അദൃശ്യരേഖകൾ

ഒറ്റയ്ക്കു യാത്ര ചെയ്യുക എന്നത് ഒരിക്കലും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എങ്കിലും യാത്ര അനിവാര്യമാവുമ്പോള്‍ മറ്റൊന്നും ആലോചിച്ചിട്ട് കാര്യമില്ലല്ലോ. അതിരാവിലെ തന്നെ പുറപ്പെട്ടതാണ്. നേരത്തേ തന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നതു കൊണ്ട് കൂടുതല്‍ ബദ്ധപ്പെടാതെ കഴിഞ്ഞു. സീറ്റില്‍ വന്നിരുന്നു. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ആളുകള്‍ സീറ്റിനു വേണ്ടി പരക്കം പായുന്നതു കണ്ടപ്പോള്‍ എന്തോ ഒരു വല്ലായ്മ തോന്നി. ഇന്നു ഞാന്‍, നാളെ നീ. ടിക്കറ്റ് റിസര്‍വ്വ് ചെയ്തതുകൊണ്ട് ഇപ്പോള്‍ ഇവിടെ സുഖമായി ഇരിക്കുന്നു. ഇല്ലെങ്കിലോ? അതു തന്നെയല്ലേ, തന്റെയും അവസ്ഥ? അതാലോചിച്ചപ്പോള്‍ മനസ്സ് കൊണ്ട് അവരോടൊപ്പം ചേരാന്‍ തോന്നി.


സ്ഥിരമായ ഒരു അവസ്ഥ ആര്‍ക്കും ഇല്ലല്ലോ. ഇപ്പോള്‍ പരക്കം പായുന്ന ഈ യാത്രക്കരൊക്കെ മുന്‍പൊരിക്കല്‍ റിസര്‍വ്വ് ചെയ്ത് സുഖമായി യാത്ര ചെയ്തവരായിരിക്കാം. ജീവിതവും ഇതു പോലെ തന്നെയല്ലേ? ഈ ജന്മം ഞാന്‍ ഇങ്ങനെയാണെങ്കില്‍ കഴിഞ്ഞ ജന്മം ഞാന്‍ ആരായിരുന്നിരിക്കും? മനുഷ്യജന്മം തന്നെയായിരുന്നുവോ? അതോ, മറ്റു വല്ല ജന്മവും? ആലോചിച്ചപ്പോള്‍ വല്ലാത്ത ഭയം തോന്നി. രാവിലെ തന്നെ എവിടേയ്ക്കാണ് മനസ്സ് പോകുന്നത്? വെറുതെ കാടു കയറി ചിന്തിച്ച് മനസ്സ് അസ്വസ്ഥമാക്കുക എന്നത് പതിവുള്ള കാര്യമാണല്ലോ.


ട്രെയിന്‍ നീങ്ങിത്തുടങ്ങിയത് അറിഞ്ഞില്ല. എന്തായാലും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യുന്നതിന് അതിന്റേതായ ഒരു സുഖമുണ്ട്. പുറത്തെ ബഹളങ്ങളൊന്നും അറിയേണ്ട. പിന്നെ, ശൈത്യത്തിന്റെ സുഖവും ആസ്വദിക്കാം. എന്നാലും, ഈ ട്രെയിനിൽ നിന്നും ഇറങ്ങുന്നത് ബഹളങ്ങളിലേയ്ക്കും, പൊടി നിറഞ്ഞ ചൂടിലേയ്ക്കുമല്ലേ. ഹേയ്, ഇങ്ങനെ ആലോചിച്ചാല്‍ യാത്രയുടെ ഉള്ള രസം കൂടി ഇല്ലാതാകും. ഒരു ദിവസത്തേയ്ക്കായാല്‍പ്പോലും, സുല്‍ത്താനാവുന്നത് നല്ല കാര്യമല്ലെന്നുണ്ടോ?


സീറ്റ് പിന്നിലേയ്ക്ക് അല്‍പ്പം നിവര്‍ത്തിവച്ച് ചാഞ്ഞിരുന്നു. കണ്ണുകളടച്ച്, ഒന്നു മയങ്ങാന്‍ തക്ക ഒരാലസ്യം മനസ്സിലേയ്ക്കു ക്ഷണിച്ചു വരുത്താന്‍ ഒരു ശ്രമം നടത്തി. പക്ഷെ, വിജയിച്ചില്ല. നിശ്ശബ്ദതയുടെ നിമിഷങ്ങളില്‍ വളരെ ചെറിയ ശബ്ദങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു എന്ന സത്യം ഒരിക്കല്‍ക്കൂടി ബോദ്ധ്യമായി. പിന്നിലെ യാത്രക്കാരന്‍ വളരെ ശ്രദ്ധാപൂര്‍വ്വം പത്രത്തിന്റെ താളുകള്‍ മറിക്കുന്നതിന്റെ ശബ്ദമാണ്. പാവം, അറിഞ്ഞു കാണില്ല, ഇങ്ങനെയൊരാള്‍ വിചിത്രമായ ചിന്തകളുമായി അരികെയിരിപ്പുണ്ടെന്ന്‌! അറിയാതെ ചിരി വന്നു.


മയങ്ങാൻ കഴിയാതിരുന്നതു കൊണ്ട്, വെറുതെ കണ്ണടച്ചിരുന്നു. ചിന്തകൾ കാടുകയറി എവിടൊക്കെയോ പോയി. സമയം കടന്നുപോയതറിഞ്ഞില്ല. 

ട്രെയിനിന്റെ വേഗത കുറഞ്ഞു. കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും ഒരു തിര എ.സി. കോച്ചിനുള്ളിലൂടെ കയറിയിറങ്ങിപ്പോയി. അറിയാതെ കടലിനെക്കുറിച്ചോര്‍ത്തു. മണിക്കൂറുകളോളം കടലിലേയ്ക്കു നോക്കിയിരുന്നിട്ടുണ്ട്. എങ്കിലും, കടലിനെ ഭയമായിരുന്നു. അനന്തതയിലേയ്ക്കു വ്യാപിച്ചു കിടക്കുന്ന നീലാകാശം. അതിന്റെ നിഗൂഢതകളെ മറയ്ക്കുന്ന വലിയ മേഘങ്ങള്‍. അവയ്ക്കു താഴെ കരുത്തനായ കടല്‍. ആ പ്രൌഢഭംഗിയെ ഭയത്തോടെയല്ലാതെ നോക്കിക്കാണാന്‍ കഴിഞ്ഞിട്ടില്ല.

പെട്ടെന്ന് ചിന്തകള്‍ മുറിഞ്ഞു. എ.സി.കോച്ചിന്റെ ചില്ലുവാതിലിനപ്പുറത്ത് ഒരു മുഖം മിന്നിമറഞ്ഞു. ആ കണ്ണുകള്‍ എന്നെ നോക്കുകയായിരുന്നോ?! ഇത്രയും നേരം ഞാനറിയാതെ എന്നെ നോക്കിനിന്നതാരാണ്? വേഗതയുടെ ആക്കത്തില്‍ ട്രെയിന്‍ മെല്ലെയൊന്നുലഞ്ഞു. ചില്ലുവാതിലിനപ്പുറത്ത് ഭിത്തിയോട് പുറം തിരിഞ്ഞു നിന്ന സ്ത്രീ പുറത്തേയ്ക്കു വീഴാതിരിക്കാന്‍ ബദ്ധപ്പെട്ട് ചില്ലുവാതിലിനരികിലേയ്ക്ക് നീങ്ങിനിന്നു. മുഷിഞ്ഞ സാരിയുടുത്ത് കുളിക്കാതെ മുടി ചീകിയൊതുക്കാതെ ഒരു കോലം. ഏയ്, എന്നെ നോക്കിയതാവില്ല. വെറുതെ തോന്നിയതാവും. മറ്റെവിടേയ്ക്കെങ്കിലും ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. കയ്യിലിരുന്ന പുസ്തകത്തിലേയ്ക്കു നോക്കി.

ഒരാവര്‍ത്തി മുഴുവന്‍ വായിച്ചതാണ്. എങ്കിലും, സ്വസ്ഥമായിരിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി വായിക്കണമെന്നു തോന്നി. അതുകൊണ്ടു തന്നെയാണ് യാത്രയ്ക്കു മുന്‍പു തന്നെ മറക്കാതെ ബാഗില്‍ എടുത്തു വച്ചത്. കഥയില്‍ അസാധാരണത്വം ഒന്നും കണ്ടില്ലെങ്കിലും, കഥ പറച്ചിലില്‍ എന്തോ ഒരു പ്രത്യേകത തോന്നി. നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ചില ജീവിതസത്യങ്ങളെ നമ്മുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്താനുള്ള ഒരു ശ്രമം. സത്യം പറഞ്ഞാല്‍ രണ്ടാമതൊരു വായനയിലൂടെ ഞാനാഗ്രഹിക്കുന്നത് ഒരു കടന്നു ചെല്ലലാണ്. നോവലിലൂടെ നോവലിസ്റ്റിന്റെ മനസ്സിലേയ്ക്ക്, ആ നോവലിനു ജന്മം കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് വ്യാപരിച്ചിരുന്ന മേഖലകളിലേയ്ക്ക്. എളുപ്പമല്ലയെന്നറിയാം. എന്നാലും, ശ്രമിച്ചു നോക്കുന്നതിലെന്താണ് തെറ്റ്, അല്ലേ?

ചില്ലുവാതിലിലേയ്ക്കു വീണ്ടും നോക്കി. പുറം തിരിഞ്ഞു നില്‍ക്കുന്ന സ്ത്രീ അവിടെത്തന്നെയുണ്ട്. അടുത്ത നിമിഷം അവര്‍ തിരിഞ്ഞു നോക്കി. എന്റെ കണ്ണുകളിലേയ്ക്ക് ! എവിടെയും തട്ടാതെ ഒരു നേര്‍‌രേഖ പോലെ, എന്റെ കണ്ണുകളിലേയ്ക്കു മാത്രമായി തൊടുത്തു വിട്ട ശരം പോലെ, തീക്ഷ്ണമായ ഒരു നോട്ടം. മനസ്സ് അറിയാതെ ഒന്നു പതറി. അവരുടെ മുഖത്തെ ഒരു പേശി പോലും ചലിക്കുന്നതായി തോന്നിയില്ല. കടലാസിൽ വരച്ചുവച്ച ഒരു മുഖം പോലെ. പക്ഷെ,  ആ കണ്ണുകളില്‍ എന്തൊക്കെയോ ഓളം വെട്ടുന്നത് ഞാന്‍ കണ്ടു.

ആ കണ്ണുകളിലൂടെ ആരാണെന്നെ നോക്കിയത് ? അവരെന്റെ മുഖത്തേയ്ക്കല്ല നോക്കിയത്. കണ്ണുകളിലേയ്ക്കാണ്, ആത്മാവിലേയ്ക്കാണ്. ആരാണെന്നെ അന്വേഷിക്കുന്നത്? ട്രെയിന്‍ നിന്നു. യാത്രക്കാരുടെ തിര ട്രെയിനിനുള്ളിലൂടെ വീണ്ടും കയറിയിറങ്ങിപ്പോയി. തിരയിറങ്ങിയപ്പോള്‍ ആ മുഖവും അപ്രത്യക്ഷമായിരുന്നു.


വല്ലാത്ത ക്ഷീണം തോന്നി. കണ്ണുകളടച്ച്, ചാഞ്ഞു കിടന്നു. തീക്ഷ്ണമായ ആ നോട്ടം മനസ്സിനെ ഒന്നു പിടിച്ചു കുലുക്കിയതു പോലെ. ഇതുവരെ ഞാന്‍ ഉറങ്ങുകയായിരുന്നോ? ആരാണെന്നെ ഉണര്‍ത്തിയത്? ഞാന്‍ ഉറക്കമുണരുന്നത് ഭൂതകാലത്തിലേയ്ക്കാണ്. എനിക്കു തടയാൻ കഴിയുന്നില്ല. അത്രയും കരുത്തെനിക്കില്ല. ഒരു മാന്ത്രികവലയത്തിലെന്ന പോലെ എങ്ങോട്ടൊ കുതിച്ചു പായുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാതെ വിധേയത്വത്തോടെ ഞാന്‍ കണ്ണുകളടച്ചു.


ഒരു പഴയ തറവാടിന്റെ ഇരുണ്ട മുറികളിലൊന്നിന്റെ വാതില്‍ക്കല്‍ ഞാന്‍ നിന്നു. മുറിക്കുള്ളില്‍ ഒരു ചങ്ങല കിലുങ്ങി. പിന്നെ, അടുത്ത ക്ഷണം ഒരു ഓട്ടുപാത്രം എന്റെ നെറ്റിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പാഞ്ഞുപോയി. ഒന്നു പതറിയെങ്കിലും, ആത്മധൈര്യം വിടാതെ ഞാന്‍ മുറിക്കുള്ളിലേയ്ക്കു കാല്‍ വച്ചു. മുറിയുടെ മൂലയിലേയ്ക്കു ചുരുണ്ടുകൂടിയ ഒരു മനുഷ്യരൂപം എന്നെ തിരിഞ്ഞുനോക്കി. ആ കണ്ണുകളില്‍ നിന്നും വമിച്ച അഗ്നിയില്‍ ഞാന്‍ വെന്തുരുകി. അതെന്റെ ചിറ്റയായിരുന്നു. ഞാന്‍ ജനിക്കും മുന്‍പേതന്നെ എന്നെക്കാണാന്‍ കൊതിയോടെ കാത്തിരുന്ന എന്റെ ചിറ്റ.

പെട്ടെന്നു കണ്ണു തുറന്നു ചുറ്റും നോക്കി. ട്രെയിനിനുള്ളില്‍ത്തന്നെയാണ്. ഞാനൊന്നു ഞെട്ടി. അതേ കണ്ണുകള്‍ തന്നെയല്ലേ ഞാനിവിടെ കണ്ടത് ?! ആ മുറിയിലെ ഇരുട്ടില്‍ ചങ്ങലയില്‍ എരിഞ്ഞു തീര്‍ന്ന ഒരു ജന്മം എന്നെ ഇപ്പോള്‍ ഓര്‍ത്തുവോ? എന്നെക്കാണാന്‍ വന്നുവോ?


കാലുകളില്‍ ചങ്ങല വീഴുമ്പോള്‍ അവര്‍ അതീവ സുന്ദരിയായിരുന്നു. പൂവു പോലുള്ള പാദങ്ങളും, രൂപഭംഗിയുള്ള വിരലുകളും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പിന്നീട് ഒരിക്കല്‍പ്പോലും അവര്‍ ആരെയും തിരിച്ചറിഞ്ഞില്ല. ആര്‍ക്കും കാണാന്‍ കഴിയാത്ത എന്തിനോടൊക്കെയോ അവര്‍ പ്രതികരിച്ചു. ഭയപ്പെട്ടു. കരഞ്ഞു. പിന്നെ, വല്ലപ്പോഴും മാത്രം പുഞ്ചിരിച്ചു. അവരുടെ അടുത്തുപോകാന്‍ ധൈര്യം ഉണ്ടായിട്ടില്ല. എങ്കിലും കയ്യെത്താദൂരെ നിന്നും സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, മറ്റാരോടുമെന്ന പോലെ. വിഭ്രാന്തിയില്‍പ്പെട്ടുപോയ ആ മനസ്സ് ഒരു നിമിഷത്തേയ്ക്കെങ്കിലും തിരിച്ചു വരുമെന്ന് അന്നത്തെ കൊച്ചുപെണ്‍കുട്ടി മോഹിച്ചു. ആ മോഹം ബാലിശമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

ഒടുവില്‍ വാര്‍ദ്ധക്യത്തിന്റെ കെടുതികളില്‍ ആ ജന്മം തോല്‍‌വി സമ്മതിച്ചപ്പോള്‍ ദിവസങ്ങളോളം ഞാന്‍ ആരുമറിയാതെ കരഞ്ഞു. പിന്നെ മെല്ലെമെല്ലെ ആ ഓര്‍മ്മകള്‍ കൊച്ചു കടലാസുതോണികള്‍ പോലെ ഓളങ്ങളില്‍ ചാഞ്ചാടിയാടി എവിടെയോ അപ്രത്യക്ഷമായി.

വല്ലപ്പോഴും മാത്രം രാത്രികളില്‍ ആ മുഖം എന്നെ വിളിച്ചുണര്‍ത്തിയിരുന്നു. പക്ഷെ ഒരിക്കലും എന്നെ ഭയപ്പെടുത്തിയിട്ടില്ല. പെട്ടെന്നു കണ്ണു തുറക്കുമ്പോള്‍ അവരുടെ ഓര്‍മ്മകളാവും മനസ്സില്‍. ഒരു അദൃശ്യസാമീപ്യം പോലെ. പിന്നെയും ഒരു തലോടലിന്റെ സുഖത്തില്‍ അറിയാതെ ഉറക്കത്തിലേയ്ക്കു വഴുതിവീഴും. പിന്നെ ആ വിളിച്ചുണര്‍ത്തലുകളും ഇല്ലാതായി. 


ഇപ്പോള്‍ എന്നെ നോക്കിയത് ആ കണ്ണുകളാണോ? ഒരു കുറ്റപ്പെടുത്തലിന്റെ നോട്ടമായിരുന്നോ, അത്? ആരുടേയും മനസ്സില്‍ ഇടമില്ലാതെ, ആരാലും ഓർമ്മിക്കപ്പെടാനില്ലാതെ, ഒന്നും പങ്കു വയ്ക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടു പോകുമ്പോള്‍ തോന്നുന്ന വേദനയായിരുന്നോ, ആ കണ്ണുകളില്‍?

എന്തെങ്കിലും എഴുതണമെന്നു തോന്നി. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതി വെട്ടിയെഴുതി പിന്നെ ആ കടലാസ് കൊച്ചു കൊച്ചു തുണ്ടുകളാക്കി കീറിക്കളയുക പണ്ടേയുള്ള ശീലമാണ്. ബാഗില്‍ എഴുതാന്‍ പറ്റിയ കടലാസ് ഒന്നും കണ്ടില്ല. വെളുത്ത കൈലേസില്‍ സാവകാശം എഴുതി.
“ ഞാന്‍ ഓര്‍മ്മിക്കുന്നു,
സ്നേഹിക്കുന്നു, ഇപ്പോഴും.”


പെട്ടെന്ന് ഒരു തണുത്ത കാറ്റ് എന്നെ പൊതിഞ്ഞു. ഒരു തലോടലിന്റെ സുഖത്തില്‍ ഞാന്‍ അറിയാതെ മയങ്ങിപ്പോയി.


ട്രെയിന്‍ നിന്നു. എനിക്കിറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരുന്നു. പെട്ടെന്നു ബാഗെടുത്ത് ചില്ലുവാതില്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി. ട്രെയിനിനകത്ത് വാതിലിന്നരികില്‍ മുഖം കുനിച്ചിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ വീണ്ടും കണ്ടു. ഇറങ്ങാനുള്ള തിടുക്കത്തില്‍ എന്റെ കൈലേസ് താഴെ വീണു. പ്ലാറ്റ്ഫോമിലിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ ആ കൈലേസ് ഒരു അമൂല്യനിധി പോലെ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു, ആ സ്ത്രീ. പെട്ടെന്ന് അവരെന്റെ മുഖത്തേയ്ക്ക്.. അല്ല , കണ്ണുകളിലേയ്ക്കു നോക്കി. നേര്‍‌രേഖ വരച്ചതുപോലുള്ള അതേ നോട്ടം ! ചലിക്കാനാവാതെ ഞാന്‍ നിന്നപ്പോള്‍ ട്രെയിന്‍ അവരെയും കൊണ്ട് എന്റെ മുന്നിലൂടെ കടന്നുപോയി.

Comments

lost world said…
കൊള്ളാം ഈ വിഭ്രമങ്ങള്‍...
നല്ല കഥ. കൂടുതല്‍ എഴുതുക.
വെയില് : വായിച്ച് അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി.
വാല്‍മീകി : നന്ദി. ഇനിയുമെഴുതാം.
നല്ല കഥ.അഭിനന്ദനങ്ങള്‍
Murali K Menon said…
ബോംബെയിലെ ഇലക്ട്രിക് ട്രെയിനിലെ തിരക്കിനിടയില്‍ ഒറ്റക്കാലില്‍ യാത്രചെയ്യേണ്ടുന്ന അവസ്ഥയിലും സ്നേഹതീരം പറഞ്ഞതുപോലെ ഞാന്‍ ആളുകളെ ശ്രദ്ധിക്കുമായിരുന്നു. അവര്‍ ആരോടെന്നില്ലാതെ നടത്തുന്ന പിറുപിറുക്കലുകള്‍, ബോസിനോടുള്ള അവരുടെ സ്നേഹം, വെറുപ്പ്, കുടുംബത്തെക്കുറിച്ചുള്ള ആകുലതകള്‍ എല്ലാം നമുക്ക് വായിച്ചെടുക്കാം. അപ്പോള്‍ ഒരുപക്ഷെ നമ്മുടെ ഭാവങ്ങളും അതിനനുസരിച്ച് മാറുന്നുണ്ടാവാമെന്ന് ഞാന്‍ മനസ്സിലാക്കിയത് മറ്റൊരാള്‍ എന്നെ തന്നെ നോക്കി കൊണ്ടു നിന്നപ്പോഴാണ്.

അധികം ഉയര്‍ന്നുപൊങ്ങാത്ത തിരമാലകള്‍ ഉള്ളപ്പോള്‍ കടലിലേക്ക് നോക്കിയിരുന്നാല്‍ മനസ്സ് ശാന്തമാകും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അപ്പോള്‍ ഭയമെന്ന വികാരം ഉണ്ടാവുകയേ ഇല്ല.

ഓര്‍മ്മകള്‍ സൂക്ഷിക്കുകയും താലോലിക്കുകയും ചെയ്യുന്നത് നല്ലതാണ്. അതുകൊണ്ടുകൂടിയാണല്ലോ ഇങ്ങനെ എഴുതാന്‍ കഴിഞ്ഞതും.
ഭാവുകങ്ങള്‍
അലി said…
യാത്രയില്‍ കൂടെക്കൂട്ടിയതിനു നന്ദി...
പരമാര്‍ഥങ്ങള്‍ : നന്ദി.

മുരളി മേനോന്‍ : വിശദമായി അഭിപ്രായങ്ങള്‍ എഴുതിയതിന്, നല്ല ചിന്തകള്‍ പങ്കുവച്ചതിന് ഒരുപാട് നന്ദി. നേരില്‍ സാംസാരിച്ചതു പോലെ തോന്നി.

അലി : നിങ്ങളൊക്കെയില്ലാതെ എനിക്കെന്തു ബ്ലോഗ് ! :)
dear friend
thankal nannayi ehuthi. karanam ithil njan oru isavum kandilla.nallathu. pazhaya kalathe ezhuthukarkkundaayirunna naturalaaya vivaranam thankal nediyeduthu thannu. palarkkum oru maathrukayanu thu.
m k harikumar
കഥ നന്നായിരിയ്ക്കുന്നു.

തുടര്‍ന്നും നല്ല ക്ഥകള്‍ പ്രതീക്ഷിച്ച് കൊണ്ട്...

ആശംസകളോടെ...

ഹരിശ്രീ
നന്നായിരിക്കുന്നു,ആശംസകള്‍..
ഈ സ്നേഹതീരത്ത് ഇനിയും വരാം,തുടരൂ..
വാക്കുകളിലൂടെ ഒരു തിര മനസ്സിനെമദിച്ചു കടന്നുപോയല്ലോ സ്നേഹതീരം... നന്ദി.

തുടര്‍ന്നും നല്ല ക്ഥകള്‍ പ്രതീക്ഷിച്ച് കൊണ്ട്...
“ ഞാന്‍ ഓര്‍മ്മിക്കുന്നു,സ്നേഹിക്കുന്നു, ഇപ്പോഴും.”

നന്നായി... അസ്സലായി...

ഇനിയും എഴുതുക...ഒരുപാട്... :)

ഓ:ടോ: ആ Word Verification നിര്‍ബന്ധാണോ...?
:)
എം.കെ.ഹരികുമാര്‍ :കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട്‌
സന്തോഷമുണ്ട്‌. നന്ദി.
ഹരിശ്രീയ്ക്കും, വഴിപോക്കനും,ഉറുമ്പിനും, സഹയാത്രികനും ഒരുപാട്‌ നന്ദി.
ബ്ലോഗ്‌ എഴുതിത്തുടങ്ങുമ്പോള്‍ മനസ്സ്‌ നിറയെ ആശങ്കകളായിരുന്നു.
ഇപ്പോള്‍ കുറെ നല്ല കൂട്ടുകാരെക്കിട്ടിയ സന്തോഷത്തിലാണ്‌.
സഹയാത്രികന്‍ :ഓ:ടോ: ആ Word Verification നിര്‍ബന്ധാണോ...?
:)
സ്നേഹതീരം : ഇരിക്കട്ടെന്നേയ്.. ചുമ്മാ ഒരു സ്റ്റൈലിന്..
" പെട്ടെന്ന് അവരെന്റെ മുഖത്തേയ്ക്ക്... അല്ല , കണ്ണുകളിലേയ്ക്കു നോക്കി. നേര്‍‌രേഖ വരച്ചതുപോലുള്ള അതേ നോട്ടം ! ചലിക്കാനാവാതെ ഞാന്‍ നിന്നപ്പോള്‍ ട്രെയിന്‍ അവരെയും കൊണ്ട് എന്റെ മുന്നിലൂടെ കടന്നുപോയി."

....കഥയുടെ സ്നേഹതീരം....
എനിക്കൊന്നുംമനസ്സിലായില്ല.
ഞാന്‍വായിച്ചകഥ.ഇഷ്ടപ്പെട്ടു എന്നല്ല,വളരേ വളരെ ഇഷ്ടപ്പെട്ടു.
വരട്ടെ ഇനിയും ഇതുപോലുള്ളവ;
എന്നെ അറിയിക്കുകയും വേണം
ശ്രീ said…
ചേച്ചീ...

ഇത് വായിയ്ക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്‍. വളരെ ഇഷ്ടമായി. ചില കാര്യങ്ങള്‍‌ നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടു വരുന്ന ഇത്തരം ഓര്‍‌മ്മകള്‍‌ എത്ര വിലപ്പെട്ടതാണ്‍, അല്ലേ?
വളരെ ഹൃദ്യമായി. :)

“ആളുകളെ അവരറിയാതെ നിരീക്ഷിക്കാന്‍ നല്ല രസമാണ്. ബാഹ്യരൂപത്തേക്കാളേറെ മുഖത്തെ ഭാവങ്ങളെയാണ് ശ്രദ്ധിക്കാനിഷ്ടം. മുഖങ്ങളിലൂടെ, മനസ്സുകളിലേയ്ക്കും അവരുടെ ചിന്തകളിലേയ്ക്കും എത്തിനോക്കാനുള്ള ഒരു ശ്രമം. ഒക്കെ ഭാവന മാത്രമാണെന്നറിയാം. എങ്കിലും ചില മുഖങ്ങള്‍, അവയിലെ ഭാവങ്ങള്‍ മനസില്‍ പോറലുകള്‍ ഏല്‍പ്പിക്കാറുണ്ട്.”

ഈ പരിപാടി എന്റെയും ഒരു ഇഷ്ട വിനോദമാണ്‍.
:)
ശ്രീയ്ക്ക്,
വരാന്‍ വൈകിയത് സാരമില്ല. വൈകിയായാലും ശ്രീ വരുമെന്ന് എനിക്കറിയാമായിരുന്നു. ശ്രീയുടെ മനസ്സ് നിറയെ സ്നേഹമാണ്, അല്ലേ? ‘ചേച്ചീ ..’എന്നു വിളിക്കുമ്പോള്‍ അതറിയാനുണ്ട്. ഈ അനിയനെ എനിക്കും ഒരുപാടിഷ്ടമായി, ട്ടോ :)
ethra nannayirikkunnu
..
best wishes
prasanth ajith said…
എത്രയും പ്രിയപ്പെട്ട സ്നേഹതീരം അറിയുന്നതിന്.

വൈകി എങ്കിലും ഇവിടെ എത്തിയതില്‍ അതിയായ സന്തോഷമുണ്ട്. എഴുത്തുകള്‍ ആദിയില്‍നിന്നുതന്നെ വായിച്ചു തുടങ്ങാം എന്ന് കരുതുന്നു. പലപ്പോഴും ആര്‍ക്കാണ് ഭ്രാന്ത് എന്ന് അതിശയിച്ചിട്ടുണ്ട്. സുന്ദരമായ ഈ ലോകത്തെ വെറും കള്ളികളായും ചതുരകട്ടകളായും കണ്ട് ചിരിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ട് അതില്‍ ഒതുങ്ങിക്കൂടുന്ന മനുഷ്യരെ നോര്‍മല്‍ ബീയിങ്ങ്സ് ആയി കരുതുക വയ്യ. ഈ "സാമൂഹിക മനോരോഗം" ബാധിക്കതവരെ കണ്ടുമുട്ടുന്നത് ഒരു സുകൃതം തന്നെയാണ്. വഴിയില്‍ കണ്ട ഒരു "ഭ്രാന്തത്തിയുടെ" കണ്ണുകളില്‍ ഹൃദയതോടു ചേര്‍ന്ന് നില്‍ക്കുന്ന ഏതൊക്കെയോ കണ്ടത്തിയത് സ്നേഹത്തിന്‍റെ മാത്രമല്ല ഭാവനയുടെ കൂടി സൗന്ദര്യമാണ്. ഈ സൌന്ദര്യം തന്നെയാണ് എന്നെ തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്നതും.

എല്ലാ വിജയങ്ങളും നേര്‍ന്നുകൊള്ളുന്നു.

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം