മുഖങ്ങള്‍ തേടുന്ന ഒരാള്‍
നഗരം തളര്‍ന്നുറങ്ങുകയാണ്. ഉറങ്ങുകയാണോ, അതോ, എന്നെപ്പോലെ ഉറക്കം കാത്തു കിടക്കുകയാണോ? അല്ലെങ്കില്‍ത്തന്നെ ഒരു പകലിന്റെ നെരിപ്പോടും നെഞ്ചിലേറ്റി എങ്ങനെയാണ് ഈ നഗരത്തിന് ഉറങ്ങാന്‍ കഴിയുക? ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന തെരുവുവേശ്യകള്‍ മുതല്‍ അവരുടെ മടിക്കുത്തഴിക്കുന്ന കാക്കിയണിഞ്ഞ നിയമപാലകര്‍ വരെ ജീവിക്കുന്ന ഈ നഗരത്തിന് എങ്ങനെ ഉറങ്ങാന്‍ കഴിയും? കൂടുതല്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. വര്‍ഷങ്ങളായി ഇവിടെ ജീവിച്ചിട്ടും, ഈ നഗരം തനിക്കെന്നും അന്യമായിരുന്നല്ലോ. നഗരം എന്നും മടുപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു. ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്ന മനുഷ്യരും, വാഹനങ്ങളും. ആരും ആരുടെയും മുഖം കാണാറില്ല. ഓര്‍മ്മിക്കാറുമില്ല. ആകെ കാണുന്നത് കൈകള്‍ മാത്രമാണ്. വാങ്ങുന്ന കൈകള്‍. കൊടുക്കുന്ന കൈകള്‍. അദ്ധ്വാനിക്കുന്ന കൈകള്‍. മുദ്രാവാക്യങ്ങളുടെ താളത്തില്‍ ആകാശത്തേയ്ക്ക് ഉയര്‍ന്നു താഴുന്ന കൈകള്‍. പിന്നെ, മനുഷ്യന്റെ രക്തം പുരണ്ട കൈകള്‍. അങ്ങനെ ഒരുപാട് കൈകള്‍. മുഖങ്ങളില്ലാത്ത മനുഷ്യശരീരങ്ങളെ പേറുന്ന ഈ നഗരത്തെ ഒരിക്കലും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. വിപ്ലവാവേശം സിരകളില്‍ കത്തിപ്പടര്‍ന്ന ഒരു കാലമുണ...