ആലീസുകുട്ടിയുടെ കരച്ചില്‍

“ആലീസുകുട്ടീ.. ഞാനീ മതിലേല്‍ക്കൂടി നടക്കാന്‍ പോകുവാ..നീയും കേറിക്കോ..”
“അയ്യോ, ചേട്ടായീ ...അതിനെനിക്ക് കാലെത്തണില്ലല്ലോ..”
“നീയാ പേരക്കൊമ്പേല്‍ പിടിച്ചങ്ങ് കേറ് .. അല്ലെങ്കില്‍ത്തന്നെ നിന്നെയൊക്കെ എന്തിനു കൊള്ളാം..!”

പത്തു വയസ്സുകാരനായ ചേട്ടായിയുടെ കമന്റ് എട്ടുവയസ്സുകാരിയായ ആലീസുകുട്ടിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. പേരക്കൊമ്പില്‍ പിടിച്ചുതൂങ്ങി, ആലീസുകുട്ടി ഒരു കണക്കിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി. മുട്ടുകാലിലെ നീറ്റല്‍ ഒട്ടും വകവയ്ക്കാതെ, മതിലിനു മുകളില്‍ ഞെളിഞ്ഞു നിന്ന് വിജയശ്രീലാളിതയായി വിളിച്ചു പറഞ്ഞു,
“ചേട്ടായീ, ദാ നോക്ക്.. ഞാന്‍ കേറി..!“
“ഇനീപ്പോ, നീയെങ്ങനാ ഇറങ്ങുന്നെ..?“
അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ആലീസുകുട്ടിയുടെ സപ്തനാഡികളും തളര്‍ന്നു പോയി. ആലീസുകുട്ടി താഴേയ്ക്കു നോക്കി. കേറുമ്പോള്‍ ഇത്രയും പൊക്കം മതിലിനുണ്ടായിരുന്നോ?! പേരക്കൊമ്പു വഴിയാണെങ്കില്‍പ്പോലും താഴേയ്ക്കിറങ്ങാനുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. മതിലിനു മുകളില്‍ ഒരെ ഒരു നില്‍‌പ്പ് നിന്നു, മുഖം വീര്‍പ്പിച്ച്.

ചേട്ടായി ധൈര്യം പകര്‍ന്നു.
“ നീ ഒരു കാര്യം ചെയ്യ്.. ഇങ്ങോട്ടു നടന്നു വാ.. വീഴല്ലേ,ട്ടോ.. ഞാനങ്ങോട്ടു കടക്കുമ്പം, നീയിങ്ങോട്ടു കടക്കണം.”
“എന്നിട്ട്..?”
“എന്നിട്ടെന്നതാ... നീ ആ പട്ടിക്കൂടിന്റെ മേലെ ചവിട്ടി താഴേയ്ക്കു ചാടിയാ മതി..”
ആലീസുകുട്ടി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. രണ്ടുപേരും മതിലില്‍ക്കൂടി സര്‍ക്കസ്സുകാര്‍ നടക്കും പോലെ ബാലന്‍സ് ചെയ്ത് നേര്‍ക്കുനേര്‍ വന്നു.
“ഇനി എന്റെ കയ്യേപ്പിടിച്ചോ.. വിടല്ലേ, ട്ടോ..ഞാനങ്ങോട്ടു കടക്കുമ്പം നീയിങ്ങോട്ടു കടക്കണം.”
ആലീസുകുട്ടി വളരെ ശ്രദ്ധാപൂര്‍വ്വം ചേട്ടായിയുടെ കയ്യില്‍പ്പിടിച്ച് അങ്ങേ വശത്തേയ്ക്കു കടന്നുകൊണ്ടിരിക്കേ, “ ധിം! ” എന്നൊരു ശബ്ദം കേട്ടു. ഒപ്പം ചേട്ടായിയുടെ ഒരു കരച്ചിലും. താഴെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് വാര്‍ത്തതിന്റെ മുകളില്‍ തലയടിച്ച് വീണു കിടക്കുന്നു, ആലീസുകുട്ടി ! ചേട്ടായി താഴേയ്ക്കു ചാടി. പക്ഷെ, വളരെ സെയ്‌ഫായി ലാന്‍‌ഡ് ചെയ്തു. അമ്മച്ചി ഓടിവന്നു ആലീസുകുട്ടിയെ പൊക്കിയെടുത്തു, വലിയവായില്‍ കരഞ്ഞു. ആലീസുകുട്ടിയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നെ, അര്‍ത്തുങ്കല്‍ പള്ളിയില്‍ നേര്‍ച്ച നേര്‍ന്നപ്പോഴാണ്, ആലീസുകുട്ടി കണ്ണുതുറന്നത്.

പക്ഷെ, ഇതൊന്നും ആലീസുകുട്ടിയുടെ ആവേശം കെടുത്തിയില്ല. ചേട്ടായിയുടെ പിറകേയുള്ള നടത്തത്തിനു ഒരു കുറവുമുണ്ടായില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രം ആലീസുകുട്ടി ചേട്ടായിക്കു പാര പണിതു. താഴെയുള്ള രണ്ടുപിള്ളേര്‍ക്കു കൂടി ചേര്‍ത്ത് ആറു തട്ടിന്റെ ഒരു ചോറ്റുപാത്രത്തിലാണ് സ്കൂളില്‍ ചോറു കൊണ്ടുപോയിരുന്നത്. ആ അടുക്കുപാത്രം വീടു മുതല്‍ സ്‌കൂള്‍ വരെയും തിരിച്ചും ചുമക്കേണ്ട ചുമതല ചേട്ടായിയുടേതായിരുന്നു. അതിന്റെ ഒരറ്റത്തു പോലും പിടിക്കുന്ന പ്രശ്നമേയില്ലെന്നു ആലീസുകുട്ടി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കളഞ്ഞു !

എന്നാലും, ആലീസുകുട്ടിയും ചേട്ടായിയും ഇരട്ടകളെപ്പോലെയായിരുന്നു. ചേട്ടായിയായിരുന്നു, പഠനത്തിലും കളിയിലും കേമന്‍. കേമനായ ചേട്ടായിയുടെ അനിയത്തിയാണെന്നു പറയുന്നതുതന്നെ ആലീസുകുട്ടിക്ക് അഭിമാനമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗം, പദ്യപാരായണം, ഉപന്യാസം എന്നിവയില്‍ ചേട്ടായിക്ക് ഒന്നാം സമ്മാനവും, ആലീസുകുട്ടിക്കു രണ്ടാം സമ്മാനവും സ്ഥിരം സംവിധാനമായിരുന്നു.

ചേട്ടായി ഒന്‍‌പതിലെത്തിയപ്പോള്‍ ആലീസുകുട്ടി എട്ടിലെത്തി. ആയിടയ്ക്ക്, ആലീസുകുട്ടിയേയും, ചേട്ടായിയേയും ഒരു ജില്ലാതലപ്രസംഗമത്സരത്തിനയക്കാന്‍ സ്‌കൂളധികൃതര്‍ തീരുമാനിച്ചു. മത്സരത്തില്‍ പതിവുപോലെ ആലീസുകുട്ടി ആവേശപൂര്‍വ്വം പങ്കെടുത്തു പ്രസംഗിച്ചു. ചേട്ടായിയും പ്രസംഗിച്ചു തകര്‍ത്തു. റിസള്‍ട്ട് വന്നു. ആലീസുകുട്ടിക്ക് ഒന്നാം സമ്മാനം. ചേട്ടായിക്ക് സമ്മാനമില്ല. ആലീസുകുട്ടി ഒരു നിമിഷം അമ്പരപ്പോടെ നിന്നു. ആ വട്ടമുഖം വീര്‍ത്ത് വീര്‍ത്ത് വന്നു. പിന്നെ, ഒറ്റക്കരച്ചില്‍ ! ചുമ്മാ ചിണുങ്ങിക്കരച്ചിലല്ല. വായ വക്രിപ്പിച്ച്, കണ്ണീരൊലിപ്പിച്ച്, മൂക്കൊലിപ്പിച്ച്, ഉറക്കെയൊരു കരച്ചില്‍ ! സംഘാടകര്‍ ഞെട്ടിപ്പോയി. അവരിലൊരാള്‍ ഓടിവന്ന്, ആലീസുകുട്ടിയെ ചേര്‍ത്തുപിടിച്ചു ചോദിച്ചു,
“ എന്താ മോളേ, എന്താ പറ്റിയത്?.. സമ്മാനം മോള്‍ക്കു തന്നെയാ..പിന്നെന്തിനാ കരയുന്നെ?”
അമ്മച്ചിയും പേടിച്ചു.
“നീയെന്തിനാ കരേണെ? കാര്യം പറ..വെശ്‌ക്കണൊണ്ടോ?”
ആലീസുകുട്ടി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു , “എനിക്കീ സമ്മാനം വേണ്ട”
സംഘാടകര്‍ വീണ്ടും ഞെട്ടി. ഇത്രയും ചെറുപ്പത്തിലേ തന്നെ ഒരു അവാര്‍ഡ് നിരസനത്തിനുള്ള ധൈര്യമോ?!

കണ്ണുനീര്‍ തുടച്ചുകൊണ്ട് ആലീസുകുട്ടി തലയുയര്‍ത്തി പ്രഖ്യാപിച്ചു,
“ എനിക്കു സമ്മാനം വേണ്ട. ഒന്നാം സമ്മാനം ചേട്ടായിക്കു കൊടുത്താല്‍ മതി.”
സംഘാടകര്‍ പൊട്ടിച്ചിരിച്ചു. അമ്മച്ചിയും ചേട്ടായിയും ചിരിച്ചു. ചേട്ടായി ആലീസുകുട്ടിയുടെ കയ്യില്‍പ്പിടിച്ചുകൊണ്ട് പറഞ്ഞു,
“അയ്യേ.. കരയല്ലേ.. ദേ, എല്ലാരും നോക്കണ്..”
അഭിമാനത്തോടെ അതു പറയുമ്പോള്‍ ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
(ഇതെഴുതുമ്പോഴും ആലീസുകുട്ടിയ്ക്ക് കരച്ചില്‍ വരുന്നല്ലോ !)

Comments

നല്ല ഓര്‍മ്മക്കുറിപ്പ്‌.
Alexis said…
Nice one...nice narration and beautiful writing. Some of the one liners are excellent.
അലി said…
ആലീസുകുട്ടീ...
“അയ്യേ.. കരയല്ലേ.. ദേ, എല്ലാരും നോക്കണ്..”
ചേട്ടായിയുമായുള്ള സ്നേഹത്തിന്റെ ആഴം വരികളില്‍ തെളിയുന്നു.
നന്നായി എഴുതി.
ഭാവുകങ്ങള്‍ നേരുന്നു.
കൊള്ളാം ചേച്ചി.
നന്നായിട്ടുണ്ട്...

ഉപാസന ആദ്യമായാണിവിടെ.
സ്വാഗതം
:)
ഉപാസന
Murali K Menon said…
നാട്ടില്‍ വന്നീട്ട് വായിച്ച നാലാമത്തെ പോസ്റ്റ്. ഇഷ്ടപ്പെട്ടു.
ചന്ദ്രകാന്തം :സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം. നന്ദി.
അലക്സിസ്: :) ഇനിയുമെഴുതാം.
അലി: ശരിയാണ്. ആ സ്നേഹത്തിന്റെ ആഴം എനിക്കിനിയും അളന്നു തീര്‍ക്കാന്‍‍ കഴിഞ്ഞിട്ടില്ല. നല്ല വാക്കുകള്‍ക്ക് നന്ദി.
വഴിപോക്കന്‍ : ഞാനെഴുതുന്നത് ശ്രദ്ധിക്കുന്നു എന്നതറിയുന്നതു തന്നെ എനിക്കിനിയും എഴുതാനുള്ള പ്രേരണയാകുന്നു. നന്ദി.
ഉപാസന: വന്നതിന്, നല്ല വാക്കുകള്‍ക്ക്, ഒരുപാട് നന്ദി.
മുരളിമേനോന്‍ : ഒരുപാട് നന്ദി. പ്രത്യേകിച്ച്, ചങ്ങാതിക്കൂട്ടത്തിലൊരാളായി എന്നെയും കരുതുന്നതിന്.
ശ്രീ said…
ചേച്ചീ...
ഇതു വായിച്ചപ്പോള്‍‌ പോലും എന്റെ കണ്ണ്‌ അറിയാതെ നിറഞ്ഞു പോയല്ലോ. സഹോദര സ്നേഹം ഈ ചുരുങ്ങിയ വാക്കുകളില്‍‌ നിന്നു തന്നെ ഗ്രഹിക്കാന്‍‌ സാധിയ്ക്കുന്നു. ഭാഗ്യമുള്ള ചേട്ടന്‍‌!

ആ ചേട്ടനും ഈ അനുജത്തിയ്ക്കും പ്രത്യേക ആശംസകള്‍‌!

[ ശ്ശൊ! സഹോദരിമാരില്ലാത്തതിന്റെ ദു:ഖം ഇതൊക്കെ വായിയ്ക്കുമ്പോഴാണ്‍ വല്ലാതെ ഫീലു ചെയ്യുന്നത്. :( ]
ശ്രീ: ഒരുപാട് നന്ദി.
ചേട്ടന് ഇപ്പോഴും ഞാന്‍ പഴയ കൊച്ചുകുട്ടി തന്നെ..
ഇപ്പോഴും വലിയ വലിയ ഉപദേശങ്ങളൊക്കെ തരും.
‘ ബസ്സില്‍ കയറുമ്പോ സൂക്ഷിക്കണേ, സൂക്ഷിച്ച് റോഡ് ക്രോസ്സ് ചെയ്യണേ’ എന്നൊക്കെ!

എന്നെ ചേച്ചി എന്നു വിളിച്ചിട്ട്, പിന്നെ സഹോദരിമാര്‍ ഇല്ല എന്ന് പറഞ്ഞത്, സങ്കടമായീട്ടോ. :)
സ്നേഹതീരമേ...

മനസ്സിനുള്ളിലെ മധുരമാമോര്‍മ്മകള്‍ അക്ഷരങ്ങളായ്‌ ഒഴുകുബോല്‍ ആ മനസ്സില്‍ ഉണരുന്ന ആശ്വാസം എത്രമാത്രം കുളിരേക്കുന്നു അല്ലേ...മറക്കാന്‍ കഴിയില്ലാ മധുരനാളുകള്‍...

ആലീസ്‌കുട്ടി കരയല്ലേ...ഇന്ന്‌ ആലീസിന്‌ ഒര്‍ക്കാന്‍..ആ നല്ല നാളുകള്‍ സ്വന്തമായില്ലേ...

മനസ്സില്‍ മായാതെ കിടക്കുന്ന ആ ഒത്തിരി ഒത്തിരി ബാല്യമാം കാവ്യങ്ങള്‍ കാതോര്‍ത്ത്‌...

ചേട്ടായിയുമായുള്ള പിണക്കങ്ങളും...വഴക്കും...വിരുന്നു പോക്കും...വൈകുന്നേരങ്ങളിലെ കളിയും ..കടയിലേക്കുള്ള ഓട്ടവും എല്ലാം എഴുതുക...

ഓര്‍മ്മകളില്‍ തെളിയുന്ന കൊഴിഞ്ഞ നാളുകളെ നോകി സന്തോഷിക്കാം....അതിലുമുണ്ടൊരു അനുഭൂതി.

മനോഹരമായിരിക്കുന്നു രചന....ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു ഈ ഇന്നലകളെ മായ്‌ക്കും പുതുവര്‍ഷപുലരിയില്‍

നന്‍മകള്‍ നേരുന്നു
ശ്രീ said…
ചേച്ചീ...
മറുപടി കണ്ടു, സന്തോഷമായി.

ഈ കുഞ്ഞനിയന്റെ പുതുവത്സരാശംസകള്‍‌!
:)
ദാസ്‌ said…
സ്നേഹമാണഖിലസാരമൂഴിയില്‍...
നന്നായി. സ്നേഹഗാഥകള്‍ ഇനിയും പോരട്ടെ...
shafeek said…
ചേട്ടായി
കുറെ നാളായി ഒരു ബ്ലോഗും ആയി ഇരിക്കുകായആണ് ആരും കയറുന്നില്ല എന്റെ interest എല്ലാം പോയി

ശഫീക്
വൈകിയാണീ പുതുവര്‍ഷാശംസകള്‍

അല്ലെങ്കിലും നന്‍മയുള്ള മനസ്സുകളിലെന്നും പുതുമയുള്ള ദിനങ്ങളാണല്ലോ....പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു
എത്ര സമയമെടുത്താലും സാരമില്ല....സ്നേഹതീരത്തിന്റെ രചന ശൈലിയില്‍ തന്നെ ആവണം...പലരും ചെയ്യുന്ന പോലെ വേഗത കൂടി രചന മോശമാവരുത്‌.... എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു
വളരെ ഇഷ്ടപ്പെട്ട മറ്റൊരു കുറിപ്പ്..
അനുഭവത്തില്‍ നിന്നെഴുതുമ്പോള്‍ വരികള്‍ക്ക് എന്തെന്നില്ലാത്ത ആഴവും ഭാവവും..
നന്നായിരിക്കുന്നു..
ബഷീർ said…
നന്നായിരിക്കുന്നു..നന്‍മകള്‍ നേരുന്നു
നന്നായിരിയ്ക്കുന്നു. നിഷ്കളങ്കമായ അവതരണം..
ഇനിയും പ്രതീക്ഷിയ്ക്കുന്നു..
ബഷീറിനും പൊറാടത്തിനും നന്ദി. എന്റെ പഴയ പോസ്റ്റുകളിലേയ്ക്ക് എത്തിനോക്കാനുള്ള സന്മനസ്സിനും സ്നേഹത്തിനും പ്രത്യേകം നന്ദി പറയുന്നു.
nannayi ezhuthunnu nannayi prasangikkukayum cheyyumo..ippozhum..

snehatheeram ..snehasagaramanallo..

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം