ഒരു നെടുവീര്‍പ്പിനൊടുവില്‍
"കുഞ്ഞ് കരയുന്നതു കേട്ടില്ലേ, നീയ്യ്?" അകത്തെ മുറിയില്‍ ഇടിമുഴങ്ങി. അടുക്കളയിലെന്തോക്കെയോ താഴെ വീണുടഞ്ഞു. വിയര്‍ത്തൊലിച്ച്, സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് അവള്‍ അടുക്കളയില്‍നിന്നോടിവന്നു. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ നോക്കി. “നീയൊന്നുറങ്ങെന്റെ മോനെ.. അമ്മയ്ക്ക് അടുക്കളേലിമ്മിണി പണീണ്ട്..“ ഈണമില്ലാതൊരു താരാട്ട് മൂളി, അവള്‍ തൊട്ടില്‍ വേഗത്തിലാട്ടി.. അയാള്‍ അടുത്തുവന്ന് അവളുടെ മുഖത്തേയ്ക്ക് തറപ്പിച്ചു നോക്കി. " എന്താ നിന്റെ ഉദ്ദേശ്യം? അതിനെ കൊല്ലാനാണോ? തള്ളയാണു പോലും ! " അയാള്‍ അവജ്ഞയോടെ മുഖം തിരിച്ചു.. " ഇങ്ങനൊന്നും പറയല്ലേ..ഞാന്‍ നൊന്തുപെറ്റതല്ലേ ഇവനെ..അതു മറക്കണ്ട." അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. "മിണ്ടരുത്! നൊന്തു പെറ്റു പോലും ! എന്നിട്ടെവിടെ എന്നെ പത്തുമാസം ചുമന്ന് നൊന്തു പെറ്റ തള്ള? എവിടെയോ ഉണ്ടല്ലോ. നീ ഇന്നേവരെ കണ്ടിട്ടുണ്ടോ? കൊല്ലും ഞാന്‍, എന്റെ കണ്മുന്നിലെങ്ങാനും വന്നു പെട്ടാല്‍ കൊല്ലും ഞാന്‍ !" അയാള്‍ പിന്നെയും അലറി. അവള്‍ ഒന്നും മിണ്ടാതെ കുഞ്ഞിനെ എടുത്ത് തോളിലിട്ട് അടുക്കളയിലേക്ക് നടന്നു. അടുപ്പിലെ നനഞ്ഞ വിറക് കത്...