Posts

Showing posts from November, 2007

മുഖങ്ങള്‍ തേടുന്ന ഒരാള്‍

നഗരം തളര്‍ന്നുറങ്ങുകയാണ്. ഉറങ്ങുകയാണോ, അതോ, എന്നെപ്പോലെ ഉറക്കം കാത്തു കിടക്കുകയാണോ? അല്ലെങ്കില്‍ത്തന്നെ ഒരു പകലിന്റെ നെരിപ്പോടും നെഞ്ചിലേറ്റി എങ്ങനെയാണ് ഈ നഗരത്തിന് ഉറങ്ങാന്‍ കഴിയുക? ഒരു നേരത്തെ ആഹാര‍ത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന തെരുവുവേശ്യകള്‍ മുതല്‍ അവരുടെ മടിക്കുത്തഴിക്കുന്ന കാക്കിയണിഞ്ഞ നിയമപാലകര്‍ വരെ ജീവിക്കുന്ന ഈ നഗരത്തിന് എങ്ങനെ ഉറങ്ങാന്‍ കഴിയും? കൂടുതല്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ഇവിടെ ജീവിച്ചിട്ടും, ഈ നഗരം തനിക്കെന്നും അന്യമായിരുന്നല്ലോ. നഗരം എന്നും മടുപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്ന മനുഷ്യരും, വാഹനങ്ങളും. ആരും ആരുടെയും മുഖം കാണാറില്ല. ഓര്‍മ്മിക്കാറുമില്ല. ആകെ കാണുന്നത് കൈകള്‍ മാത്രമാണ്. വാങ്ങുന്ന കൈകള്‍. കൊടുക്കുന്ന കൈകള്‍. അദ്ധ്വാനിക്കുന്ന കൈകള്‍. മുദ്രാവാക്യങ്ങളുടെ താളത്തില്‍ ആകാശത്തേയ്ക്ക് ഉയര്‍ന്നു താഴുന്ന കൈകള്‍. പിന്നെ, മനുഷ്യന്റെ രക്തം പുരണ്ട കൈകള്‍. അങ്ങനെ ഒരുപാട് കൈകള്‍. മുഖങ്ങളില്ലാത്ത മനുഷ്യശരീരങ്ങളെ പേറുന്ന ഈ നഗരത്തെ ഒരിക്കലും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. വിപ്ലവാവേശം സിരകളില്‍ കത്തിപ്പടര്‍ന്ന ഒരു കാലമുണ

അദൃശ്യരേഖകൾ

ഒറ്റയ്ക്കു യാത്ര ചെയ്യുക എന്നത് ഒരിക്കലും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എങ്കിലും യാത്ര അനിവാര്യമാവുമ്പോള്‍ മറ്റൊന്നും ആലോചിച്ചിട്ട് കാര്യമില്ലല്ലോ. അതിരാവിലെ തന്നെ പുറപ്പെട്ടതാണ്. നേരത്തേ തന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നതു കൊണ്ട് കൂടുതല്‍ ബദ്ധപ്പെടാതെ കഴിഞ്ഞു. സീറ്റില്‍ വന്നിരുന്നു. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ആളുകള്‍ സീറ്റിനു വേണ്ടി പരക്കം പായുന്നതു കണ്ടപ്പോള്‍ എന്തോ ഒരു വല്ലായ്മ തോന്നി. ഇന്നു ഞാന്‍, നാളെ നീ. ടിക്കറ്റ് റിസര്‍വ്വ് ചെയ്തതുകൊണ്ട് ഇപ്പോള്‍ ഇവിടെ സുഖമായി ഇരിക്കുന്നു. ഇല്ലെങ്കിലോ? അതു തന്നെയല്ലേ, തന്റെയും അവസ്ഥ? അതാലോചിച്ചപ്പോള്‍ മനസ്സ് കൊണ്ട് അവരോടൊപ്പം ചേരാന്‍ തോന്നി. സ്ഥിരമായ ഒരു അവസ്ഥ ആര്‍ക്കും ഇല്ലല്ലോ. ഇപ്പോള്‍ പരക്കം പായുന്ന ഈ യാത്രക്കരൊക്കെ മുന്‍പൊരിക്കല്‍ റിസര്‍വ്വ് ചെയ്ത് സുഖമായി യാത്ര ചെയ്തവരായിരിക്കാം. ജീവിതവും ഇതു പോലെ തന്നെയല്ലേ? ഈ ജന്മം ഞാന്‍ ഇങ്ങനെയാണെങ്കില്‍ കഴിഞ്ഞ ജന്മം ഞാന്‍ ആരായിരുന്നിരിക്കും? മനുഷ്യജന്മം തന്നെയായിരുന്നുവോ? അതോ, മറ്റു വല്ല ജന്മവും? ആലോചിച്ചപ്പോള്‍ വല്ലാത്ത ഭയം തോന്നി. രാവിലെ തന്നെ എവിടേയ്ക്കാണ്
ഈ തീരത്ത് തനിച്ചിരിക്കുമ്പോള്‍ മൌനം ഒരു നേര്‍ത്ത സംഗീതം പോലെ എന്നില്‍ പടരുകയാണ്. മനസ്സ് ശാന്തമായി എവിടേയ്ക്കോ ഒഴുകിയൊഴുകിപ്പോകുന്നത് ഞാനറിയുന്നു. ഇപ്പോള്‍ എനിക്കു ചുറ്റും സ്നേഹം മാത്രമേയുള്ളൂ. മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ എനിക്കിഷ്ടമില്ല. നഷ്ടവസന്തങ്ങളും നിറം മങ്ങിയ സ്വപ്നങ്ങളും ഇപ്പോള്‍ എനിക്കന്യമാണ്. ഈ സുഖമുള്ള ആലസ്യത്തില്‍ ഞാനൊന്നു മയങ്ങട്ടെ?
ഈ തീരം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായി. ഇന്ന് ഈ സ്നേഹതീരത്ത്, ഒരു കൊച്ചുവീട് ഞാന്‍ കെട്ടുകയാണ്, എന്റെ മനസ്സിലെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പാര്‍ക്കാന്‍. ഈ അക്ഷരങ്ങളിലൂടെ, നിറങ്ങളിലൂടെ ഞാനും വന്നോട്ടെ, നിങ്ങളോടൊപ്പം നന്മയും സ്നേഹവും പങ്കുവയ്ക്കാന്‍?
സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം. .