കഥയുടെ പടവുകൾ കടന്ന്..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങളോർത്തു കിടന്നാൽ താനേ ഉറക്കം വരുമെന്നു ആരോ പറഞ്ഞതോർത്തു. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചോർത്തു നോക്കി. ഒരു കാര്യവും മനസ്സിൽ വന്നില്ല. ഒടുവിൽ ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു. കണ്ണുകളിൽ മദ്ധ്യാഹ്നസൂര്യൻ കത്തി നിൽക്കും പോലെ. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. നല്ല ഇരുട്ട്. മെല്ലെ എഴുന്നേറ്റ്, ഇരുട്ടിൽ തപ്പിത്തടഞ്ഞ്, മേശപ്പുറത്തിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ തണുത്ത വെള്ളം കുറെ തൊണ്ടയിലേയ്ക്കൊഴിച്ചു. കണ്ണിലെ സൂര്യനൊന്നു മങ്ങിയോ? മേശപ്പുറത്തെ ടേബിൾലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ വെളിച്ചം മേശപ്പുറത്തു തട്ടിമറിഞ്ഞ് മുറിയാകെ പടർന്നു. മേശയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട്, ചാരിയിരുന്നു നോക്കി. ഉറക്കം വന്നെങ്കിലോ.. കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്നിട്ടും സൂര്യൻ കണ്ണിൽ ജ്വലിച്ചു തന്നെ നിന്നു. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, വല്ലതുമൊക്കെ കുത്തിക്കുറിക്കാറുള്ള പഴയ ഡയറി തുറന്നു വച്ച്, അതിൽ വെറുതെ കുത്തിവരച്ചു. നേർരേഖകൾ. വൃത്തങ്ങൾ. അർദ്ധവൃത്തങ്ങൾ. പിന്നെയും കുറെ രേഖകൾ. തലങ്ങനെയും...