ഗ്രഹണം

മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിലാണതു സംഭവിച്ചത്‌. എന്റെ മനസ്സ്‌ എന്നോടു പിണങ്ങിയിറങ്ങിപ്പോയി. അരുതെന്നു പറയുവാന്‍ കഴിഞ്ഞില്ല. ജീവിതത്തിലന്നോളം തെറ്റും ശരിയും പറഞ്ഞുതന്നിട്ട്, തളര്‍‌ന്നു വീണപ്പോഴെല്ലാം താങ്ങായ് നിന്നിട്ട്, ഒരു രാത്രിയില്‍ ഒന്നും പറയാതെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയാല്‍ എന്തു ചെയ്യാന്‍ കഴിയും? നെഞ്ചിനുള്ളില്‍, ഉരുകിത്തിളയ്ക്കുന്ന ലാവ പോലെ നൊമ്പരങ്ങള്‍ ഒഴുകിപ്പടര്‍ന്നപ്പോഴൊക്കെ ‘തളരല്ലേ.. നിനക്കെന്നില്‍ വിശ്വാസമില്ലേ? നോക്ക്‌, ഈ വേനലിനപ്പുറം ഒരു വിളിപ്പാടകലെ വസന്തമെത്തിനില്‍ക്കുന്നുണ്ട് ‘ എന്ന് കാതില്‍ ചൊല്ലിത്തന്നിട്ട്, പിന്നെ എന്നെ വിട്ടു പോയതെന്തിനാണ്? ആ ഇരുട്ടില്‍ എങ്ങോട്ടാണ് പോവുന്നത് എന്നുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. എന്നോട് പിണങ്ങിത്തന്നെയാവുമോ പോയത്? ഒരു പക്ഷെ, മടുത്തുകാണും. എന്നോടൊപ്പം എന്റെ ദു:ഖങ്ങളേയും പേറി, ഒരുപാടു നാള്‍ കൂടെ നടന്നില്ലേ. ഒരിക്കലെങ്കിലും ചിറകുവിടര്‍ത്തി സ്വതന്ത്രമായൊന്നു പറക്കാന്‍ ശ്രമിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? സ്വന്തം ചിറകുകള്‍ മുറിച്ച്‌ സ്വയം കൂട്ടിലടച്ച്, എത്രനാള്‍?
മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. പ്രകൃതി തലതല്ലി കരയുന്നതുപോലെ തോന്നി. വൃക്ഷത്തലപ്പുകള്‍ കാറ്റിലുലഞ്ഞ്‌ വിറളിപിടിച്ച ഭൂതങ്ങളെപ്പോലെ ഇളകിയാടി. ആ ഇരുട്ടില്‍, മഴയില്‍, നൃത്തം ചവിട്ടുന്ന ഭീകരരൂപങ്ങളുടെ നടുവില്‍ തനിച്ചായതുപോലെ. തനിച്ച്‌... സ്വന്തം മനസ്സുപോലും കൂട്ടിനില്ലാതെ! വല്ലാത്ത ഭയം തോന്നി.

കൂടുതലൊന്നും ആലോചിച്ചില്ല. മഴയിലേക്കിറങ്ങിനടന്നു. മഴയില്‍ നനഞ്ഞത് അറിഞ്ഞില്ല. മിന്നല്‍പ്പിണരുകള്‍ ചുറ്റും പാഞ്ഞുനടന്നതറിഞ്ഞില്ല. ചെളിവെള്ളം കുത്തിയൊലിച്ച വഴിയിലൂടെ ഞാന്‍ അതിവേഗം നടന്നു. ഒപ്പമെത്താന്‍ കഴിയാതെ കിതച്ചു. ആ മഴയിലും ഞാന്‍ വിയര്‍ത്തു. എന്റെ മനസ്സ്‌, അതിനെ.. അല്ല അവളെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌. ഇടവഴികള്‍ പിന്നിട്ട്‌, നിരത്തിലെ പീടികത്തിണ്ണകളില്‍ തെരുവുനായ്ക്കളോടൊപ്പം ഉറങ്ങുന്ന മനുഷ്യരെ പിന്നിട്ട്‌, അവള്‍ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. മദ്യത്തിന്റെയോ കഞ്ചാവിന്റെയോ ലഹരിയില്‍ സ്വയം മറന്ന് ആസക്തിയോടെ അവളുടെ നേര്‍ക്കു വന്ന വൃത്തികെട്ട നഗരസന്തതിയുടെ കവിളില്‍ ആഞ്ഞടിച്ച്‌, അവള്‍ പിന്നെയും ധൃതിയില്‍ നടന്നു പോയി. എനിക്കവളെ തിരിച്ചു വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ, കഴിഞ്ഞില്ല.

ഒടുവില്‍ ഒരു കൊച്ചു വീടിനു മുന്നിലെത്തി, അവള്‍ നിന്നു, പാതിയടഞ്ഞുകിടന്ന ജനാലയിലൂടെ റാന്തല്‍വിളക്കിന്റെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ആരോ വാതില്‍ തുറന്നു. മുറ്റത്തേയ്ക്കൊഴുകിയിറങ്ങിയ വെളിച്ചത്തോടൊപ്പം അവളേയും ആവാഹിച്ചെടുത്ത്‌ വാതില്‍ മെല്ലെയടഞ്ഞു. പാതിചാരിയ ജനാലയിലൂടെ അകത്തേയ്ക്ക്‌ എത്തിനോക്കി. ആരോ ഒരാള്‍ അവള്‍ക്കരികില്‍ നിന്നിരുന്നു. അയാളുടെ ശ്വാസം അവളുടെ നെറ്റിയില്‍ തട്ടിയിരുന്നോ? ആ ശ്വാസത്തിന്റെ ചൂടേറ്റുവാങ്ങാനെന്നോണം അവള്‍ കണ്ണുകളടച്ചുനിന്നു. പിന്നെ, അയാള്‍ തിരിഞ്ഞു നടന്നു. മുറിയുടെ ഒരു കോണിലായി, തീ കൂട്ടിയിരുന്നതിന്റെ അരികില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ചെന്നിരുന്നു.

അവള്‍ ഒന്നും പറയാതെ ആ തീയ്ക്കരികില്‍ ഇരുന്ന് വസ്ത്രങ്ങളോരോന്നായി ഉണക്കി, വിവസ്ത്രയാകാതെ തന്നെ. നനഞ്ഞൊട്ടിയ മുടിയിഴകള്‍ കോതിവിടര്‍ത്തി. ചുവന്ന കനലുകളുടെ ചൂടില്‍ അവയില്‍ വീണ്ടും ജീവന്‍ ത്രസിച്ചു. ആ മുടിയിഴകള്‍ മെല്ലെ അവളെ പൊതിഞ്ഞു. അയാള്‍ അവളെ നോക്കാതെ തീയിലേക്കു തന്നെ നോക്കിയിരുന്നു.

അവളുടെ കണ്ണുകളില്‍ മയക്കത്തിന്റെ ആലസ്യം കണ്ടു. മുറിയുടെ ഒരു മൂലയില്‍ അവള്‍ ചുരുണ്ടുകൂടിക്കിടന്നു. പിന്നെ മെല്ലെ കണ്ണുകളടച്ചു. ഒരു കുഞ്ഞിനെപ്പോലെ, ചുണ്ടിന്റെ കോണിലൊരു നറുംപുഞ്ചിരിയോടെ അവള്‍ ഉറങ്ങി. എന്നിട്ടും, അയാള്‍ അവളെ നോക്കിയതേയില്ല. ആരുടേയോ കരവലയത്തിലെന്ന പോലെ അവള്‍ ശാന്തമായുറങ്ങി.

ജനാലയ്ക്കരികില്‍നിന്നും മാറാന്‍ എനിക്കു തോന്നിയില്ല. ആ മുറിയ്ക്കുള്ളില്‍ ശാന്തമായി അവള്‍ ഉറങ്ങുന്നതും നോക്കി, ആ കൊടിയ മഴയില്‍ ജനാലയ്ക്കു പുറത്ത്‌, കണ്ണിമയ്ക്കാതെ ഞാന്‍ കാത്തുനിന്നു, ഒരു നിഴല്‍ പോലെ.

മണിക്കൂറുകള്‍ കടന്നുപോയതറിഞ്ഞില്ല. അവള്‍ മെല്ലെയൊന്നനങ്ങി. അയാള്‍ പൊടുന്നനെ എണീറ്റ്‌, അവള്‍ക്കരികില്‍ വന്ന് മുടിയില്‍ തലോടി. അവളതറിഞ്ഞതായി തോന്നിയില്ല. അയാള്‍ വീണ്ടും തിരികെ വന്ന് ചാരുകസേരയിലിരുന്നു.

അവള്‍ ഉണരുമ്പോഴേയ്ക്കും മഴ തോര്‍ന്നിരുന്നു. എതിര്‍ദിശയിലെ കിളിവാതിലിലൂടെ പ്രഭാതത്തിന്റെ രശ്മികള്‍ സ്വര്‍ണ്ണക്കതിരുകള്‍ പോലെ മുറിയിലേയ്ക്ക്‌ കടന്നു വന്നു.. അവളുടെ മുഖം പ്രസന്നമായിരുന്നു. എന്തെന്നില്ലാത്ത ഒരാശ്വാസം അവളുടെ മുഖത്തു കണ്ടു. അവളുടെ നനഞ്ഞ ചുണ്ടുകള്‍ വിടര്‍ന്നു. പൂവിന്റെ സുഗന്ധം പോലെ ഒരു നേര്‍ത്ത സംഗീതം ആ മുറിയില്‍ ഒഴുകിനടന്നു.

എന്റെ ശരീരം മരവിച്ചിരുന്നു, മനസ്സും. ജീവിതത്തിലെ ദു:ഖങ്ങളില്‍ എന്നെ തഴുകി, സ്നേഹം തന്ന മനസ്സ്‌ ഇനി ഒരിക്കലും എനിക്കു തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെടുകയാണെന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി. ഇനി തിരിച്ചു പോകാം, എന്റെ ദു:ഖങ്ങളിലേയ്ക്ക്‌, ജീവിതഭാരങ്ങളിലേയ്ക്ക്‌, ഉറക്കം വരാത്ത രാത്രികളിലേയ്ക്ക്‌. തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നു കൂടി കാതോര്‍ത്തു. അവള്‍ എന്തെങ്കിലും പറഞ്ഞുവോ?
ഇല്ല. ഒന്നും പറഞ്ഞില്ല. തലകുനിച്ച് മരവിച്ച കാല്പാദങ്ങള്‍ വലിച്ചിഴച്ച് തിരികെ നടന്നു. വെയിലിന് മൂര്‍ച്ചയേറിക്കൊണ്ടേയിരുന്നു. കണ്ണുകള്‍ക്കുള്ളില്‍ നിറമുള്ള കണികകള്‍ വട്ടം ചുറ്റി. എങ്ങോട്ടാണ് പോവുന്നത്? കാലിലെ വിരലുകള്‍ കല്ലുകളില്‍ തട്ടി മുറിഞ്ഞു നീറി. എന്നിട്ടും വകവയ്ക്കാതെ ഒരുപാട് ദൂരം പിന്നെയും നടന്നു. നടന്നു നടന്ന്‌ ഭൂമിയുടെ അറ്റത്തെത്തിയപ്പോള്‍ അറിയാതെ നിന്നു. പിന്നെയങ്ങോട്ട് ആകാശവും, മേഘങ്ങളും മാത്രമായിരുന്നു. മേഘങ്ങള്‍ക്ക് താഴെ താഴ്‌വരകള്‍ മറഞ്ഞു നിന്നതറിഞ്ഞില്ല. മേഘങ്ങളില്‍ ചവിട്ടി പിന്നെയും മുന്നോട്ട് നടക്കാനായുമ്പോള്‍, ആരോ പിന്നില്‍ നിന്നും ശക്തമായി പിടിച്ചുവലിച്ചു. ഞെട്ടിപ്പോയി. കിതപ്പിന്റെയും ഏങ്ങലടികളുടെയും താളം ചേരാത്ത ശബ്ദങ്ങള്‍ക്കിടയിലും, എന്റെ മുഖത്ത് പടര്‍ന്ന അവളുടെ കണ്ണീരിന്റെ ഉപ്പ് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സ് എന്റെ ദു:ഖങ്ങള്‍ക്ക് കൂട്ടായി എന്നിലേയ്ക്ക് തിരിച്ചുവന്ന നിമിഷം. സന്തോഷിക്കാതിരിക്കാനെനിക്കാവുമോ ! ശരീരത്തിന്റെ ഒരോ കണികയിലും ആഹ്ലാദം നുരയിട്ടു നിന്നു. എന്നിട്ടും എന്റെ ചുണ്ടുകള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “ വിഡ്ഢി ! “ അത് അവള്‍ കേട്ടുകാണില്ല, അല്ലേ?

Comments

കഥ നന്നായിട്ടുണ്ട് ചേച്ചീ.. കുറെ നാളുകള്‍ക്കു ശേഷം വായിച്ച നല്ലൊരു കഥ.
നന്നായിട്ടുണ്ട് കഥ...
വായിച്ചു തീര്‍ന്നത് അറിഞ്ഞതെ ഇല്ല.
ശ്രീ said…
കണ്ണനുണ്ണി പറഞ്ഞതു പോലെ വായിച്ചു തീര്‍ന്നതറിഞ്ഞില്ല. പതിവു പോലെ മനോഹരമായ എഴുത്ത്.

"മനസ്സ് ഒരു മാന്ത്രിക കൂട്
മായകള്‍ തന്‍ കളിവീട്"
അഭി said…
നന്നായിട്ടുണ്ട് ചേച്ചി ,
ഒരു ഒഴുകോടെ വായിക്കാന്‍ കഴിഞ്ഞു
നല്ലത് പോലെ ഒന്ന് ഉറങ്ങിയാല്‍ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ.........:)
കൊള്ളാല്ലോ ഈ കുഞ്ഞു കഥ. എന്നാലും ആ മനസ്സ് തിരിച്ചു വന്നൂല്ലോ. ഞാന്‍ വിചാരിച്ചു ഇനി വരില്ലാ‍യിരിക്കും എന്നു്.
ദിലീപ് വിശ്വനാഥ് : കണ്ണനിങ്ങനെ പറയുന്നതു കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം :)
കണ്ണനുണ്ണി: നന്ദി. ഈ കഥ മനസ്സില്‍ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി.എന്തെന്നറിയില്ല, അതിനെ ഉപേക്ഷിച്ചു കളയാന്‍ തോന്നിയില്ല.:)
ശ്രീ : വളരെ സന്തോഷം ശ്രീ. മനസ്സെന്ന മാന്ത്രികക്കൂട് എത്ര വിചിത്രമാണ്, അല്ലേ.
പകല്‍ക്കിനാവന്‍ : :)
അഭി: നന്ദി, അഭീ.
മാറുന്ന മലയാളി: :) ഉറപ്പായും? :)
എഴുത്തുകാരി: :) നന്ദി, സുഹൃത്തെ.
Anonymous said…
കഥ കൊള്ളാമെങ്കിലും ഒരു പൈങ്കിളിച്ചുവയുണ്ടന്ന് പറയാതെ വയ്യ
Murali K Menon said…
manassinte vihwalathakaL koLLaam.. kuRE naaL manassilittu neettiyathinte guNamuNt~ ezhuththin~.

pinne aalappuzhayil nalla traffic uLLathaaNu.... manO vichaarangaLil muzhuki nadakkallE....puRakil thatti viLikkunnathu manassaayirikkilla ennu maathram paRayatte.... bhaavukangaL!
മനസ്സിന്‍റെ മര്‍മരങ്ങള്‍,ആധികളും..നന്നായിട്ടുണ്ട്.
ജീവിതത്തിലെ ദു:ഖങ്ങളില്‍ എന്നെ തഴുകി, സ്നേഹം തന്ന മനസ്സ്‌ ഇനി ഒരിക്കലും എനിക്കു തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെടുകയാണെന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി.

എവിടെയൊക്കെയോ നൊമ്പരങ്ങളുടെ നുറുങ്ങുകള്‍....
ലേഖ said…
ഗ്രഹണം കഴിഞ്ഞാലുടൻ ആ മനസ്സ് തിരിച്ച് വരുമെന്ന് എന്റെ മനസ്സ് പറഞ്ഞു.. വളരെ ഭംഗിയായ് കഥ പറഞ്ഞു... ഭാവുകങൾ.. :)
Jishad Cronic said…
നന്നായിട്ടുണ്ട്....
Anonymous said…
hello
കഥ നന്നായി. ഭാവുകങ്ങള്‍..
ഗീത said…
ഇടയ്ക്കെപ്പോഴോ കൈവിട്ടു പോയ മനസ്സ് ...
(അങ്ങനെ വിടരുതായിരുന്നു -)
എന്തായാലും തിരിച്ചു വന്നല്ലോ. അതും ഏറ്റവും ആവശ്യമായ സന്ദര്‍ഭത്തില്‍ തന്നെ.
കുറേ കാലമായി ഈ വഴി വന്നിട്ട് . ഈ വഴിയെന്നല്ല ഒരു വഴിയും പോയിട്ട് . ഇന്ന് സമയമെടുത്ത് വന്നു വായിച്ചു വളരെ വളരെ ഇഷ്ടപ്പെട്ടു

മര്‍ത്ത്യന്‍
മുരളി മേനോന്‍, യുക്തിവാദി,ഒരു നുറുങ്ങ്, പട്ടേപ്പാടം റാംജി, ജിഷാദ്, ഗീത, ലീലട്ടീച്ചര്‍, ലേഖ, മര്‍ത്ത്യന്‍, എല്ലാവര്‍ക്കും നന്ദി.
ഒത്തിരി സ്നേഹത്തോടെ..
സ്നേഹതീരത്ത് വന്നു............

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം