ഒരു പ്രവാസിയ്ക്ക്, എന്റെ സാന്ത്വനക്കുറിപ്പ്..
ഒരു പകലിന്‍ നിലയ്ക്കാത്ത യാത്രയ്ക്കൊടുവിലീ, കരുത്തന്‍, സൂര്യനിന്നു വാടിത്തളര്‍ന്നുവോ? തണുവണിപ്പുലരിയില്‍ ഒരു കല്‍വിളക്കായ് തെളിഞ്ഞതും, തന്‍ ശോണിമപ്രഭയേകി പൂര്‍വ്വാംബരം തുടുപ്പിച്ചതും, ഇരുള്‍ കടന്നെത്തിയ ഭൂമി തന്‍, നിശ്വാസക്കാറ്റേറ്റു വാങ്ങി ചെറുമരങ്ങള്‍ പെയ്യവെ, കറുത്തയാമങ്ങളിലാരോ ചവിട്ടിമെതിച്ച, തളര്‍ന്ന പുല്‍ക്കൊടികളെ തഴുകിത്തലോടി അവരുടെ നിറുകയില്‍ വൈഡൂര്യമണിയിച്ചതും, ആ നനഞ്ഞ കപോലങ്ങളില്‍ മഴവില്ലു വിരിയിച്ചതും, പിന്നെ, ഒരു നീണ്ട യാത്രയ്ക്കൊരുങ്ങി, വിട പറയും മുന്‍പെ, തന്‍ കതിരൊളിയാലെ, സ്തന്യം തന്ന പുഴയെ പൊന്‍കസവണിയിച്ചതും നീ തന്നെയല്ലേ.. ഇരുട്ടിനെതിരെ, വെളിച്ചത്തില്‍ സ്രോതസ്സായി ഒരുപാട് ദൂരം താണ്ടി ഒടുവില്‍, മദ്ധ്യാഹ്നത്തിലേകനായ്, സ്വയം കത്തിയെരിഞ്ഞു നീറിപ്പിടഞ്ഞതും നീ തന്നെയല്ലേ.. പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍ അനിവാര്യം, ഇനിയുമൊരു വേര്‍പാടെന്നറിഞ്ഞിട്ടും, നൊമ്പരമടക്കി, എല്ലാം മറന്നവളുടെ കവിളില്‍ കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും അവളെ മോഹിനിയാക്കിയതും, നീ തന്നെയല്ലേ.. ഇന്നീ കടലിന്നടിത്തട്ടില്‍ തളര്‍ന്നു നീ വീഴുമ്പോള്‍ ഒന്നോര്‍ക്കുക- ഇ...