Posts

Showing posts from November, 2008

നിലാവിന്റെ പൊയ്കയില്‍

നിലാവിന്റെ പൊയ്കയില്‍ നീരാടുവാന്‍ വന്നു ആരോരുമറിയാതെ പനിമതിപ്പെണ്‍കൊടി പൊയ്കയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മാറിലെ വെണ്‍‌മേഘച്ചേല ഞൊറിയഴിഞ്ഞു അവളുടെ കവിളിലെ ലജ്ജയിന്നെന്‍ സഖീ, നിന്‍ മിഴിയിണയില്‍ ഞാന്‍ കണ്ടുവല്ലോ അരികില്‍ ഞാനെത്തുമ്പോള്‍ ഓടിയകലും നിന്‍ കൊലുസ്സിന്റെ കൊഞ്ചല്‍ ഞാന്‍ കേട്ടതല്ലേ ഇന്നൊരു പനിനീര്‍പ്പൂ നീട്ടിയ നിന്‍ കൈയില്‍ എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം പനിനീര്‍ദലം തോല്‍ക്കും നിന്‍ പാദം പുണരുന്ന കൊലുസ്സെന്തേ കൊഞ്ചാന്‍ മറന്നുപോയോ? മിഴിയൊന്നുയര്‍ത്തി നീ നോക്കുകിലെന്നോര്‍ത്ത് പിടയും മനസ്സോടെ കാത്തുനില്‍ക്കെ നിൻ‌മിഴിയിണയിലെ പ്രണയമന്നഴകോലും കണ്‍പീലിയാല്‍ നീ മറച്ചതല്ലേ ഇന്നെന്റെ രാധയായ് മെയ് ചേര്‍ന്നുനില്‍ക്കുമ്പോള്‍ നിന്‍ കണ്ണില്‍ മോഹം തുളുമ്പിയല്ലോ.

ഓർക്കാൻ മറന്നുപോയ സ്വപ്നം

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ മനസ്സ് തുറന്നില്ല ഞാൻ പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന് ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ പ്രണയം മനസ്സിൽ തളിർക്കുന്നെന്ന് പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന് മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന് ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ മനസ്സ് തുറന്നില്ല ഞാൻ. ഓ:ടോ: ഈ വരികളൊന്ന് ഈണത്തിൽ പാടിക്കേൾക്കാൻ മോഹം..