്ടൊന്നു മുങ്ങിത്താഴ്ന്നുവെന്നത് വാസ്തവം.!!

ആശംസകൾ.
thalodalukal adhrishyamaaya evideyo ninnum thedi varatte..
santhwanam ..
katha nannayi
അതി മനോഹരമായ അവതരണം...മനസ്സിൽ ഒരു നീറലായി ഈ കഥ
ശരിക്കും വളരെ നന്നായിരിക്കുന്നു. വായിക്കുമ്പോള്‍ അമ്മുവും അമ്മമ്മയും മുന്‍പിലുള്ളതുപോലെ.
ഒരുപാടിഷ്ടമായീട്ടോ ഈ കഥ
അമ്മുവിന്റെ ചിണ്ഠകളിൽ നിന്നും അമ്മമ്മയുടെ ചിന്തകളിലേക്കും വീണ്ടും അമ്മുവിലേക്കുമുള്ള തെന്നിമാറ്റം അറിഞ്ഞതേ ഇല്ല. കണ്ണു നിറച്ചു ഈ കഥ
ഏതൊക്കെയോ ആത്മസ്പശിനികളിൽ തൊടുന്ന എഴുത്ത്...
ആശംസകൾ.
മനസ്സിനെ സ്പർശിച്ചു കഥ

ആശംസകൾ
നന്നായിട്ടുണ്ട്...
എവിടെയൊക്കെയോ നൊന്തു... നല്ല കഥ
ശ്രീ said…
ശരിയാണ് ചേച്ചീ... മനസ്സു പറയുന്നത് തന്നെയാണ് കടലാസിലും പതിയുക.

കഥ നന്നായി.

ഓണാശംസകള്‍!
nomparamunarthiya kadha..pathivu pole nalla aakhyanam...ee postineu nandi...

OnasamsakaLode.Baiju
ഗന്ധർ‌വ്വൻ: നന്ദി, സുഹൃത്തെ. ഇവിടം വരെ വന്നതിലും അതിയായ സന്തോഷമുണ്ട്.
പാവപ്പെട്ടവൻ: നന്ദി. നിങ്ങളുടെയെല്ലാം സാന്നിദ്ധ്യമാണ് ഈ സ്നേഹതീരത്ത് ഉത്സവമാകുന്നത്. ഒരുപാട് സന്തോഷമുണ്ട്.
രമണിക: :) ഒത്തിരി സന്തോഷം, ഇവിടെ വന്നതിന്, അഭിപ്രായം പറഞ്ഞതിന്.
വഴിപോക്കൻ: സ്നേഹം അങ്ങനെയാണ്.മനസ്സു നോവുമ്പോൾ കാലവും ദൂരവും കടന്ന് അരികിലോടിയെത്തും.
ലീലട്ടീച്ചർ : വളരെ സന്തോഷമുണ്ട്, ഇങ്ങനെയൊരു അഭിപ്രായം കേൾക്കാൻ കഴിഞ്ഞതിൽ. നന്ദി.
കണ്ണനുണ്ണി: ഒത്തിരി സന്തോഷമുണ്ട്. നന്ദി.
വി.കെ : സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം :)
വന്നതിനു, അഭിപായം പറഞ്ഞതിനു ഒത്തിരി നന്ദി.
a man to walk with : :)
വരവൂരാൻ: നന്ദി, സുനിൽ.
എഴുത്തുകാരി : സന്തോഷമുണ്ട് വന്നതിലും അഭിപ്രായം പറഞ്ഞതിലും.
lakshmy: ഒത്തിരി സന്തോഷം, ലക്ഷ്മീ.
വികടശിരോമണി : നന്ദി :) ഇനിയും സ്നേഹതീരത്ത് വരണം, കെട്ടോ
വയനാടന്‍ : നന്ദി :)
തൃശൂര്‍ക്കാരന്‍: ഒത്തിരി സന്തോഷമുണ്ട്, ഇവിടെ വന്നതില്‍. നന്ദി.
ശ്രദ്ധേയൻ: നന്ദി. കഥയുടെ അവസാനഭാഗം എഴുതിയപ്പോൾ എന്റെയും മനസ്സു നൊന്തു, വല്ലാതെ.
ശ്രീ: സന്തോഷം, ശ്രീ. എന്തേ വരാത്തത് എന്നാലോചിക്കുകയായിരുന്നു. നന്ദി. തിരിച്ചും ഓണാശംസകൾ.
ബൈജു: ഇവിടെ വന്നതിന് ഞാനല്ലേ നന്ദി പറയേണ്ടത് :) കഥ ഇഷ്ടമായെന്നറിയുമ്പോൾ ഇനിയും നല്ല നല്ല കഥകൾ എഴുതാൻ പ്രചോദനമാവുന്നു. ഓണാശംസകൾ.
G.MANU said…
വിഹ്വലതകളുടെ ഒരു കഥ..
മനോഹരമാ‍യ ആഖ്യാനം....
raadha said…
മനസ്സിനെ കോറി മുറിവേല്‍പ്പിക്കുന്ന ഒരു കഥ. അതോ ജീവിതമോ? എല്ലാം ഒന്ന് തന്നെ അല്ലെ? മനോഹരമായിരിക്കുന്നു ചേച്ചി.
മനോഹരമായ രചന.
yousufpa said…
സമാനചിന്താഗതിക്കാരനായതാകാം സ്വന്തമായി അനുഭവിച്ചത് പോലെ. ശെരിക്കും ഹൃദയം തൊട്ടെഴുതി. ഭാവുകങ്ങള്‍ .
ജി.മനു : തിരക്കിനിടയിലും വന്നല്ലോ. നന്ദി, മനു.
രാധ : ചിലപ്പോഴൊക്കെ അങ്ങനെയല്ലേ രാധേ.. കഥ ജീവിതമാണെന്ന് തോന്നിപ്പോകും, ജീവിതം ഒരു കഥയാണെന്നും. :)
പകൽക്കിനാവൻ: സ്നേഹതീരത്തേയ്ക്ക് സ്വാഗതം :)നന്ദി.
കുമാരൻ: വളരെ നന്ദി, സുഹൃത്തെ.
യൂസഫ്പ:ഈ നല്ല ദിവസത്തിൽ ഇവിടെ വന്നതിന് ഒത്തിരി നന്ദി.
ആത്മബന്ധങ്ങള്‍... ആര്‍ദ്രമായ ഓര്‍മ്മകള്‍.. മനസ്സിന്റെ വിങ്ങലുകള്‍...
ശെരിക്കും അനുഭവിപ്പിച്ചു... ഈ എഴുത്തിന്‌ ഒരു പാട് നന്ദി.
shajan said…
നന്നായിട്ടുണ്ട് കഥ ........ഷാജന്‍ !
ഒരു തൂവല്‍ സ്പര്‍ശം കണക്കെ,സ്നേഹത്തിന്‍
തലോടല്‍...
കഥാപടവുകള്‍ കടന്ന് സ്നേഹം തീരത്തണയട്ടെ!!
ആശംസകള്‍!

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം