ഗ്രഹണം
മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിലാണതു സംഭവിച്ചത്. എന്റെ മനസ്സ് എന്നോടു പിണങ്ങിയിറങ്ങിപ്പോയി. അരുതെന്നു പറയുവാന്‍ കഴിഞ്ഞില്ല. ജീവിതത്തിലന്നോളം തെറ്റും ശരിയും പറഞ്ഞുതന്നിട്ട്, തളര്‍ന്നു വീണപ്പോഴെല്ലാം താങ്ങായ് നിന്നിട്ട്, ഒരു രാത്രിയില്‍ ഒന്നും പറയാതെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയാല്‍ എന്തു ചെയ്യാന്‍ കഴിയും? നെഞ്ചിനുള്ളില്‍, ഉരുകിത്തിളയ്ക്കുന്ന ലാവ പോലെ നൊമ്പരങ്ങള്‍ ഒഴുകിപ്പടര്‍ന്നപ്പോഴൊക്കെ ‘തളരല്ലേ.. നിനക്കെന്നില്‍ വിശ്വാസമില്ലേ? നോക്ക്, ഈ വേനലിനപ്പുറം ഒരു വിളിപ്പാടകലെ വസന്തമെത്തിനില്‍ക്കുന്നുണ്ട് ‘ എന്ന് കാതില്‍ ചൊല്ലിത്തന്നിട്ട്, പിന്നെ എന്നെ വിട്ടു പോയതെന്തിനാണ്? ആ ഇരുട്ടില്‍ എങ്ങോട്ടാണ് പോവുന്നത് എന്നുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. എന്നോട് പിണങ്ങിത്തന്നെയാവുമോ പോയത്? ഒരു പക്ഷെ, മടുത്തുകാണും. എന്നോടൊപ്പം എന്റെ ദു:ഖങ്ങളേയും പേറി, ഒരുപാടു നാള്‍ കൂടെ നടന്നില്ലേ. ഒരിക്കലെങ്കിലും ചിറകുവിടര്‍ത്തി സ്വതന്ത്രമായൊന്നു പറക്കാന്‍ ശ്രമിച്ചെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? സ്വന്തം ചിറകുകള്‍ മുറിച്ച് സ്വയം കൂട്ടിലടച്ച്, എത്രനാള്‍? മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. പ്രകൃതി തലതല്ലി കരയു...