Posts

Showing posts from October, 2009

നിധി തേടിപ്പോയവർ

നിധി തേടി, ഒരു യാത്ര മണൽക്കാടുകളിലൂടെ ചുട്ടുപഴുത്ത മണൽത്തരികളിൽ ചോരപൊടിയും വിരലുകൾ കൊണ്ടു പരതി, ചുഴലിക്കാറ്റിന്റെ കാതടപ്പിക്കുന്ന ചൂളംവിളികൾ കേൾക്കാതെ മൺ‌തൂണുകൾക്കിടയിലൂടെയിഴഞ്ഞ് നിധി തേടി ഒരു യാത്ര നിധിയങ്ങകലെയൊരു നാട്ടിൽ ഒരു പച്ചമരത്തണലിൽ നോമ്പ് നോറ്റ് കാത്തിരുന്നു പാവം പഥികൻ! ഖനി തേടി ഭൂമി തുരന്നു അപ്പുറമെത്തി, പിന്നെയും തുരന്നു കൊണ്ടേയിരുന്നു മസ്തിഷ്ക്കത്തിനുള്ളിൽ ആരുമന്നോളം എത്തിനോക്കാതെ ഖനി പാഴ്‌നിലമായ് കിടന്നു മൂന്നാം ചുവടു വച്ച്, പിന്നെ നാലാമതൊരു ചുവടു വയ്ക്കാൻ ഇടം തേടി, ഒടുവിൽ നോട്ടമെത്തുന്നത് നക്ഷത്രങ്ങളിൽ പാവം നക്ഷത്രങ്ങൾ ! ഭാവി ഇനിയാരു പറയും! നക്ഷത്രക്കണ്ണുള്ളൊരു കുഞ്ഞുരാജകുമാരി ഹൃദയത്തിലിടവുമായ് വിളിക്കുന്നു കൊച്ചരിപ്പല്ലൊന്നു കാട്ടി അതാരു കാണാൻ ! ........ എല്ലാം നിനക്കുവേണ്ടിയോമനേ ഈ ദീർഘനിശ്വാസം പോലും നിന്റെ കൈകളിൽ തങ്കത്തരിവളകൾ കിലുങ്ങണ്ടേ നിന്റെ വിരലിൽ ചാർത്താൻ നാഗകന്യകൾ കൊതിക്കും മാണിക്യക്കല്ലുമോതിരം വേണ്ടേ ...... എനിക്കൊന്നു നടക്കണം അച്ഛനെന്റെ വിരലൊന്നു പിടിക്ക്വോ ? ...... കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്.