ഒരു ചിത്രകാരന്റെ പുനര്‍ജന്മം

ചിതറിക്കിടന്ന നിറങ്ങളുടെ നടുവില്‍, പാതിവരച്ച ചിത്രങ്ങളുടെയിടയില്‍, അയാള്‍ ചുരുണ്ടുകൂടിക്കിടന്നു, മറ്റൊരു അപൂര്‍ണ്ണചിത്രം പോലെ. വിശപ്പ്‌ അയാളിലെ ചിത്രകാരനെ കാര്‍ന്നുതിന്നുകൊണ്ടേയിരുന്നു. മയങ്ങിക്കിടക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്‌ അയാള്‍ വിശപ്പിന്റെ നിറത്തെക്കുറിച്ച്‌ ഓര്‍ത്തുനോക്കി. വിശപ്പിന്റെ നിറം കറുപ്പാണോ? അതല്ലെങ്കില്‍ വെളുപ്പ്‌. മറ്റൊന്നുമാവാന്‍ വഴിയില്ല.

ദൂരെ വീണുകിടന്ന ഒരു ബ്രഷ്‌ കയ്യെത്തിച്ചെടുത്തു. കിടന്നുകൊണ്ടുതന്നെ ഏതൊക്കെയോ ചായങ്ങളില്‍ മുക്കി. പിന്നെ, അത്‌ ഭിത്തിയിലേയ്ക്ക്‌ വലിച്ചെറിഞ്ഞു. അത്‌ ഭിത്തിയില്‍ തട്ടിത്തെറിച്ച്‌ ചുറ്റും വൃത്തികെട്ട നിറങ്ങള്‍ തെറിപ്പിച്ച്‌, അയാളുടെ അരികില്‍ തന്നെ വന്നു വീണു. അയാള്‍ക്ക്‌ ആ ബ്രഷിനോട്‌ അറപ്പു തോന്നി. ഇത്രയും നല്ല വര്‍ണ്ണങ്ങളില്‍ മുങ്ങിയിട്ടും, ഒരു വൃത്തികെട്ട നിറമല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ കഴിയാത്ത അശ്രീകരം..ഫൂ. അയാള്‍ മുഖം തിരിച്ച്‌ കണ്ണടച്ചു കിടന്നു. മുറിയിലുള്ള സകല ബ്രഷുകളെയും അയാള്‍ വെറുത്തു. വൃത്തികെട്ട ജന്മങ്ങള്‍. എല്ലാം കൂട്ടിയിട്ട്‌, തീയിട്ടു കളയണമെന്നു തോന്നി. ഒരു ചിത്രമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു നല്ല നിറമെങ്കിലും ചാലിച്ചെടുക്കാന്‍ കഴിഞ്ഞില്ല. വൃത്തികെട്ട ബ്രഷുകള്‍!


വിശപ്പിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ആമാശയത്തിനുള്ളില്‍ എന്തോ പുകഞ്ഞുകത്തുന്നതു പോലെ. കുടിക്കാന്‍ വെള്ളം നിറച്ചുവച്ചിരുന്ന പ്ലാസ്റ്റിക്‌ കുപ്പി മേശയുടെ താഴെ കാറ്റില്‍ ഉരുണ്ടുനടക്കുന്നതു കണ്ടപ്പോള്‍ തൊണ്ട ഒന്നു കൂടി വരണ്ടു. ഒന്നു എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെങ്കില്‍.. തലേന്നു ആരോ വാങ്ങിത്തന്ന വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയില്‍ കഴിഞ്ഞ രാത്രിയില്‍ ബോധം കെട്ടുറങ്ങിയതോര്‍മ്മയുണ്ട്‌. പിന്നെ, ഉണര്‍ന്നത്‌ ഈ വിശപ്പിന്റെ ഭ്രാന്തിലേക്കാണ്‌. ഇതു വിശപ്പു തന്നെയാണോ? അതോ, മറ്റെന്തെങ്കിലും തോന്നലാണോ?

എപ്പോഴോ ഒരു കറുത്ത പൂച്ച ജനാലയിലൂടെ അകത്തുകയറിവന്നത്‌ ഓര്‍മ്മയില്‍ ഒരു മിന്നായം പോലെ.. അത്‌ തന്നെ തുറിച്ചുനോക്കി മേശയുടെ താഴെ ഇരുന്നത്‌ അയാളോര്‍ത്തു. കറുത്ത പൂച്ച ദു:ശ്ശകുനമാണെന്നു ആരോ പറഞ്ഞു കേട്ട ഓര്‍മ്മ. ദു:ശ്ശകുനമെന്നു പറഞ്ഞത് മരണത്തെക്കുറിച്ചാവുമോ? രാത്രി മുഴുവന്‍ അത്‌ അവിടെത്തന്നെയുണ്ടായിരുന്നിരിക്കണം. പാതിവരച്ച ചിത്രങ്ങളിലെല്ലാം അതിന്റെ പാദങ്ങള്‍ പതിഞ്ഞ പാടുകള്‍.

മെല്ലെ തല പൊന്തിച്ച്, ഇട്ടിരുന്ന ഷര്‍ട്ടില്‍ നോക്കി. പൂച്ചയുടെ കറുത്ത രോമങ്ങള്‍ നിറയെ. അറപ്പു തോന്നി. എപ്പോഴാണ്‌ അതു തന്റെ അരികില്‍ വന്നു കിടന്നത്‌?! തന്റെ ശരീരത്തോട്‌ ചേര്‍ന്നുകിടന്നപ്പോള്‍ അറിയാതെങ്ങാനും അതിനെ നെഞ്ചോടമര്‍ത്തിക്കാണുമോ?! അയാള്‍ക്കു ആ കറുത്ത പൂച്ചയെ വീണ്ടും കാണാന്‍ തോന്നി. ഷര്‍ട്ടിലെ കറുത്ത രോമങ്ങളെ തട്ടിക്കളയാതെ അയാള്‍ കമഴ്‌ന്നുകിടന്നു. പിന്നെ, വീണ്ടും മയങ്ങി.


അയാളുടെ സ്വപ്നങ്ങളില്‍ കറുത്ത ചായം തട്ടിമറിഞ്ഞു. മഴയില്‍ നനഞ്ഞ യൗവ്വനത്തിന്റെ സ്പര്‍ശം പോലെ അതയാളില്‍ ഒരു ലഹരിയായി പടര്‍ന്നുകയറി. ജനാലയിലൂടെ, ആ കറുത്ത പൂച്ച വീണ്ടും മുറിയിലേയ്ക്കു കടന്നു വന്നു. അതിന്റെ കണ്ണുകളിലെ കനല്‍ക്കട്ടകള്‍ തിളങ്ങി. കറുത്ത ചായങ്ങളില്‍ ചവിട്ടി, പാതിവരച്ച ചിത്രങ്ങളില്‍ കറുത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച്‌, അത്‌ മുരണ്ടുകൊണ്ട്‌ മുറി മുഴുവന്‍ ചുറ്റിനടന്നു. പിന്നെ, അയാളുടെ അരികില്‍ വന്നിരുന്നു. അയാളുടെ ഹൃദയം വേഗത്തില്‍ മിടിച്ചു. കഴുത്തിലെ നേര്‍ത്ത ഞരമ്പുകള്‍ പിടയുന്നത്‌ അയാളറിഞ്ഞു. അയാള്‍ വിശപ്പു മറന്നു. പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ചിത്രങ്ങളെ മറന്നു. ജീവിതത്തിലെ ഭ്രാന്തുപിടിപ്പിക്കുന്ന ഏകാന്തതയെ മറന്നു. സ്നേഹിച്ചവര്‍ തന്നിട്ടുപോയ നൊമ്പരങ്ങളെ മറന്നു. ആ കറുത്ത പൂച്ച തന്നിലേക്കിറങ്ങിവരാന്‍ അയാള്‍ കാത്തുകിടന്നു. കാത്തിരിപ്പിന്റെ ആലസ്യം അയാളെ തഴുകി. കറുത്ത മഴയില്‍ നനഞ്ഞ യൗവ്വനസ്വപ്നങ്ങളില്‍ അയാള്‍ പിന്നെയും മയങ്ങി.

അടഞ്ഞ വാതിലിനപ്പുറത്തെ എന്തൊക്കെയോ ശബ്ദങ്ങള്‍ അയാളെ ഉണര്‍ത്തി. പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. എപ്പോഴാണ്‌ മഴ പെയ്യാന്‍ തുടങ്ങിയത്‌? തുറന്നുകിടന്ന ജനാലയിലൂടെ തണുത്ത ഈറന്‍കാറ്റ്‌ അകത്തേയ്ക്ക്‌ അടിച്ചുകയറി. കണ്ണടച്ചുകിടന്ന് അയാള്‍ പുറത്തെ ശബ്ദങ്ങള്‍ക്കു കാതോര്‍ത്തു. മഴയുടെ നേര്‍ത്ത സംഗീതമല്ലാതെ മറ്റൊന്നും കേട്ടില്ല. എന്നിട്ടും, വാതിലിനു പുറത്ത്‌ ആരോ നില്‍ക്കുന്നുണ്ടെന്നു തോന്നി. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അയാള്‍ മേശയ്ക്കടിയിലേയ്ക്കു നോക്കി. കറുത്ത പൂച്ചയെ അവിടെ കണ്ടില്ല.

മഴയുടെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ഇരുണ്ടു തുടങ്ങിയ ആകാശത്തെവിടെയോ ഒരു കൊള്ളിയാന്‍ മിന്നി. മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം. പിന്നെ വീണ്ടും, മഴയുടെ സംഗീതം മാത്രം. വാതിലില്‍ ആരോ മെല്ലെ തട്ടിയതു പോലെ തോന്നി. വെറുതെ തോന്നിയതാവുമോ? ഇല്ല. ആരോ വാതിലില്‍ തട്ടുന്നുണ്ട്‌. അയാള്‍ വളരെ ക്ലേശിച്ച്‌ കൈകള്‍ നിലത്തുകുത്തി, എഴുന്നേറ്റിരുന്നു. ഷര്‍ട്ടിലെ കറുത്ത രോമങ്ങള്‍ തട്ടിക്കളഞ്ഞു. മേശയില്‍പ്പിടിച്ച്‌ എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട്‌ ഒന്നുകൂടി അഴിച്ചുടുത്തു. വീഴാതിരിക്കാന്‍ ശ്രദ്ധിച്ച്‌ വാതിലിന്നടുത്തേയ്ക്കു ചെന്നു. വാതിലിന്നപ്പുറത്ത്‌ ആരുടേയോ പാദസരം കിലുങ്ങി.. അയാള്‍ വാതില്‍ തുറന്നു. മഴയില്‍ കുതിര്‍ന്ന കാറ്റ് ശക്തിയോടെ അകത്തേയ്ക്ക് വീശിയടിച്ച് അയാളെ നനച്ചു. അയാള്‍ വിധേയത്വത്തോടെ നിന്നു.

മൃദുവായൊരു ശബ്ദം കാതില്‍ പതിഞ്ഞു.
" ഓര്‍ക്കാപ്പുറത്ത്‌ പെട്ടെന്നൊരു മഴ.. കുടയെടുത്തില്ല.. മഴ സാരമില്ലായിരുന്നു. പക്ഷെ, ഈ മിന്നല്‍.. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..."

നനഞ്ഞ മുടി മുന്നിലേയ്ക്കിട്ട്‌, സാരിത്തലപ്പുകൊണ്ട്‌ മേലാകെ പുതച്ച്‌, ഒരു പെണ്‍കുട്ടി. വീണ്ടുമൊരു കൊള്ളിയാന്‍ മിന്നി. അവള്‍ ഒന്നു ഞെട്ടിയതു പോലെ തോന്നി.

'അകത്തേയ്ക്കു വരൂ.."
തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ വീണ്ടും പാദസരങ്ങള്‍ കിലുങ്ങി. മേശയ്ക്കരികിലെ കസേര ചൂണ്ടിക്കാണിച്ചു.

"ഇരുന്നോളൂ"
"വേണ്ട..ആകെ നനഞ്ഞു. "
പാദത്തില്‍ നിന്നും സാരി മെല്ലെയൊന്നുയര്‍ത്തി അവള്‍ ഒതുങ്ങി നിന്നു. അവളുടെ വെളുത്ത പാദങ്ങളില്‍ സ്വര്‍ണ്ണനാഗങ്ങള്‍ പോലെ പുണര്‍ന്നുകിടന്ന കൊലുസ്സുകള്‍ അയാളെ അസ്വസ്ഥനാക്കി.പുറത്തെ മഴയില്‍, പിന്നെയും കൊള്ളിയാന്‍ മിന്നിക്കൊണ്ടിരുന്നു. പെട്ടെന്നു, ജനാലയിലൂടെ ഒരു കറുത്ത പൂച്ച അകത്തേയ്ക്കു ചാടിവന്നു. അവള്‍ ഞെട്ടി അയാളുടെ അരികിലേക്ക്‌ ചേര്‍ന്നു നിന്നു. അവളെ ചേര്‍ത്തുപിടിച്ച്‌, അയാള്‍ ഉറക്കെ പറഞ്ഞു,
"ഛെ.. കടന്നുപോ, അശ്രീകരം.."
പെട്ടെന്ന് അയാളുടെ കൈതട്ടി മേശപ്പുറത്തിരുന്ന ചായങ്ങള്‍ ചുറ്റും തെറിച്ചു. അത്‌ അവളുടെ നനഞ്ഞ സാരിയില്‍ വര്‍ണ്ണപ്പൊട്ടുകളാവുന്നത്‌ അയാള്‍ സ്വയം മറന്ന് നോക്കിനിന്നു, പുനര്‍ജനിയില്‍ മുങ്ങിനിവര്‍ന്ന മനസ്സോടെ.
................................



(ചിത്രകാരനെയും കറുത്തപൂച്ചയെയും കുറിച്ച്‌ കഥയെഴുതാന്‍ എന്നെ സ്നേഹത്തോടെ നിര്‍ബന്ധിച്ചത്‌ , എനിക്കും നിങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട, ഞാന്‍ കണ്ണനെന്നു വിളിക്കുന്ന വാല്‍മീകിയാണ്. ഈ കഥ കണ്ണന് ...സ്നേഹപൂര്‍വ്വം)

Comments

ചേച്ചീ, ചിത്രകാരനും പൂച്ചയും എനിക്കെന്നും ഇഷ്ടപെട്ട ബിംബങ്ങളാണ്. ഈ കഥയിലൂടെ ചേച്ചി എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു.

ഒരുപാടിഷ്ടമായി ഈ കഥ.
ടീച്ചറെ, വളരെ നന്നായി ഈ കഥ.
ഇതുവരെ എഴുതിയതില്‍ നിന്നും വ്യത്യസ്തമായ ഒരു രചന.ഇഷ്ടമായി.ഈ കഥയ്ക്ക് വാല്‍മീകി എഴുതിയ കഥയുമായി സാമ്യം തോന്നി.പക്ഷെ വായനാസുഖം ഇതിനാണ് തോന്നിയത്.. :-)
ഈ കഥ ശരിക്കും വളരെ വളരെ ഇഷ്ടപ്പെട്ടു. കഥ വായിക്കുന്നതിന്റ്റെ ഒരു സുഖം കിട്ടി.

വാല്മീകിയുടെ കഥയും ഓര്‍മ വന്നു. :-)
:)നല്ല ഒരു കഥ..സന്തോഷം
വാല്‍മീകിമാഷിന്റെ കഥയെ ചുവടുപ്പിടിച്ചെഴുതിയ ചിത്രകാരന്റെ ജന്മത്തിന് മികവേറെ...
ശ്രീ said…
ചേച്ചീ...
നല്ല കഥ!
വായിച്ചു തുടങ്ങിയപ്പോഴേ തോന്നിയിരുന്നു, പ്രചോദനം വാല്‍മീകി മാഷുടെ കഥയായിരിയ്ക്കുമെന്ന്.
:)
Murali K Menon said…
I liked the writing style. Keep it up!!
നല്ല സ്റ്റൈലന്‍ പ്രയോഗം..
ശരിയ്ക്കും ഇഷ്ടപ്പെട്ടു..
നന്നായി അവതരിപ്പീച്ചിരിയ്ക്കുന്നു ഈ കഥ, ഞാന്‍ ഈബ്ലോഗിലെ ഒരു നിത്യ സന്ദര്‍ശകനാണ് ആ പഴയപോസ്റ്റ് ഇന്നും മനസ്സീന്ന് പോയിട്ടില്ല [ഒഴിഞ്ഞ ഇടനാഴിയിലെ നേര്‍ത്ത മര്‍മ്മരത്തിനുപോലും കരിയിലകളുടെ നിസ്വനം]ഒരു പോസ്റ്റ് വായിച്ചുമടങ്ങുമ്പോള്‍ വായനക്കാരന് എന്തെങ്കിലുമൊക്കെ കൊണ്ട് പോകാന്‍ കഴിയുന്ന ചില വരികളിലെ ചടുലതകള്‍എന്നെ ഈ ബ്ലോഗില്‍ ആകര്‍ശിക്കുന്നൂ

ആശംസകള്‍ നേരുന്നൂ.!!
നന്നായിരിയ്ക്കുന്നു ചേച്ചീ! ആശംസകള്‍!
ഞമ്മളെ മറ്റെ ചിത്രകാരനാണോ/..? ഹിഹ്ബിഹീഹ്
വാല്‍മീകി : :)

ഗോപന്‍ : ഒരുപാടു നന്ദി.

ശ്രീവല്ലഭന്‍ : വാല്‍മീകിയുടെ കഥയെ ആധാരമാക്കിയാണ് ഈ കഥയെഴുതിയത്.
അഭിനന്ദനങ്ങള്‍ക്കു നന്ദി.

കാപ്പിലാന്‍ : വന്നതിന്, വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞതിന് നന്ദി.

പ്രിയ : നന്ദി, പ്രിയക്കുട്ടീ

ശ്രീ : :) ഒരുപാട് നന്ദി, ശ്രീ

മുരളിമേനോന്‍ : സന്തോഷമുണ്ട്, വന്നതിലും അഭിപ്രായങ്ങള്‍ എഴുതിയതിലും

പൊറാടത്ത് : നന്ദി, സുഹൃത്തെ

സജി : സജിയുടെ വാക്കുകള്‍ എപ്പോഴും കൂടുതല്‍ നന്നായി എഴുതാനുള്ള പ്രേരണയാണെനിക്ക്. നന്ദി.

ധ്വനി: നന്ദി.

മായാവി : അത്ന്നെ ആള്‍ ! :)
G.MANU said…
മനസിനെ കുറച്ചു നേരത്തേക്ക് മറ്റൊരു ലോകത്തേക്കു നടത്തി..

എന്നെയും പണ്ടുതൊട്ടേ ഭയപ്പെടുത്തുന്ന രണ്ടുകാര്യങ്ങള്‍ ഇതുതന്നെയാണു..
വിശപ്പും, വിശപ്പിലേക്ക് നടന്നുവരുന്ന പാദസരമിട്ട പെണ്ണും..

ഒരു സ്പെഷ്യല്‍ അഭിനന്ദനം...
Anonymous said…
കവിതക്ക്‌ കമണ്റ്റിടാന്‍ വന്നതാണ്‌...പക്ഷെ, കഥക്ക്‌ ഞാന്‍ ചില വാക്കുകള്‍ കുറിക്കുന്നു. മാഡം, നന്നായി...അഭിനന്ദനങ്ങള്‍...

യാഥാസ്ഥിതികന്‍
Parvathy said…
ചേച്ചീസെ ...ഇലഞ്ഞി പൂവിനോട് തോന്നിയ അത്രെയും ഇഷ്ടം ചിത്രകരനോടും പൂച്ചയോടും തോന്നിയില്ല .. കഥയുടെ ക്ലൈമാക്സ് ആണെന്ന് തോന്നുന്നു ഒരു ആശയകുഴപ്പം പോലെ ..:D

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം